മാലിന്യനിര്‍മാര്‍ജനം; വാഴക്കാട് പഞ്ചായത്ത് പദ്ധതി വിജയത്തിലേക്ക്
എടവണ്ണപ്പാറ: മാലിന്യനിര്‍മാര്‍ജനത്തില്‍ ചരിത്രം രചിച്ച് വാഴക്കാട് പഞ്ചായത്ത്. പഞ്ചായത്ത് പരിധിയിലെ വീട് പരിസരം മുതല്‍ പൊതുസ്ഥലങ്ങള്‍ വരെ മാലിന്യമുക്തമാക്കി. 2016 ല്‍ ഗ്രാമം സുന്ദരം, മധുരം ജീവിതം, പ്ലാസ്റ്റിക് മാലിന്യ മുക്ത വാഴക്കാട് എന്ന ആശയവുമായി നടപ്പാക്കിയ പദ്ധതിയുടെ നാലാം ഘട്ടം കഴിഞ്ഞ ദിവസം സമാപിച്ചു. പ്രളയം വന്ന് വാഴക്കാട് പഞ്ചായത്തിലെ ഭൂരിഭാഗ പ്രദേശങ്ങളും വെള്ളത്തിലാവുകയും പാഴ്‌വസ്തുക്കള്‍ അടിഞ്ഞുകൂടുകയും ചെയ്തതോടെ കഴിഞ്ഞ ഏഴിനാണ് നാലാം ഘട്ട നിര്‍മാര്‍ജന പദ്ധതിക്ക് തുടക്കമായത്.
ജനപ്രതിനിധികള്‍, ആരോഗ്യവകുപ്പ്, രാഷ്ട്രീയ സാംസ്‌കാരിക, ക്ലബ്, ആരോഗ്യ പ്രവര്‍ത്തകര്‍, കുടുംബശ്രീ, ആശ, മാധ്യമ, വ്യാപാരി വ്യവസായി പ്രവര്‍ത്തകര്‍ , വിദ്യാഭ്യാസ സ്ഥാപന മേധാവികള്‍, മത സംഘടന രംഗത്തുള്ള സമുന്നത വ്യക്തിത്വങ്ങള്‍, വിദ്യാര്‍ഥികള്‍ തുടങ്ങി മുഴുവന്‍ ജനങ്ങളും കൈകോര്‍ത്ത് വാര്‍ഡുകള്‍ കേന്ദ്രീകരിച്ചു പ്രവര്‍ത്തനം നടത്തിയാണ് പദ്ധതിയെ വിജയിച്ചത്. പഞ്ചായത്ത് ശുചിത്വ കമ്മറ്റിയുടെ നേതൃത്വത്തില്‍ വ്യാപകമായ പ്രചാരണ പ്രവര്‍ത്തനങ്ങളും ഇതിനായി സംവിധാനിച്ചിരുന്നു. നാലാം ഘട്ടം കഴിഞ്ഞദിവസം സമാപിച്ചതോടെ ഏകദേശം 200 ടണ്‍ പാഴ് വസ്തുക്കളാണ് 35 ലോഡുകളിലായി റീ സൈക്ലിങ് യൂണിറ്റിലേക്ക് കയറ്റി അയക്കാനായത്.
ക്ലീന്‍ കേരള ചുമതലപ്പെടുത്തിയത് പ്രകാരം നിറവ് സീറോ വേസ്റ്റ് കമ്പനിയാണ് നാലാം ഘട്ടത്തിലെ മാലിന്യങ്ങള്‍ കൊണ്ടുപോയത്. ഇതോടെ പഞ്ചായത്തിന് മാലിന്യങ്ങള്‍ കയറ്റിയയക്കാന്‍ സാമ്പത്തിക ചിലവ് വന്നില്ല. പദ്ധതി വിജയമായതോടെ ഇനിയും മുന്നോട്ട് പോകാനാണ് പഞ്ചായത്ത് തീരുമാനം.
വീടുകളിലേയും കച്ചവട സ്ഥാപനങ്ങളിലേയും പ്ലാസ്റ്റിക് വസ്തുക്കള്‍ സൂക്ഷിച്ചു വെക്കാന്‍ അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത് അഞ്ചാം ഘട്ടത്തില്‍ കൊണ്ടുപോകും. നാലാം ഘട്ടത്തില്‍ ശേഖരിച്ച മാലിന്യങ്ങള്‍ കൊണ്ടുപോകുന്ന അവസാന വാഹനത്തിന്റെ ഫ്‌ളാഗ് ഓഫ് വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് ഹാജറുമ്മ നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ് ജൈസല്‍ എളമരം, ആരോഗ്യ സ്ഥിരംസമിതി ചെയര്‍പേഴ്‌സണ്‍ പി.ശ്രീമതി, വാര്‍ഡ് മെമ്പര്‍മാരായ അഷ്‌റഫ് കോറോത്ത്, കെ സുരേഷ് കുമാര്‍ എന്നിവര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."