ഭിന്നശേഷിക്കാരോടും ക്രൂരത; സ്‌കോളര്‍ഷിപ്പ് വെട്ടിക്കുറച്ചു
തിരുവനന്തപുരം: കൊവിഡിന്റെ പേരില്‍ ഭിന്നശേഷിക്കാരിലെ അതിതീവ്ര വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥികള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് തുക സര്‍ക്കാര്‍ വെട്ടിക്കുറച്ചു. ഈ കുട്ടികള്‍ക്ക് സ്‌കൂളുകളില്‍ പോകാന്‍ യാത്രാബത്ത എന്ന നിലയില്‍ അനുവദിച്ചിരുന്ന 12,000 രൂപ നല്‍കേണ്ടെന്നാണു തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദേശം. ദയാരഹിതമായ ഈ നടപടിക്കെതിരേ വ്യാപക പ്രതിഷേധമാണുയരുന്നത്.
വെട്ടിക്കുറച്ചതോടെ വാര്‍ഷിക സ്‌കോളര്‍ഷിപ്പ് തുക 28,500 രൂപയില്‍നിന്ന് 16,500 ആയി കുറഞ്ഞു. യൂനിഫോം അലവന്‍സായ 1,500 രൂപ വെട്ടിക്കുറയ്ക്കാന്‍ നീക്കമുണ്ട്. സ്‌കൂള്‍ അടച്ചതിനാല്‍ യാത്രാബത്തയൊന്നും വേണ്ടെന്നാണ് സര്‍ക്കാര്‍ നിലപാട്.
ഓട്ടിസം, സെറിബ്രല്‍ പാള്‍സി, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റി തുടങ്ങിയവയുള്ള വിദ്യാര്‍ഥികള്‍ക്ക് തദ്ദേശ സ്ഥാപനങ്ങള്‍ വഴിയാണ് സ്‌കോളര്‍ഷിപ്പ് നല്‍കുന്നത്. മാസം 1,000 രൂപയാണ് യാത്രാബത്ത. കൊവിഡിനെത്തുടര്‍ന്ന് സ്‌കൂളുകള്‍ അടച്ചതിനാല്‍ ഈ തുക നല്‍കേണ്ടെന്നാണ് വികേന്ദ്രീകൃതാസൂത്രണ സംസ്ഥാനതല കോ- ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ തീരുമാനം. സ്‌കോളര്‍ഷിപ്പ് നല്‍കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്കു സര്‍ക്കാര്‍ തുക അനുവദിച്ച ശേഷമാണു വെട്ടിക്കുറയ്ക്കാന്‍ നിര്‍ദേശം നല്‍കിയത്.
സ്‌കൂളുകള്‍ അടച്ചതോടെ ഇങ്ങനെയുള്ള കുട്ടികളെ നോക്കാന്‍ വേണ്ടി പല രക്ഷിതാക്കളും ജോലിക്കു പോകാതിരിക്കുമ്പോഴാണ് സര്‍ക്കാരിന്റെ ഈ നടപടി. ഓണ്‍ലൈന്‍ പഠനത്തിന് അധികച്ചെലവ് വരുന്ന സാഹചര്യവും പരിഗണിക്കപ്പെട്ടില്ല. ഭിന്നശേഷി വിദ്യാര്‍ഥികളെ പരിചരിക്കാന്‍ സാമൂഹിക നീതി വകുപ്പ് പ്രതിമാസം നല്‍കിയിരുന്ന 600 രൂപം മുടങ്ങിയിട്ട് രണ്ടു വര്‍ഷമായി. ആശ്വാസകിരണം എന്ന പേരില്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയാണ് മുടങ്ങിക്കിടക്കുന്നത്. 2019 മെയ് മുതല്‍ ഈ പദ്ധതിപ്രകാരം ഒരു രൂപ പോലും വിതരണം ചെയ്തിട്ടില്ല. ഇതിനിടെയാണ് സ്‌കോളര്‍ഷിപ്പ് തുകയും വെട്ടിക്കുറച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."