ഹിമദാസിന് സ്വര്‍ണം
ന്യൂഡല്‍ഹി: പോളണ്ടില്‍ നടക്കുന്ന പോസ്നാന് അത്ലറ്റിക്സ് ഗ്രാന്‍ഡ് പ്രിക്സില്‍ സ്വര്‍ണം നേടി ഇന്ത്യന്‍ താരം ഹിമദാസ്. വനിതാ വിഭാഗം 200 മീറ്ററിലാണ് ഹിമ സ്വര്‍ണം നേടിയത്. 400 മീറ്ററില്‍ ലോക ജൂനിയര്‍ ചാംപ്യനായ ഹിമ 23.65 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്താണ് സ്വര്‍ണം നേടിയത്. ഇതേ ഇനത്തില്‍ 23.75 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത മലയാളി താരം വി.കെ വിസ്മയ മൂന്നാം സ്ഥാനം നേടി. തന്റെ ഏറ്റവും മികച്ച സമയത്തോടെയാണ് വിസ്മയ മൂന്നാമതെത്തിയത്.
ഷോട്ട്പുട്ടില്‍ ഇന്ത്യന്‍ താരം തജീന്ദര്‍ പാല് സിങ് വെങ്കല മെഡല്‍ സ്വന്തമാക്കി. 19.62 മീറ്റര്‍ എറിഞ്ഞിട്ടാണ് തജീന്ദര്‍ വെങ്കലം നേടിയത്. കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ താരം 20.75 മീറ്റര്‍ എറിഞ്ഞ് സ്വര്‍ണം നേടിയിരുന്നു. 200 മീറ്റര്‍ പുരുഷ വിഭാഗത്തില്‍ മലയാളി താരം മുഹമ്മദ് അനസിന് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു. 20.75 സെക്കന്‍ഡിലാണ് അനസ് ഫിനിഷ് ചെയ്തത്. 400 മീറ്റര്‍ പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ താരം കെ.എസ് ജീവന് 47.25 സെക്കന്‍ഡില്‍ മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഇതേ ഇനത്തില്‍ മലയാളി താരം കുഞ്ഞുമുഹമ്മദ് അഞ്ചാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത് (47.48).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."