സുല്‍ത്താന്‍ ബത്തേരി നഗരസഭ; ലൈഫ് മിഷന്‍ പദ്ധതിക്ക് തുടക്കമായി
സുല്‍ത്താന്‍ ബത്തേരി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും നഗരസഭയുടെയും സഹായത്തോടെ ബത്തേരിയില്‍ നടപ്പിലാക്കുന്ന ലൈഫ് മിഷന്‍ പദ്ധതിക്ക് തുടക്കമായി. പദ്ധതിയുടെ ഭാഗമായി സ്വന്തമായി വീടും സ്ഥലവുമില്ലാത്തവര്‍ക്ക് ഫ്‌ളാറ്റ് സമുച്ചയം നിര്‍മിക്കുന്ന ചെതലയത്തെ സ്ഥലം ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി പ്രോജക്ട് സി.ഇ.ഒ ബി നീനയുടെ നേതൃത്വത്തിലുള്ള സംഘം സന്ദര്‍ശിച്ചു.
ആദ്യഘട്ടത്തില്‍ ഒരു നിലയില്‍ എട്ട് കുടുംബങ്ങള്‍ക്ക് താമസിക്കാവുന്ന രീതിയിലുള്ള നാല് നില കെട്ടിടമാണ് നിര്‍മിക്കുന്നത്. നഗരസഭാ പരിധിയിലെ ഭൂ-ഭവന രഹിതരായ 32 കുടുംബങ്ങളെയാണ് പദ്ധതിയിലൂടെ പുനരധിവസിപ്പിക്കുന്നത്.
ചെതലയത്ത് റവന്യൂ വകുപ്പ് വിട്ടുനല്‍കിയ അമ്പത് സെന്റ് സ്ഥലത്താണ് ഫ്‌ളാറ്റ് സമുച്ചയം നിര്‍മിക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നത്. സംസ്ഥാന സര്‍ക്കാരാണ് ഊരാളുങ്കല്‍ സൊസൈറ്റിയെ ഈ പ്രവര്‍ത്തിയുടെ നിര്‍മാണ ചുമതല ഏല്‍പ്പിച്ചിട്ടുള്ളത്.
ആറ് മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തീകരിച്ച് കേരളപിറവി ദിനത്തില്‍ ഗുണഭോക്താക്കള്‍ക്ക് താക്കോല്‍ കൈമാറ്റം ചെയ്യുന്ന രീതിയിലാണ് ഇതിന്റെ പ്രവൃത്തി നടപ്പിലാക്കുന്നത്.
ഘട്ടംഘട്ടമായി ഭവനരഹിതരായ മുഴുവന്‍ ആളുകള്‍ക്കും ഇതേ രീതിയിലുള്ള കെട്ടിടസമുച്ചയത്തില്‍ താമസമൊരുക്കാനാണ് നഗരസഭ ലക്ഷ്യവെക്കുന്നത്. നഗരസഭാ ചെയര്‍മാന്‍ സി.കെ സഹദേവന്‍, വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.എല്‍ സാബു, കിടങ്ങനാട് വില്ലേജ് ഓഫിസര്‍ സി.ജെ ബെനഡിക്റ്റ്, നഗരസഭ അസി. എന്‍ജിനീയര്‍ മുനവര്‍ അലി, സര്‍വേയര്‍ സി.ജെ. റിജോബ്, കെ ഹരിഹരന്‍ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."