ജില്ലാ പഞ്ചായത്ത് ഭരണപ്രതീക്ഷയ്ക്ക് 'അപര' പാര
കാസര്‍കോട്: കാസര്‍കോട് ജില്ലാ പഞ്ചായത്ത് ബേഡകം ഡിവിഷനില്‍ സി.പി.എം സ്ഥാനാര്‍ഥിക്ക് അപര വന്നതോടെ എങ്ങനെയെങ്കിലും ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കാമെന്ന ഇടതുമുന്നണിയുടെ പ്രതീക്ഷയ്ക്ക് മങ്ങലേല്‍ക്കുന്നു.
എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.എന്‍ സരിതയും സ്വതന്ത്ര സ്ഥാനാര്‍ഥിയായി സരിത മാവുങ്കാലും ഇവിടെ മത്സരിക്കുന്നത്. ഇത് ഡിവിഷനില്‍ തങ്ങള്‍ക്കു വോട്ടുനഷ്ടമുണ്ടാക്കുമെന്ന ആശങ്കയിലാണ് എല്‍.ഡി.എഫ് നേതൃത്വം. ഒരു സീറ്റിന്റെ വ്യത്യാസത്തില്‍ കഴിഞ്ഞ തവണ ജില്ലാ പഞ്ചായത്ത് ഭരണം നഷ്ടപ്പെട്ട എല്‍.ഡി.എഫിന് ബേഡകം ഡിവിഷനില്‍ ഇക്കാലമത്രയും തങ്ങളുടെ സ്ഥാനാര്‍ഥിയുടെ വിജയത്തില്‍ ആശങ്കയുണ്ടായിരുന്നില്ല. ഡിവിഷനില്‍ ഇടതു വോട്ടര്‍മാര്‍ കൂടുതലുള്ളതും യു.ഡി.എഫ് പല തെരഞ്ഞെടുപ്പുകളിലും പരാജയപ്പെട്ടതും എല്‍.ഡി.എഫിന് ഈ സീറ്റില്‍ വലി ആത്മവിശ്വാസം സൃഷ്ടിച്ചിരുന്നു.
എന്നാല്‍ ഇത്തവണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കിടയില്‍ പല ഭാഗങ്ങളിലും അഭിപ്രായവ്യത്യാസം ഉടലെടുത്ത അവസ്ഥയ്ക്കിടയിലാണ് അപര സ്ഥാനാര്‍ഥി മത്സര രംഗത്തുള്ളത്. ജില്ലാ പഞ്ചായത്ത് ഭരണം ഏതു വിധേനയും കൈയിലൊതുക്കാന്‍ സി.പി.എം നേതൃത്വം പ്രയത്‌നിക്കുമ്പോഴാണ് സിറ്റിങ് സീറ്റില്‍ അപര സ്ഥാനാര്‍ഥി രംഗത്തുള്ളത്. അപര പിടിക്കുന്ന ഓരോ വോട്ടും നിര്‍ണായകമാകുമെന്നതിനാല്‍ ബേഡകം ഡിവിഷനില്‍ പോരാട്ടം കനക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."