പ്രളയത്തിലും ദുരിതം: കാരുണ്യം തേടി അബൂബക്കര്‍
കൂറ്റനാട്: 20 വര്‍ഷം മുന്‍പ് അഗ്നിബാധയില്‍ നശിച്ചതിനെ തുടര്‍ന്ന് പുനര്‍നിര്‍മിച്ച വീട് കഴിഞ്ഞ പ്രളയത്താല്‍ വീണ്ടും തകര്‍ന്നു. സംസാരശേഷിയില്ലാത്ത തിരുമിറ്റക്കോട് പഞ്ചായത്തിലെ ചെരുപ്പൂര് മാമ്പുള്ളിഞ്ഞാലില് അബൂബക്കറിന് ലൈഫ് പദ്ധതി പ്രകാരവും വീട് ലഭിച്ചില്ല. രോഗിയും വൃദ്ധനുമായ വ്യക്തിക്കാണു വീട് ലഭിക്കാതെ പോയത്. അബൂബക്കറും ഭാര്യയും വിധവയായ മകളുമടങ്ങുന്ന കുടുംബമാണ് ഇതോടെ ബന്ധുവീട്ടില്‍ താമസിക്കുന്നത്. ഇവിടെ എത്ര കാലം താമസിക്കുമെന്നതാണ് ഇവരുടെയും നാട്ടുകാരുടെയും ആശങ്ക.
20 വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവരുടെ വീട് അഗ്നിബാധയെ തുടര്‍ന്ന് കത്തിനശിച്ചിരുന്നു. വീടുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും അതോടൊപ്പം കത്തിനശിച്ചു. അതിനാല്‍ ലൈഫ് പദ്ധതി പ്രകാരം അപേക്ഷിക്കാന്‍ അവസരം ലഭിക്കാതിരുന്നതെന്ന് ഇവര്‍ പറയുന്നത്. അബൂബക്കറിന്റെ ഉമ്മയുടെ പേരിലാണു പുരയിടം. അതെ സമയം ഉമ്മ ജീവിച്ചിരിപ്പില്ലാത്തതിനാല്‍ അവരുടെ പേരിലുള്ള രേഖകള്‍ അനന്തരാവകാശികളുടെ പേരിലാക്കിയ ശേഷമെ അപേക്ഷിക്കാനാകൂവെന്ന അവസ്ഥയാണ്.
നിയമപ്രകാരം വീട് ലഭിക്കണമെങ്കില്‍ കടമ്പകള്‍ ഏറെ കടക്കേണ്ടതുണ്ട്. സംസാരശേഷിയില്ലാത്ത രോഗിയായ വ്യക്തിയായതിനാല്‍ ഇതൊന്നും മുന്‍കയ്യെടുത്തു ചെയ്യാന്‍ അബൂബക്കറിനാവുന്നുമില്ല. ഈ കുടുംബത്തെ സംരക്ഷിക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തര നടപടി വേണമെന്നും പൂര്‍ണമായും തകര്‍ന്ന ഈ വീട് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പുതിയ വീടുനല്‍കാന്‍ പഞ്ചായത്ത് തയാറാകണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."