കെ.ഐ.സി ഭാരവാഹികള്‍ ഇന്ത്യന്‍ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി
കുവൈത്ത് സിറ്റി : കുവൈത്ത് കേരള ഇസ്ലാമിക് കൗണ്‍സില്‍ കേന്ദ്ര കമ്മിറ്റി ഭാരവാഹികള്‍ കുവൈത്തിലെ ഇന്ത്യന്‍ അംബാസിഡര്‍ ശ്രീഃ സിബി ജോര്‍ജുമായി കൂടിക്കാഴ്ച നടത്തി.
പ്രവാസി സമൂഹം നേരിടുന്ന പ്രതിസന്ധികള്‍ ഔദ്യോഗിക തലങ്ങളില്‍ ഉയര്‍ത്തിക്കൊണ്ടുവന്ന് പരിഹാര മാര്‍ഗ്ഗങ്ങള്‍ തേടുന്നതില്‍ പ്രവാസി സംഘടനകള്‍ക്ക് വലിയ പങ്കുണ്ടെന്നും, അത്തരം ഇടപെടലുകളില്‍ ഇന്ത്യന്‍ എംബസ്സിയുടെ എല്ലാ പിന്തുണയുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
എംബസ്സിയിലെ എല്ലാ സേവനങ്ങളും കാര്യക്ഷമമാക്കാനുളള നടപടികള്‍ കൈക്കൊണ്ടതായും, പൊതുമാപ്പ് ലഭ്യമാക്കാനുളള ഔദ്യോഗിക തലത്തിലുളള ശ്രമങ്ങള്‍ ഫലം കണ്ടു വരുന്നതായും അദ്ദേഹം അറിയിച്ചു.
തൊഴില്‍ ചൂഷണത്തിന് വിധേയരാവുന്നവരുടെയും, തൊഴിലിടങ്ങളിലെയും പ്രശ്നപരിഹാരങ്ങള്‍ക്കും,
തൊഴിലന്വേഷകര്‍ക്ക് സഹായകരമാകുന്ന പദ്ധതികള്‍ക്കും സാധ്യമാകുന്ന എല്ലാ സഹകരണവും അദ്ദേഹം വാഗ്ദാനം ചെയ്തു.
പ്രവാസികളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഇന്ത്യന്‍ എംബസ്സിയുടെ ക്രിയാത്മകമായ ഇടപെടലുകളില്‍ സംഘടനയുടെ അഭിനന്ദനവും, കൃതഞ്ജതയും അറിയിക്കുകയും, കെ.ഐ.സി യുടെ സന്നദ്ധ സേവന വിഭാഗമായ വിഖായ വളന്റിയര്‍മാരുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്താനുള്ള സന്നദ്ധത പ്രകടിപ്പിക്കുകയും ചെയ്തു.
പ്രസ്തുത കൂടിക്കാഴ്ചയില്‍ കെ.ഐ.സി ചെയര്‍മാന്‍ ഉസ്താദ് ശംസുദ്ദീൻ ഫൈസി എടയാറ്റൂർ,
പ്രസിഡണ്ട് അബ്ദുല്‍ ഗഫൂര്‍ ഫൈസി പൊന്‍മള,
ജ.സെക്രട്ടറി സൈനുല്‍ ആബിദ് ഫൈസി, ട്രഷറര്‍ ഇ.എസ് അബ്ദുറഹ്മാന്‍ ഹാജി, വൈസ് പ്രസിഡണ്ട് ഇല്ല്യാസ് മൗലവി, സെക്രട്ടറി നിസാര്‍ അലങ്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."