സഊദി 40 ഡോളറിന് ടൂറിസ്റ്റ് വിസ അനുവദിക്കുന്നു
റിയാദ്: വിദേശങ്ങളിലെ സഊദി എംബസികള്‍ വഴി 40 ഡോളര്‍ ഫീ ഈടാക്കി ടൂറിസ്റ്റ് വിസകള്‍ അനുവദിക്കുന്ന കാര്യം പഠിക്കുന്നതായി ടൂറിസം, ദേശീയ പൈതൃക വകുപ്പ് മേധാവി സുല്‍ത്താന്‍ ബിന്‍ സല്മാന് രാജകുമാരന് അറിയിച്ചു. നിലവില്‍ സഊദിയിലേക്കുള്ള ഏതു വിസക്കും 2,000 റിയാലാണ് ഫീസ്. ഭീമമായ ഫീസ് വിനോദ സഞ്ചാരികളെ രാജ്യത്തുനിന്ന് അകറ്റിനിര്ത്തുന്നതായുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം. വേനലവധിക്കാലത്തിനു ശേഷം പഠനം പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്.
തുറന്ന വിനോദസഞ്ചാര നയം ആരംഭിക്കുന്നതിന് സഊദി അറേബ്യ ആഗ്രഹിക്കുന്നില്ല. അടുത്ത കാലത്ത് സഊദിയില്‍ വിനോദസഞ്ചാര വ്യവസായ മേഖലയിലെ വര്‍ധിച്ച ആവശ്യം കണക്കിലെടുത്താണ് പുതിയ ടൂറിസ്റ്റ് വിസ സമ്പ്രദായം നടപ്പാക്കുന്നത്. മണല്കൂനകള്, കടല്തീരങ്ങള്, ദ്വീപുകളും പവിഴപ്പുറ്റുകളും കൊണ്ടു സമ്പന്നമായ ചെങ്കടല്‍, മദായിന്‍ സ്വാലിഹ്, അല്‍ഉല തുടങ്ങി വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന നിരവധി കേന്ദ്രങ്ങള്‍ രാജ്യത്തുണ്ടെന്നും സുല്‍ത്താന്‍ ബിന്‍ സല്മാന് രാജകുമാരന് പറഞ്ഞു.
വിനോദ സഞ്ചാര പദ്ധതികള്‍ക്ക് പലിശരഹിത വായ്പ നല്‍കുന്നതിന് 280 കോടി റിയാലിന്റെ പദ്ധതിക്ക് അടുത്തിടെ ഉന്നതാധികൃതര്‍ അനുമതി നല്‍കിയിട്ടുണ്ട്. പദ്ധതികള്‍ വിപുലീകരിച്ച് 2030ല്‍ ഹജ്ജ്, ഉംറ തീര്‍ഥാടകരുടെ എണ്ണം മൂന്ന് കോടിയായി ഉയര്‍ത്താനാണ് സഊദി ലക്ഷ്യമിടുന്നത്.
നിലവില്‍ പ്രതിവര്‍ഷം 80 ലക്ഷം ഹജ്ജ്, ഉംറ തീര്‍ഥാടകരാണ് പുണ്യഭൂമിയില്‍ എത്തുന്നത്. ഉയര്‍ന്ന സേവനനിരക്കുകളാണ് ടൂറിസം മേഖലയുടെ വളര്‍ച്ചക്ക് പ്രധാന വെല്ലുവിളി. നിരക്കുവര്‍ധനവ് വിദേശങ്ങളിലേക്ക് സഊദിയില്‍നിന്ന് അധിക പേരെയും അകറ്റുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."