വിഷം കലര്‍ന്ന മീന്‍ വില്‍പ്പന പൊടി പൊടിക്കുന്നു; അധികൃതര്‍ മൗനവൃതത്തില്‍
നെയ്യാറ്റിന്‍കര: അതിര്‍ത്തി ചെക്ക് പോസ്റ്റുകള്‍ കടന്ന് അന്യ സംസ്ഥാനങ്ങളില്‍ നിന്നും ടണ്‍ കണക്കിന് വിഷം കലര്‍ന്ന മത്സ്യം ദിനം പ്രതി ജില്ലയില്‍ എത്തിച്ചേരുന്നതായി റിപ്പോര്‍ട്ടുകള്‍. മത്സ്യത്തൊഴിലാളികളുടെ സാമൂഹിക സുരക്ഷയും ഉപഭോക്താക്കളുടെ ആരോഗ്യ സുരക്ഷയും ഉറപ്പാക്കുന്നതിന് വകുപ്പ് മുന്‍ഗണന നല്‍കുമ്പോഴും വിഷം കലര്‍ന്ന മത്സ്യം അന്യ സംസ്ഥാനങ്ങളില്‍ നിന്നും ചെക്ക് പോസ്റ്റുകള്‍ താണ്ടി ജില്ലയിലുടനീളമുള്ള മാര്‍ക്കറ്റുകളില്‍ എത്തിച്ചേരുന്നുണ്ട്. മത്സ്യം കേടുകൂടാതിരിക്കാന്‍ രാസവസ്തുക്കള്‍ ചേര്‍ത്ത് വില്‍പ്പന നടത്തുന്നു എന്ന് ജനം മുറവിളി നടത്തിയിട്ടും ഭക്ഷ്യ സുരക്ഷ വകുപ്പ് അനങ്ങാപ്പാറ നയമാണ് കൈക്കൊള്ളുന്നതെന്നും വ്യാപക പരാതി ഉയരുന്നു.
മൃതദേഹങ്ങള്‍ സംസ്‌കരിക്കാന്‍ ഉപയോഗിക്കുന്ന ഫോര്‍മാലിനില്‍ മുക്കിയ മത്സ്യം ആന്ധ്രയില്‍ നിന്നും വ്യാപകമായി താലൂക്കിലും ജില്ലയിലുടനീളവും എത്തിച്ചേരുന്നു. അടുത്തിടെ അമരവിള ചെക്ക് പോസ്റ്റില്‍ ടണ്‍കണക്കിന് വിഷം കലര്‍ന്ന മത്സ്യം അധികൃതര്‍ പിടികൂടിയിരുന്നു. വിശദമായ പരിശോധനയില്‍ ഒരു കിലോ മത്സ്യത്തില്‍ 4.1 മില്ലി കൊടും വിഷം അടങ്ങിയിരുന്നതായിട്ടാണ് സൂചനകള്‍ ലഭിച്ചത്.
വെള്ളറട, പനച്ചമൂട്, ടി.ബി ജങ്ഷനിലുള്ള പബ്ലിക് മാര്‍ക്കറ്റ്, ബാലരാമപുരം, പ്രാവച്ചമ്പലം, നേമം ശാന്തിവിളയിലുള്ള മത്സ്യ ചന്തകള്‍, പള്ളിച്ചല്‍ പുന്നമൂട് മാര്‍ക്കറ്റ് എന്നിവിടങ്ങളിലും വിഷം കലര്‍ന്ന മത്സ്യം വ്യാപകമായി എത്തിച്ചേരുന്നതായിട്ടാണ് പൊതുജനങ്ങള്‍ക്കിടയില്‍ ആക്ഷേപമുയരുന്നത്. എന്നാല്‍ ഈ മാര്‍ക്കറ്റുകളില്‍ ഒന്നും തന്നെ ഫുഡ് സേഫ്റ്റി വിഭാഗം പരിശോധന നടത്താറില്ലെന്നും പരാതിയുണ്ട്.താലൂക്കിലെ തന്നെ രഹസ്യ ഗോഡൗണുകളില്‍ ആഴ്ചകള്‍ കഴിഞ്ഞ മത്സ്യം അമോണിയ, ഫോര്‍മാലിന്‍ തുടങ്ങി രാസവസ്തുക്കള്‍ ഉപയോഗിച്ച് സൂക്ഷിച്ച ശേഷം എല്ലാ ദിവസങ്ങളിലും പുലര്‍ച്ചെ പിക്കപ്പ് വാഹനങ്ങളില്‍ ഹോണ്‍ മുഴക്കി വീട്ടുപടിക്കല്‍ എത്തിച്ച് മത്സ്യം വാങ്ങുന്നവരെ ചതിയില്‍ പെടുത്തുന്നതായും പരാതിയുണ്ട്. പലപ്പോഴും ഇത്തരത്തില്‍ വാങ്ങുന്ന മീന്‍ ഉപയോഗിക്കാന്‍ കഴിയാതെ പലരും കളയുകയാണ് പതിവ്.
ഓപ്പറേഷന്‍ സാഗര്‍ റാണിയുടെ ഭാഗമായി ഫുഡ് സേഫ്റ്റി വിഭാഗം മെട്രോ നഗരങ്ങളില്‍ വിവിധ ഘട്ടങ്ങളിലായി പരിശോധനകള്‍ നടത്തുകയും വിഷം കലര്‍ന്ന മീന്‍ വലിയ തോതില്‍ കണ്ടെത്തുകയും നടപടികള്‍ സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ തുടര്‍ നടപടികള്‍ ഇല്ലാതാവുകയും ഇത് വേണ്ട വിധം ഉപഭോക്താക്കള്‍ക്ക് പ്രയോജനം ലഭിച്ചില്ലായെന്നും ആക്ഷേപമുണ്ട്. പലപ്പോഴും പരാതി ഉയരുമ്പോള്‍ അധികൃതര്‍ ഉണരുകയും അല്ലാത്തപ്പോള്‍ മൗനം പാലിക്കാറുമാണ് പതിവ്. കൂടുതല്‍ കാലം മത്സ്യം കേടു സംഭവിക്കാതെ സൂക്ഷിച്ചു വച്ച് വില്‍പ്പന നടത്തുന്നതിനുള്ള ഇടനിലകാരുടെയും കച്ചവടക്കാരുടെയും തന്ത്രമാണ് ഉപഭോക്താക്കള്‍ വഞ്ചിതരാകാന്‍ പ്രധാന കാരണം.
അമോണിയ, ഫോര്‍മാലിന്‍ തുടങ്ങിയ രാസവസ്തുക്കള്‍ ചേര്‍ത്തുള്ള മത്സ്യവില്‍പ്പന തടയിടാന്‍ അതത് സ്ഥലത്ത് വച്ചു തന്നെ പരിശോധന നടത്തി കണ്ടെത്താന്‍ കഴിയുന്ന പേപ്പര്‍ സ്ട്രിപ്പ് പരിശോധന വളരെയധികം ഗുണകരമാണെന്ന് തെളിഞ്ഞതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."