അഞ്ചു സുപ്രധാന പ്രഖ്യാപനത്തോടെ അറബ്, ഇസ്‌ലാമിക്, അമേരിക്കന്‍ ഉച്ചകോടിക്ക് സമാപനം
റിയാദ്: ഏറെ പ്രാധ്യാനം വിളിച്ചോതിയ അറബ്, ഇസ്‌ലാമിക്,അമേരിക്കന്‍ ഉച്ചകോടിക്ക് റിയാദില്‍ സമാപനം.
ഭീകരവാദത്തിനെതിരെയും ഛിദ്രശക്തികള്‍ക്കെതിരേയും ശക്തമായ സഹകരണ പ്രഖ്യാപനം നടത്തിയാണ് സമ്മേളനം സമാപിച്ചത്.
ഭീകരവാദ വിരുദ്ധ പോരാട്ടം ശക്തിപ്പെടുത്തുക, മതങ്ങള്‍ക്കും ജനവിഭാഗങ്ങള്‍ക്കുമിടയില്‍ സഹിഷ്ണുത വര്‍ധിപ്പിക്കുക, അതിര്‍ത്തികള്‍ സംരക്ഷിക്കുകയും കടല്‍ക്കൊള്ളയ്ക്കു തടയിടുക, മേഖലാ രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നതിന് ഇറാന് പ്രേരണയാകുന്ന മദ്ഹബി പക്ഷപാതിത്വങ്ങളെ അപലപിക്കുക എന്നിവയടക്കം സുപ്രധാനമായ പ്രഖ്യാപനത്തോടെയാണ് റിയാദ് സമ്മേളനം അവസാനിച്ചത്.
ലോകത്തെ വിവിധ ഭാഗങ്ങളിലുള്ള ഇസ്‌ലാമിക രാജ്യങ്ങളില്‍നിന്നുള്ള 55 രാഷ്ട്രതലവന്മാരെ സാക്ഷി നിര്‍ത്തിയാണ് സഊദി ഭരണാധികാരിയും ഡൊണാള്‍ഡ് ട്രംപും ചരിത്ര പ്രഖ്യാപനങ്ങള്‍ നടത്തിയത്. മേഖലയുടെ സുരക്ഷക്കായി അടുത്ത വര്‍ഷത്തോടെ മധ്യപൗരസ്ത്യ സൈനിക സഖ്യം ിലവില്‍ വരുമെന്ന പ്രഖ്യാപനമാണ് ഏറെ പ്രാധാന്യമുള്ളത്.
34,000 ഭടന്മാരുള്ള സൈന്യത്തിനു രൂപം നല്‍കാനും ഉച്ചകോടിയില്‍ ധാരണയായി. അംഗരാഷ്ട്രങ്ങള്‍ അന്താരാഷ്ട്ര കരാറുകളും നയതന്ത്ര മര്യാദകളും പാലിച്ചിരിക്കണം. തീവ്രവാദത്തിന് ധനസഹായം നല്‍കുന്നതു തടയാന്‍ റിയാദ് ആസ്ഥാനമായി പ്രത്യേക കേന്ദ്രത്തിനു രൂപം നല്‍കും. യുവാക്കള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കണമെന്നും സുരക്ഷ പ്രവര്‍ത്തനങ്ങളില്‍ അവരെ പങ്കാളികളാക്കണമെന്നും ഉച്ചകോടിയില്‍ പ്രഖ്യാപിച്ചു.
സഊദി തലസ്ഥാന നഗരിയില്‍ ഭീകരവിരുദ്ധ ഡിജിറ്റല്‍ കേന്ദ്രവും തുറക്കുന്നുണ്ട്. ആധുനിക കാലത്തെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ എളുപ്പത്തില്‍ തുരത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇത് ആരംഭിക്കുന്നത്. ഭീകരാക്രമണങ്ങളുടെ ഇരകളില്‍ 95 ശതമാനവും മുസ്‌ലിംകളാണെന്നും ഭീകരത പ്രചരിപ്പിക്കുന്നവരുടെ അന്ത്യത്തിനു തുടക്കമാണ് ഈ ഉച്ചകോടിയെന്നും ഡൊണാള്‍ഡ് ട്രംപ് ഉച്ചകോടിയില്‍ വ്യക്തമാക്കി.
റിയാദില്‍ ഭീകരവിരുദ്ധ കേന്ദ്രം തുറക്കാന്‍ മനസ് കാണിച്ച സല്‍മാന്‍ രാജാവിനെ അഭിനന്ദിക്കുകയാണെന്നും ഭീകരവിരുദ്ധ പോരാട്ടം എന്ന ഒറ്റ ലക്ഷ്യത്തോടെ ഒരുമിച്ച് പ്രവര്‍ത്തിക്കാമെന്നും ട്രംപ് പറഞ്ഞു.
രണ്ടു ദിവസത്തെ സഊദി സന്ദര്‍ശനത്തിന് ശേഷം ട്രംപ് തിങ്കളാഴ്ച ഇസ്‌റാഈലില്‍ എത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."