തകര്‍ന്നു കിടക്കുന്ന പറക്കുളം റോഡ്; ആനക്കര പഞ്ചായത്തും പറഞ്ഞു പറ്റിച്ചു
ആനക്കര: തകര്‍ന്നു കിടക്കുന്ന ചേക്കോട് പറക്കുളം റോഡ് ആനക്കര പഞ്ചായത്തും പറഞ്ഞു പറ്റിച്ചു. ഇത്തവണയും മഴക്കുമുമ്പ് പണി നടക്കില്ല. മാസങ്ങള്‍ക്ക് മുമ്പ് ആനക്കര പഞ്ചായത്തില്‍പ്പെട്ട ഭാഗം റീടാറിങ് നടത്താമെന്ന് ആനക്കര പഞ്ചായത്ത് പ്രസിഡന്റ് സിന്ധു രവീന്ദ്രകുമാറും വൈസ് പ്രസിഡന്റ് പി. വേണുഗോപാലനും പറഞ്ഞിരുന്നു. ഇത് ഇപ്പോള്‍ വിഴുങ്ങിയ മട്ടാണ്. ഏത് നിമിഴവും മഴ തുടങ്ങുമെന്നിരിക്കെ ഇത്തവണയും പണി നടത്താതെ നാട്ടുകാരെ പറ്റിക്കുകയായിരുന്നു.
ചേക്കോട് സ്വദേശി ചാത്തയില്‍ ശശി നല്‍കിയ പരാതിയെ തുടര്‍ന്ന് സ്ഥലം സന്ദര്‍ശിച്ച ശേഷമാണ് റോഡിന്റെ ആനക്കര പഞ്ചായത്തില്‍പ്പെട്ട 50 മീറ്ററിലേറെ വരുന്ന ദൂരം റീടാറിങ് നടത്തിതരാമെന്നും ഇതിനാവശ്യമായ ഫണ്ട് നീക്കി വയ്ക്കാന്‍ നടപടി സ്വീകരിക്കുമെന്നും ഉറപ്പ് നല്‍കിയത്. ഈ ഉറപ്പാണ് ഇപ്പോള്‍ പാഴായിപോയത് എന്നാല്‍ ജില്ലാ പഞ്ചായത്ത് റോഡിന്റെ റിടാറിങ്ങിന് പത്ത് ലക്ഷം രൂപ അനുവദിച്ചതാണ് ആനക്കര പഞ്ചായത്ത് റോഡ് പണിക്ക് ഫണ്ട് നീക്കിവെക്കാത്തതിന് കാരണമായതെന്നാണ് പറയുന്നത്. ഇതില്‍ ആരു പറയുന്നതാണ് ശരിയെന്ന് അറിയാതെ നാട്ടുകാരും കഷ്ട്ടത്തിലായി. ഈ റോഡിന്റെ പണിക്ക് ആര് ഫണ്ട് വെച്ചാലും മഴക്ക് മുമ്പ് പണി നടക്കില്ലന്ന് ഉറപ്പായി. കഴിഞ്ഞ ദിവസം പെയ്ത മഴയില്‍ റോഡിലെ വലിയ കുഴികളില്‍ വെള്ളം നിറഞ്ഞ് നില്‍ക്കുകയാണ്.
ആനക്കര, കപ്പൂര്‍ പഞ്ചായത്തുകളില്‍പ്പെട്ട ഈ റോഡിന്റെ ടാറിങ് നടത്തിയിട്ട് പതിറ്റാണ്ടു കഴിഞ്ഞെങ്കിലും ഇതുവരെയും റീടാറിങ് നടത്തിയിട്ടില്ല. ഈ റോഡിലെ ആനക്കര പഞ്ചായത്തില്‍പ്പെട്ട ഭാഗമാണ് ഏറ്റവും കൂടുതല്‍ തകര്‍ന്നിട്ടുള്ളത്.
വര്‍ഷങ്ങളായി ഇരു പഞ്ചായത്തുകളിലും പരാതി നല്‍കിയെങ്കിലും റോഡിന്റെ റീടാറിങ് നടത്താന്‍ തയ്യാറായിരുനില്ല. ഇപ്പോള്‍ ചേക്കോട് പള്ളി, മില്ല് സ്റ്റോപ്പിന് സമീപം എന്നിവിടങ്ങളില്‍ വലിയ കുഴിയാണ് ഉള്ളത്. ഇതിന് പുറമെ റോഡിനിരുവശവും ടാര്‍ അടര്‍ന്ന് പോയ് ആഴത്തിലുള്ള കുഴികളുമായതിനാല്‍ വാഹനം വരുമ്പോള്‍ വഴിയാത്രകാര്‍ക്ക് റോഡില്‍നിന്ന് ഇറങ്ങി നില്‍ക്കാന്‍ പോലും പറ്റാത്ത സ്ഥിതിയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."