കനത്ത മഴയില്‍ സംരക്ഷണ ഭിത്തി തകര്‍ന്നു
മട്ടന്നൂര്‍: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവള പദ്ധതി പ്രദേശത്ത് നിന്ന് ചെളിയും വെള്ളവും ജനവാസ കേന്ദ്രത്തിലേക്ക് കുത്തിയൊഴുകി വ്യാപക നാശം.
വിമാനത്താവള പദ്ധതി പ്രദേശത്ത് നിന്നുള്ള മണ്ണൊലിപ്പും വെള്ളവും തടയാന്‍ കെട്ടിയ കൂറ്റന്‍ സംരക്ഷണ മതില്‍ തകര്‍ന്നാണ് മഴവെള്ളം ജനവാസ കേന്ദ്രത്തിലേക്ക് ഒഴുകിയത്. കാനാട് കോളിപ്പാലത്തും കല്ലേരിക്കരയിലുമാണ് ചെങ്കല്ല് കൊണ്ട് നിര്‍മിച്ച വിമാനത്താവളത്തിന്റെ സംരക്ഷണ മതില്‍ തകര്‍ന്നത്. പദ്ധതി പ്രദേശത്ത് നിന്ന് മഴവെള്ളം ഒഴുകി പോകുന്നതിന് കോടികള്‍ ചിലവിട്ടു പദ്ധതി പ്രദേശത്തിന് ചുറ്റും നിര്‍മിക്കുന്ന തോടിന്റെ ഭിത്തി എളമ്പാറ പാറക്കണ്ടിയില്‍ ഒന്നര മീറ്റര്‍ ഉയരത്തിലും 35 മീറ്റര്‍ നീളത്തിലും തകര്‍ന്നു. കല്ലേരിക്കരയില്‍ കഴിഞ്ഞ ദിവസം 20 മീറ്റര്‍ നീളത്തിലും അഞ്ചു മീറ്റര്‍ വീതിയിലും ചെയ്ത കോണ്‍ക്രീറ്റ് പൂര്‍ണമായും ഒഴുകിപ്പോയി. ലക്ഷങ്ങളുടെ നാശനഷ്ടമാണുണ്ടായിരിക്കുന്നത്. പദ്ധതി പ്രദേശത്തിന് സമീപത്തെ മിക്ക റോഡുകളും ചെളി കയറി ഗതാഗത യോഗ്യമല്ലാതായി. നിരവധി വീടുകളും ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളും ചെളിയില്‍ മുങ്ങി. രണ്ട് ദിവസങ്ങളിലായി പെയ്ത പെയ്ത കനത്ത മഴയിലാണ് പദ്ധതി പ്രദേശത്ത് നിന്ന് വെള്ളം ജനവാസ കേന്ദ്രത്തിലേക്ക് കുത്തിയൊഴുകിയത്. കീഴല്ലൂര്‍ പഞ്ചായത്തിലെ കാനാട് കോളിപ്പാലത്തെ ഇ.കെ തമ്പായി അമ്മ, പി. സരസ്വതി, എം.സി നാരായണി, എളമ്പാറയിലെ പി.പി ശ്രീദേവി, പി.പി ദേവു, കല്ലേരിക്കരയിലെ കെ.സി പുരുഷോത്തമന്‍ തുടങ്ങിയ 20ഓളം പേരുടെ വീടുകളും കോളിപ്പാലത്തെ കെ. ബാലകൃഷ്ണന്‍ നമ്പ്യാര്‍ തുടങ്ങിയവരുടെ ഏക്കര്‍ കണക്കിന് കൃഷിയിടങ്ങളും ചെളിവെള്ളം കയറി നാശനഷ്ടമുണ്ടായി. ഇതില്‍ തമ്പായി അമ്മയുടെ വീടിന്റെ പിറകശത്തെ ചുമര്‍ പകുതിയോളം മണ്ണ് നിറഞ്ഞ് മൂടുകയും വീട്ടുമറ്റത്തെ 13 കോല്‍ താഴ്ചയിലുള്ള കിണര്‍ പൂര്‍ണമായും മൂടപ്പെടുകയും ചെയ്തു. വീട് ഏത് നിമിഷവും നിലം പതിക്കാമെന്ന അവസ്ഥയിലായിരിക്കുകയാണ്. വീട് അപകട ഭീഷണിയിലായതോടെ തമ്പായി അമ്മയുടെയും സരസ്വതിയുടെയും വീട് അടച്ചിട്ട് വീട്ടുകാര്‍ ബന്ധുവീടുകളിലേക്ക് താമസം മാറി. മതിലിനോട് ചേര്‍ന്നുള്ള വീട് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയിരുന്നു. ഇതിന് അധികൃതര്‍ ഉടന്‍ പരിഹാരമുണ്ടാക്കണമെന്നും വീട്ടുകാര്‍ പറഞ്ഞു. നാശനഷ്ടമുണ്ടായ പ്രദേശം കിയാല്‍ അധികൃതര്‍ സന്ദര്‍ശിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."