വിംബിള്‍ഡണ്‍: ഡൊമിനിക് തീമിന് തോല്‍വി, ഫെഡറര്‍ രണ്ടാം റൗണ്ടില്‍
ലണ്ടന്‍: വിംബിള്‍ഡണ്‍ ടെന്നിസ് ടൂര്‍ണമെന്റില്‍ അട്ടിമറിത്തുടക്കം. പുരുഷ സിംഗിള്‍സില്‍ ലോക നാലാം നമ്പര്‍ താരം ആസ്‌ത്രേലിയയുടെ ഡൊമിനിക് തീമിനെ അമേരിക്കയുടെ സാം ക്യൂറെ പരാജപ്പെടുത്തി. കഴിഞ്ഞ ഫ്രഞ്ച് ഓപ്പണില്‍ റാഫേല്‍ നദാലിനെ ഫൈനലില്‍ വെള്ളം കുടിപ്പിച്ച താരമാണ് ഡൊമിനിക് തീം. തീമിനെ 7-6, 6-7, 3-6, 0-6 എന്ന സ്‌കോറിനാണ് ലോക 68ാം നമ്പര്‍ താരമായ ക്യൂറെ പരാജയപ്പെടുത്തിയത്. മറ്റൊരു മത്സരത്തില്‍ സ്വിസ് താരം റോജര്‍ ഫെഡറര്‍ അനായാസം വിജയിച്ചു. ദക്ഷിണാഫ്രിക്കയുടെ ലോയ്ഡ് ഹാരിസിനോട് ആദ്യ സെറ്റ് 3-6ന് കൈവിട്ടതിന് ശേഷം മികച്ച പ്രകടനം കാഴ്ചവച്ച ഫെഡറര്‍ മത്സരം 6-1, 6-2, 6-2 നാണ് തിരിച്ചുപിടിച്ചത്. ജപ്പാന്റെ കെയ് നിഷികോരി 6-4, 7-6, 6-4 എന്ന സ്‌കോറിന് ബ്രസീലിന്റെ തിയാഗോ മോണ്ടെയ്‌റോയെ തകര്‍ത്ത് രണ്ടാം റൗണ്ടിലെത്തി. വനിതാ സിംഗിള്‍സില്‍ നിലവിലെ വിംബിള്‍ഡണ്‍ ജേതാവും 5ാം സീഡുമായ ജര്‍മനിയുടെ ആഞ്ചലിക് കെര്‍ബര്‍ തന്റെ നാട്ടുകാരിയായ തത്ജാന മരിയയെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി (6-4,6-3). ലോക ഒന്നാം നമ്പറും ഒന്നാം സീഡുമായ നിലവിലെ ഫ്രഞ്ച് ഓപ്പണ്‍ ജേതാവ് ആസ്‌ത്രേലിയന്‍ താരം ആഷ്‌ലൈ ബാര്‍ട്ടി ചൈനയുടെ സെങ് സെയ്‌സെയിയെ 6-4, 6-2ന് തകര്‍ത്ത് രണ്ടാം റൗണ്ടില്‍ കയറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."