ഹൈക്കോടതിയില്‍ തീര്‍പ്പാകാനിരിക്കെ വഴിത്തിരിവ്; മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ് വൈകും
കൊച്ചി: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ് തീര്‍പ്പാകാനിരിക്കെ വഴിത്തിരിവ്. കേസ് പിന്‍വലിക്കാന്‍ തയ്യാറായ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനില്‍ നിന്ന്, കോടതി ചെലവ് ഈടാക്കണമെന്ന ഹരജി കോടതിയില്‍ എത്തിയതോടെയാണ് വീണ്ടും അനിശ്ചിതാവസ്ഥയിലായത്.
അന്തരിച്ച മഞ്ചേശ്വരം എം.എല്‍.എ പി.ബി അബ്ദുറസാഖിന്റെ അവകാശികളാണ് സുരേന്ദ്രനില്‍ നിന്ന് കോടതി ചെലവ് ഈടാക്കണമെന്ന ആവശ്യമുന്നയിച്ചത്. എന്നാല്‍ കെ സുരേന്ദ്രന്റെ അഭിഭാഷകന് ഈ ആവശ്യം തള്ളി. കോടതി ചെലവ് നല്കി കേസ് പിന്‍വലിക്കാന്‍ തയ്യാറല്ലെന്ന് അദ്ദേഹം കോടതിയെ അറിയിച്ചു. ഹരജിക്കാരന്റെ പിഴവ് കൊണ്ടല്ല അല്ല മറിച്ച് സാക്ഷികളെ ഹാജരാക്കാനാവാത്ത സാഹചര്യത്തിലാണ് ഹരജി പിന്‍വലിക്കാന്‍ അപേക്ഷ നല്‍കിയതെന്ന് അഭിഭാഷകന് ചൂണ്ടിക്കാട്ടി.
സാക്ഷികള്‍ക്ക് സമന്‍സ് നല്കാന് പോലും നല്കാന് കഴിയാത്ത അവസ്ഥയാണ്. നിലവിലെ സാഹചര്യത്തില്‍ ഹരജിയിലെ നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാന്‍ തയ്യാറാണെന്നും സുരേന്ദ്രന് കോടതിയെ അറിയിച്ചു.
ഇതോടെ, കോടതി ചെലവ് ഈടാക്കുന്നതുമായി ബന്ധപ്പെട്ട ആവശ്യത്തില്‍ വിശദമായ വാദം കേള്‍ക്കാന്‍ കേസ് 18 ലേക്ക് മാറ്റി. കോടതി ചെലവ് എന്ന ആവശ്യത്തില്‍ എതിര്‍ഭാഗം ഉറച്ചുനിന്നാല്‍ ഹരജിയിലെ നടപടിക്രമങ്ങള്‍ വീണ്ടും തുടരേണ്ടിവരും. ഇതോടെ, മഞ്ചേശ്വരത്തെ ഉപതെരഞ്ഞെടുപ്പ് ഇനിയും വൈകാനാണ് സാധ്യത. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച എം.എല്‍.എമാര്‍ രാജിവച്ച ഒഴിവില്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, അതിനൊപ്പം മഞ്ചേശ്വരവും നടക്കുമെന്നായിരുന്ന കണക്കുകൂട്ടിയിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."