തെങ്ങിന്റെ വ്യാപനം സംസ്ഥാനത്തിന്റെ സാമ്പത്തിക രംഗത്ത് പുത്തനുണര്‍വേകും: മുഖ്യമന്ത്രി
കോഴിക്കോട്: തെങ്ങുകള്‍ വ്യാപിക്കുന്നതിലൂടെ സംസ്ഥാനത്തിന്റെ സാമ്പത്തിക സാംസ്‌കാരിക രംഗത്ത് പുത്തനുണര്‍വേകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാന നാളികേര വികസന കൗണ്‍സിലിന്റെ ഭാഗമായി 10 വര്‍ഷം കൊണ്ട് 2 കോടി ഗുണമേന്മയുള്ള തെങ്ങിന്‍ തൈകള്‍ കര്‍ഷകര്‍ക്കായി വിതരണം ചെയ്യുന്ന 'കേര കേരളം സമൃദ്ധ കേരളം' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ മുഖച്ഛായ മാറ്റുന്ന തരത്തില്‍ പദ്ധതി വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. പദ്ധതിയിലൂടെ കേരളത്തിന്റെ സാമൂഹിക സാംസ്‌കാരിക പാരമ്പര്യം നിലനിര്‍ത്താന്‍ സാധിക്കും.
വാര്‍ഡുകള്‍തോറും 75 ഗുണമേന്മയുള്ള തെങ്ങിന്‍ തൈകള്‍ പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യുന്നുണ്ടെന്നും ആദ്യവര്‍ഷം 500 പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പിലാക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.
10 വര്‍ഷം കൊണ്ട് ഒരു വാര്‍ഡില്‍ 750 തെങ്ങിന്‍ തൈകള്‍ പുതുതായി വച്ചുപിടിപ്പിക്കാനാകും. ഇടവിളകൃഷി കൂടി ഈ തോട്ടങ്ങളില്‍ സാധ്യമാക്കാന്‍ കഴിഞ്ഞാല്‍ കര്‍ഷകരുടെ വരുമാനത്തില്‍ മാറ്റം വരുത്താന്‍ കഴിയും. ഇതോടെ സംസ്ഥാനത്തിന്റെ സാമ്പത്തിക ശേഷി കൂടുതല്‍ വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോഴിക്കോട് വേങ്ങേരി കാര്‍ഷിക മൊത്ത വിപണന കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ കൃഷി മന്ത്രി വി.എസ് സുനില്‍കുമാര്‍ അധ്യക്ഷനായി. യോഗത്തില്‍ ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോയുടെ നൂറുമേനി വിഡിയോ പ്രോഗ്രാമിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു. നീര പാനീയത്തിന്റെ ലോഗോ പ്രകാശനം കൃഷിമന്ത്രി നിര്‍വഹിച്ചു.
മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍, എം.എല്‍.എമാരായ സി.കെ നാണു, എ. പ്രദീപ് കുമാര്‍, ഇ.കെ വിജയന്‍, കൃഷി അഡിഷനല്‍ സെക്രട്ടറി സുനില്‍കുമാര്‍, കേരള കാര്‍ഷിക സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. ആര്‍. ചന്ദ്രബാബു, നാളികേര വികസന ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ വി. ഉഷാറാണി, കേരഫെഡ് ചെയര്‍മാന്‍ ജെ. വേണുഗോപാലന്‍ നായര്‍, നാളികേര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ എം. നാരായണന്‍, കോഴിക്കോട് കൗണ്‍സിലര്‍ കെ. രതീദേവി തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."