നിയന്ത്രണം തെറ്റിയ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു
പോത്തന്‍കോട്: ഫാര്‍മേഴ്‌സ് ബാങ്കിന് സമീപം അശ്വതി ഹീറോയുടെ ബൈക്ക് ഷോറൂമിന് മുന്നില്‍ നിയന്ത്രണം തെറ്റിയ കാര്‍ എതിരേ വന്ന സ്‌കൂട്ടറിലും പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങളിലും ഇടിച്ചുകയറി ഒരാള്‍ മരിക്കുകയും മൂന്നുപേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
സ്‌കൂട്ടര്‍ യാത്രക്കാരനായ തിരുവനന്തപുരം കരുമം ഇടഗ്രാമം വൈക്കവിള വീട്ടില്‍ മുന്‍ റെയില്‍വേ ഉദ്യോഗസ്ഥനായ ശശിയുടെയും വിജയകുമാരിയുടെയും മകന്‍ ബിജു (34) ആണ് മരിച്ചത്. കാട്ടായിക്കോണം ഭാഗത്തുനിന്നും പോത്തന്‍കോട് ഭാഗത്തേക്ക് പോവുകയായിരുന്ന സ്‌കൂട്ടറില്‍ കോട്ടയം പാലായില്‍ നിന്ന് ക്ഷേത്ര ദര്‍ശനം കഴിഞ്ഞു മടങ്ങിയ തിരുവനന്തപുരം സ്വദേശികളായ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തില്‍പ്പെട്ടത്.
കാറിലെ ഡ്രൈവര്‍ ഉറങ്ങിപോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. ഷോറൂമിന് മുന്നില്‍ പ്രദര്‍ശനത്തിന് വെച്ചിരുന്ന അഞ്ചു ബൈക്കുകള്‍ ഇടിച്ചിട്ട് മുന്നില്‍ സഞ്ചരിച്ചിരുന്ന മൂന്നുബൈക്കുകളില്‍ ഇടിച്ചശേഷമാണ് എതിരെ വന്ന ബിജുവിന്റെ ബൈക്കിനെ ഇടിച്ചുതെറിപ്പിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഉയര്‍ന്നുപൊങ്ങിയ ബിജു, കാറിന്റെ ബോണറ്റില്‍ വീണ് തെറിച്ച് സമീപത്തെ ഓടയില്‍ തലയിടിച്ച് വീഴുകയായിരുന്നു.
തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ബിജുവിനെ ഉടന്‍ തന്നെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരങ്ങള്‍: ബിന്ദു, വിനുകുമാര്‍. മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയില്‍. പോത്തന്‍കോട് പൊലിസ് കേസെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."