നാല് മേഖലകളില്‍ കൂടി പഞ്ചായത്തുകളില്‍ വര്‍ക്കിങ് ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നു
മുക്കം: ജൈവവൈവിധ്യ മാനേജ്‌മെന്റ്, കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം, ദുരന്തനിവാരണം എന്നീ നാല് മേഖലകളില്‍ കൂടി തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളില്‍ വര്‍ക്കിങ് ഗ്രൂപ്പുകള്‍ രൂപീകരിക്കുന്നു.
സംസ്ഥാനത്തുണ്ടായ മഹാ പ്രളയത്തിന്റെയും ഇടയ്ക്കിടെ ഉണ്ടാകുന്ന പ്രകൃതി ദുരന്തങ്ങളുടെയും പശ്ചാത്തലത്തിലാണു സര്‍ക്കാര്‍ നിര്‍ദേശം. തദ്ദേശ സ്വയംഭരണ സ്ഥാപന അധ്യക്ഷന്‍ വര്‍ക്കിങ് ഗ്രൂപ്പ് അധ്യക്ഷനും സെക്രട്ടറിമാര്‍ കണ്‍വീനര്‍മാരും ആയിരിക്കും.
ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകളില്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് കീഴിലും ജില്ലാ പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റികളിലും പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് കീഴിലും കോര്‍പറേഷനുകളില്‍ നഗരാസൂത്രണ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് കീഴിലുമായിരിക്കും വര്‍ക്കിങ് ഗ്രൂപ്പുകള്‍ പ്രവര്‍ത്തിക്കുക.
തദ്ദേശ ഭരണ സ്ഥാപന പരിധിയില്‍ പ്രവര്‍ത്തിക്കുന്ന ജൈവവൈവിധ്യ പരിപാലന കമ്മിറ്റിയിലെയും ദുരന്തനിവാരണ സമിതി അംഗങ്ങളുടെയും സന്നദ്ധ സേവനത്തിനു തയാറുള്ള ആളുകളുടെയും പ്രാതിനിധ്യം വര്‍ക്കിങ് ഗ്രൂപ്പുകളില്‍ ഉറപ്പാക്കും. 28ന് മുന്‍പ് നടപടികള്‍ പൂര്‍ത്തിയാക്കണമെന്ന് സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഈ സാമ്പത്തിക വര്‍ഷാവസാനം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് നടക്കാന്‍ സാധ്യതയുള്ളതിനാല്‍ ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരം നേടാന്‍ കഴിയുന്ന രീതിയില്‍ 2019- 20 വര്‍ഷത്തേക്കുള്ള പദ്ധതി രൂപീകരണം ഡിസംബര്‍ മാസം അവസാനത്തോടുകൂടി പൂര്‍ത്തിയാക്കണമെന്നും നിര്‍ദേശമുണ്ട്.
ഇതിന്റെ ഭാഗമായി ഗാന്ധി ജയന്തി ദിനത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ തദ്ദേശ സ്ഥാപനങ്ങളിലും ജനപ്രതിനിധികള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍, ആസൂത്രണ സമിതി അംഗങ്ങള്‍, വര്‍ക്കിങ് ഗ്രൂപ്പ് അംഗങ്ങള്‍ എന്നിവരുടെ സംയുക്ത യോഗം ചേരും. വരള്‍ച്ച, മഴക്കെടുതി, ഉരുള്‍പൊട്ടല്‍, പ്രളയം, കടലാക്രമണം അടക്കമുള്ള പ്രകൃതി ദുരന്തങ്ങള്‍ കൂടി കണക്കിലെടുത്തുള്ള പദ്ധതി രൂപീകരണമാണ് അടുത്ത സാമ്പത്തികവര്‍ഷം നടത്തുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."