ഡര്‍ബിയോട് തോല്‍വി; മാഞ്ചസ്റ്റര്‍ പുറത്ത്
ലണ്ടന്‍: ഡര്‍ബി കൗണ്ടിയോട് സ്വന്തം കാണികള്‍ക്ക് മുന്നില്‍ പരാജയപ്പെട്ട് ഇംഗ്ലിഷ് വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഇംഗ്ലിഷ് ലീഗ് കപ്പില്‍നിന്ന് പുറത്തായി. മുഴുവന്‍ സമയത്ത് 2-2 എന്ന നിലയിലായ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 7-8 എന്ന സ്‌കോറിനായിരുന്നു ഡെര്‍ബി കൗണ്ടിയുടെ ജയം. മൂന്നാം മിനുട്ടില്‍ ജുവാന്‍ മാട്ടയാണ് മാഞ്ചസ്റ്ററിന് വേണ്ടി ആദ്യ ഗോള്‍ നേടിയത്. രണ്ടാം പകുതിക്ക് ശേഷം കൗണ്ടി രണ്ട് ഗോള്‍ തിരിച്ചടിച്ച് ലീഡ് നേടുകയായിരുന്നു.
മത്സരത്തിന്റെ അവസാന മിനുട്ടില്‍ ഫെല്ലൈനിയുടെ ഗോളാണ് മത്സരം സമനിലയിലെത്തിച്ചത്. പിന്നീട് നടന്ന പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് യുനൈറ്റഡിന് പുറത്തേക്കുള്ള വഴി തെളിഞ്ഞത്. 67-ാം മിനുട്ടില്‍ യുനൈറ്റഡ് താരം സെര്‍ജിയോ റൊമേറോക്ക് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്ത് പോകേണ്ടി വന്നു. സ്വന്തം ഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ മൂന്നാമത്തെ മത്സരമാണ് യുനൈറ്റഡ് തോല്‍ക്കുന്നത്. ഫെര്‍ഗൂസന്‍ ക്ലബിന്റെ പടിയിറങ്ങിയതിന് ശേഷം ടീമിന് മികച്ചൊരു നേട്ടമുണ്ടായിട്ടില്ല.
ക്ലബ് അധികൃതരും താരങ്ങളും തമ്മിലുള്ള അഭിപ്രായ വിത്യാസമാണ് യുനൈറ്റഡിനെ തകര്‍ക്കുന്നതെന്ന ആരോപണമുണ്ട്. കഴിഞ്ഞ സീസണ്‍ കാലിയാക്കി അവസാനിപ്പിച്ച മൗറീഞ്ഞോയെ മാറ്റാനും ക്ലബ് തയാറായിട്ടില്ല. കൂടാതെ പുതിയ താരങ്ങളെയൊന്നും ടീമിലെത്തിച്ചിട്ടുമില്ല.
കാലങ്ങളായി യുനൈറ്റഡിന്റെ റൈറ്റ് വിങ്ങില്‍ പരീക്ഷിക്കാന്‍ പറ്റിയ താരങ്ങളില്ലാത്തത് പ്രധാന പ്രശ്‌നമാണ്. ലെഫ്റ്റ് ബാക്കിന്റെ കുറവും യുനൈറ്റഡിന് നന്നായി ഉണ്ടായിരുന്നു. ഇവിടെ പുതിയ താരങ്ങളെ എത്തിച്ചിട്ടും യുനൈറ്റഡ് ക്ലച്ച് പിടിക്കാത്തതില്‍ ഫാന്‍സും കലിപ്പിലാണ്. ടീമിലെ പ്രധാന താരമായ പോള്‍ പോഗ്ബയും മൗറീഞ്ഞോയും അത്ര നല്ല ബന്ധത്തിലല്ല എന്നതും ടീമിന്റെ കെട്ടുറപ്പിനെ ബാധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."