വികസനം പരസ്യങ്ങളില്‍ മാത്രം; ജനങ്ങളുടെ അതൃപ്തി തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും: ഉമ്മന്‍ ചാണ്ടി
സംസ്ഥാനത്ത് എല്‍.ഡി.എഫ് ഭരണം പൂര്‍ത്തിയാക്കുമ്പോള്‍ വികസനം പരസ്യങ്ങളില്‍ മാത്രമാണ് കാണാനാവുന്നതെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. എല്‍.ഡി.എഫിന് എന്ത് നേട്ടമാണ് എടുത്തുകാട്ടാനുള്ളത്? എല്ലാ മേഖലകളിലും നിരാശാജനകമായ സമീപനമാണ് ഇടതു സര്‍ക്കാരിന്റേത്. എല്ലാ പദ്ധതികളും പരിപാടികളും പരസ്യങ്ങളില്‍ മാത്രമാണ് നിറഞ്ഞുനില്‍ക്കുന്നത്. സ്വജനപക്ഷപാതവും അഴിമതിയുമാണ് എല്ലാ പദ്ധതികളിലും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പാണെങ്കിലും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങളോട് ജനങ്ങള്‍ക്ക് അതൃപ്തിയുണ്ട്. അത് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.
വളരെ രാഷ്ട്രീയച്ചൂട് നിറഞ്ഞ അന്തരീക്ഷത്തിലാണ് തെരഞ്ഞെടുപ്പ് വരുന്നത്. എന്താണ് യു.ഡി.എഫ് പ്രതീക്ഷകള്‍?
തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് യു.ഡി.എഫ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ആ ആത്മവിശ്വാസം കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ വീഴ്ചകളും വാഗ്ദാനലംഘനങ്ങളും ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത പ്രവര്‍ത്തനമില്ലായ്മയിലുമാണ്. വളരെ രാഷ്ട്രീയ പ്രാധാന്യമുള്ള തെരഞ്ഞെടുപ്പാണിത്. ഇന്ത്യയിലെ ഇന്നത്തെ രാഷ്ട്രീയ സാഹചര്യവും കേരളത്തിലെ ഭരണരംഗത്തെ പ്രശ്‌നങ്ങളുമാണ് ഇതിനു പ്രധാന കാരണം. പി.എസ്.സി ലിസ്റ്റിന്റെ കാലാവധി നീട്ടാതെയും പുതിയ ലിസ്റ്റ് കൊണ്ടുവരാതെയും പിന്‍വാതില്‍ നിയമനങ്ങള്‍ വര്‍ധിച്ചു. പതിനായിരക്കണക്കിനാളുകളാണ് പി.എസ്.സി വഴിയല്ലാതെ ജോലിക്കു കയറിയത്. മറുവശത്ത് കാര്‍ഷിക നിയമത്തിന്റെ ഭാഗമായി കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകവിരുദ്ധ സമീപനമാണ് സ്വീകരിക്കുന്നത്. ഇവയോടൊക്കെയുള്ള അതൃപ്തി തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും.
സംസ്ഥാനത്ത് തദ്ദേശഭരണ സ്ഥാപങ്ങള്‍ക്ക് അധികാരങ്ങളും കൂടുതല്‍ ഫണ്ടുകളും നല്‍കിയത് യു.ഡി.എഫ് സര്‍ക്കാരുകളാണ്. വലിയ വാദങ്ങളുയര്‍ത്തിയിട്ടും യു.ഡി.എഫ് നല്‍കിയതിനപ്പുറത്തേക്ക് നല്‍കാന്‍ എല്‍.ഡി.എഫിനു സാധിച്ചിട്ടില്ല. മറിച്ച് അധികാരവും ഫണ്ടും വെട്ടിക്കുറയ്ക്കുകയാണ് ചെയ്തത്. കേന്ദ്ര ധനകാര്യ കമ്മിഷന്‍ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കു നല്‍കിയ തുകപോലും ഈ സര്‍ക്കാര്‍ വെട്ടിക്കുറച്ചിട്ടുണ്ട്. പദ്ധതി വിഹിതം 40 ശതമാനത്തില്‍ താഴെയാണ്. ഇതിന്റെയെല്ലാം ഫലം തെരഞ്ഞെടുപ്പില്‍ കാണാനാകും.
ഭരണപക്ഷത്തിനെതിരേ വിവിധ അന്വേഷണങ്ങള്‍ വരുന്നു. പ്രതിപക്ഷനേതാക്കള്‍ക്കെതിരേയുള്ള പഴയ കേസുകളില്‍ അന്വേഷണങ്ങള്‍ വീണ്ടും വരുന്നു. സോളാര്‍ കേസില്‍ പുതിയ വെളിപ്പെടുത്തലുണ്ടാകുന്നു. ഒരു പുനരന്വേഷണം ആവശ്യപ്പെടുമോ?
സോളാര്‍ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ സത്യങ്ങള്‍ ഇനിയും പുറത്തുവരും. തെറ്റു ചെയ്തിട്ടില്ലെങ്കില്‍ പേടിക്കേണ്ടതില്ലെന്നായിരുന്നു തുടക്കം മുതല്‍ എന്റെ നിലപാട്. ആരോപണങ്ങളുണ്ടായപ്പോള്‍ വിഷമമുണ്ടായെങ്കിലും ഒരു പരിധിയില്‍ കവിഞ്ഞ ആകാംക്ഷയുണ്ടായിരുന്നില്ല. ഇപ്പോഴും അമിതമായ ആഹ്ലാദമില്ല. സത്യങ്ങള്‍ പുറത്തുവരട്ടെ. പൂര്‍ണമായും കുറ്റക്കാരനല്ലെന്നത് പുറത്തുവരണമെങ്കിലും ഇനിയും ചില കാര്യങ്ങള്‍ മറനീക്കി വരേണ്ടതുണ്ട്. എനിക്കറിയാവുന്ന ചില കാര്യങ്ങളുണ്ട്. എന്നാല്‍ ആരെയും കുറ്റപ്പെടുത്താനോ വിഷമപ്പെടുത്താനോ ആഗ്രഹിക്കുന്നില്ല. അതിനാല്‍ അക്കാര്യങ്ങള്‍ പറയുന്നുമില്ല. പക്ഷേ അതൊക്കെ ഇന്നല്ലെങ്കില്‍ നാളെ പുറത്തുവരും.
ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷനേതാവിനെതിരേ പ്രഖ്യാപിച്ച അന്വേഷണത്തെ യു.ഡി.എഫ് സ്വാഗതം ചെയ്തു. എന്നാല്‍ സോളാറില്‍ വ്യത്യസ്ത നിലപാടുകളാണ്. കോണ്‍ഗ്രസില്‍ ഇക്കാര്യത്തില്‍ ഭിന്നതയുണ്ടോ?
സോളാറിലെ പുതിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ അന്വേഷണമെന്നതില്‍ കോണ്‍ഗ്രസ് നേതാക്കളുടെ നിലപാടില്‍ അഭിപ്രായവ്യത്യാസമില്ല. എല്ലാവരും അവരവരുടെ അഭിപ്രായം പറഞ്ഞു എന്നേയുള്ളൂ. സര്‍ക്കാരിന്റെ പൈസ പോകുന്നതല്ലാതെ അന്വേഷണം കൊണ്ട് വേറെ ഗുണമുണ്ടാവില്ല. ഒരു അന്വേഷണത്തില്‍ നിന്ന് അതു മനസിലായതാണ്. ഞങ്ങളുടെ ചെലവില്‍ അന്വേഷണം വേണ്ട. അന്വേഷണവും ചര്‍ച്ചയുമൊക്കെ നടക്കുന്നതുകൊണ്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരും. ജോസ് കെ. മാണി പോയതുകൊണ്ട് ബാര്‍കോഴക്കേസില്‍ യു.ഡി.എഫിന്റെ നിലപാട് മാറിയിട്ടില്ല. കെ.എം മാണി നിരപരാധിയാണ്. എല്‍.ഡി.എഫ് അന്വേഷണം നടത്തിയിട്ടും യു.ഡി.എഫ് കാലത്ത് വന്ന അന്വേഷണ റിപ്പോര്‍ട്ട് അംഗീകരിക്കുകയല്ലാതെ ഒരു വരി കൂട്ടിച്ചേര്‍ക്കാനായില്ലല്ലോ.
തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ നിയമസഭാ തെരഞ്ഞെടുപ്പ് വരുന്നു. യു.ഡി.എഫില്‍, പ്രത്യേകിച്ച് കോണ്‍ഗ്രസില്‍ ആര് നയിക്കും എന്നൊരു അവ്യക്തതയില്ലേ? കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിലും അങ്ങായിരുന്നു മുഖ്യമന്ത്രി സ്ഥാനാര്‍ഥി. ഇത്തവണത്തേത് ആരാകും?
കോണ്‍ഗ്രസില്‍ അങ്ങനെ നേതൃത്വം സംബന്ധിച്ച് ഒരു തര്‍ക്കമില്ല. ഇനിയും തര്‍ക്കമുണ്ടാകില്ല. കോണ്‍ഗ്രസില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥി എന്നൊന്നില്ല. ഐകണ്‌ഠ്യേനെ തെരഞ്ഞെടുക്കപ്പെടുന്നയാള്‍ മുഖ്യമന്ത്രിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."