രോഗികള്‍ക്ക് ഇനി ഫ്രീയായി സഞ്ചരിക്കാം
മുക്കം: സ്വന്തം ജീവിത പ്രാരാബ്ധങ്ങള്‍ക്കിടയിലും അന്യന്റെ സങ്കടങ്ങള്‍ ഒപ്പാന്‍ തങ്ങളാലാവുന്നത് ചെയ്യുകയാണ് കാരശ്ശേരി പഞ്ചായത്ത് കറുത്തപറമ്പിലെ ഓട്ടോ തൊഴിലാളികള്‍. കറുത്തപറമ്പിലേയും സമീപ പ്രദേശങ്ങളിലുമുള്ള നിത്യരോഗികള്‍ക്ക് സൗജന്യ സര്‍വിസ് നടത്തിയാണ് ഇവര്‍ മാതൃകയാകുന്നത്. കറുത്തപറമ്പ് അങ്ങാടിയിലെ 25 ഓട്ടോ തൊഴിലാളികളാണ് കാരുണ്യ യാത്രയ്ക്ക് സജ്ജമായി നിലകൊള്ളുന്നത്. 35 കിലോമീറ്റര്‍ ദൂരെയുള്ള കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് വരെ ഇത്തരത്തില്‍ ഇവര്‍ സൗജന്യയാത്ര നടത്തുന്നുണ്ട്.
മെഡിക്കല്‍ കോളജ് പോലെദൂരമേറെയുള്ള ആശുപത്രികളിലേക്ക് ഡയാലിസിസ്, കീമോതെറാപ്പി എന്നിവക്കുള്ള രോഗിയേയുമായി രാവിലെ പോയാല്‍ ചിലപ്പോള്‍ വൈകിട്ടായിരിക്കും തിരിച്ചെത്തുക. ഇത്തരമൊരവസ്ഥയില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ തന്നെ ചെറിയ ഒരു സംഖ്യ പിരിച്ചെടുത്ത് ഓട്ടം പോയ ഡ്രൈവര്‍ക്ക് നല്‍കും. കഴിഞ്ഞ പ്രളയത്തിന് ശേഷമാണ് ഈ ഓട്ടോ കൂട്ടായ്മ ഇത്തരമൊരു തീരുമാനമെടുത്തത്. പ്രളയത്തില്‍ വലിയ നാശം വിതച്ച വയനാട് ജില്ലയിലേക്ക് നാട്ടുകാരുടെ സഹായത്തോടെ ഒരു ഗുഡ്‌സ്ഓട്ടോ നിറയെ വിഭവങ്ങളുമായി ഇവര്‍ പോയിരുന്നു. വയനാട്ടിലെ കരളലിയിക്കുന്ന കാഴ്ചകള്‍ കണ്ടതോടെ ജീവകാരുണ്യ പ്രവര്‍ത്തനം ജീവിതകാലം മുഴുവന്‍ തുടരണമെന്ന് ഇവര്‍ തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കറുത്തപറമ്പിലേയും പരിസര പ്രദേശങ്ങളിലേയും നിര്‍ധന രോഗികള്‍ക്ക് ആശുപത്രി ചാര്‍ജ് സൗജന്യമാക്കിയത്. ഈ ഒരു പ്രവര്‍ത്തനത്തിലൂടെ തങ്ങളുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്താനും ഇവര്‍ ഉദ്ദേശിക്കുന്നില്ല. സാന്ത്വനമെന്ന പേരിലാരംഭിച്ച ഈ കൂട്ടായ്മ ഒരു ട്രസ്റ്റായി രജിസ്റ്റര്‍ ചെയ്ത് കൂടുതല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്താനും ആലോചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."