ആലപ്പുഴയിലെ നാല് ബ്ലോക്ക് കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കും
തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പശ്ചാത്തലത്തില്‍ ആലപ്പുഴ മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ നാല് ബ്ലോക്ക് കമ്മറ്റികള്‍ പുനഃസംഘടിപ്പിക്കാന്‍ മുതിര്‍ന്ന നേതാക്കളുടെ മൂന്നംഗ സമിതിയെ നിയോഗിക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍.
ആലപ്പുഴയിലെ തോല്‍വി പഠിക്കുന്നതിന് നിയോഗിച്ച കെ.വി തോമസ് അധ്യക്ഷനായ സമിതിയുടെ റിപ്പോര്‍ട്ട് പൂര്‍ണമായും അംഗീകരിച്ചതായും മുല്ലപ്പള്ളി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ചേര്‍ത്തല, വയലാര്‍, കായംകുളം നോര്‍ത്ത്, കായംകുളം സൗത്ത് ബ്ലോക്ക് കമ്മിറ്റികളെയാണ് പിരിച്ചുവിട്ടത്. ചേര്‍ത്തല, കായംകുളം നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ടതാണ് ഈ ബ്ലോക്ക് കമ്മിറ്റികള്‍.
മുതിര്‍ന്ന നേതാക്കളുടെ മൂന്നംഗ സമിതിയിലെ അംഗങ്ങള്‍ ആരൊക്കെയാണെന്ന് പിന്നീട് തീരുമാനിക്കും. മണ്ഡലം, ബൂത്ത് തലങ്ങളില്‍ കൂടി അഴിച്ചുപണി വേണോയെന്ന് ഈ സമിതി തീരുമാനിക്കും. രണ്ടാഴ്ചക്കുള്ളില്‍ കമ്മിറ്റികളുടെ പുനഃസംഘടന നടക്കും. പൂര്‍ണമായും സമവായത്തിലൂടെ ആയിരിക്കും പുനഃസംഘടന. പാര്‍ട്ടിയുടെ പൂര്‍ണമായ പുനര്‍ജീവനമാണ് ഉദ്ദേശിക്കുന്നത്. ഒന്നും ഒളിച്ചുവയ്ക്കാനില്ല. അന്വേഷണ സമിതിയുടെ ശുപാര്‍ശകള്‍ എല്ലാം നടപ്പാക്കും. ജില്ലയിലെ പ്രമുഖ നേതാക്കളുടെ പേരുകള്‍ പരാജയവുമായി ബന്ധപ്പെട്ട് വലിച്ചിഴച്ചു. എന്നാല്‍, നേതാക്കളുടെ പ്രവര്‍ത്തനരീതിയില്‍ കെ.പി.സി.സി പ്രസിഡന്റെന്ന നിലയില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തന സമയത്തുതന്നെ സംതൃപ്തിയുണ്ടായിരുന്നുവെന്ന് മുല്ലപ്പള്ളി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."