കരാറുകാരുടെ ശമ്പള വര്‍ധന: മാര്‍ക്കിടല്‍ നിര്‍ബന്ധമാക്കും
ആദ്യഘട്ടത്തില്‍ നടപ്പാക്കുക ക്ലീന്‍കേരളയില്‍
കൊല്ലം: പണിയെടുക്കാതെ സീറ്റുകളില്‍ വിശ്രമിക്കുന്ന സര്‍ക്കാര്‍ മേഖലയിലെ കരാര്‍ ജീവനക്കാര്‍ക്ക് മൂക്കുകയറിടാനൊരുങ്ങി സര്‍ക്കാര്‍. ശമ്പള വര്‍ധനവിന് സ്ഥാപന മേധാവിയുടെ മാര്‍ക്കിടല്‍ നിര്‍ബന്ധമാക്കാനാണ് ആലോചന. നടപടിയുടെ ആദ്യഘട്ടമെന്ന നിലയില്‍ പഞ്ചായത്ത് വകുപ്പിന് കീഴിലുള്ള ക്ലീന്‍കേരളയില്‍ മാര്‍ക്കിടല്‍ പദ്ധതി തുടങ്ങാനാണ് നീക്കം.
സര്‍വിസ് സംഘടനകളുമായി ആലോചിക്കാതെയാണ് പുതിയ പദ്ധതിയുമായി സര്‍ക്കാര്‍ നീങ്ങുന്നത്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം പഞ്ചായത്ത് വകുപ്പിന്റെ ചുമതലയുള്ള അഡിഷണല്‍ ചീഫ് സെക്രട്ടറി ടി.കെ ജോസാണ് പദ്ധതി രൂപീകരണത്തിന് പിന്നിലുള്ളത്. കരാര്‍ അടിസ്ഥാനത്തില്‍ വിവിധ വകുപ്പുകളില്‍ ജോലിചെയ്യുന്നവര്‍ക്ക് കാലാവധി തീരുന്നതിന് അനുസരിച്ച് കരാര്‍ പുതുക്കി നല്‍കുകയാണ് പതിവ്.
പദ്ധതി നടപ്പായാല്‍ 50 ശതമാനത്തിന് മുകളില്‍ പ്രവര്‍ത്തന മികവ് പുലര്‍ത്തുന്നവരെയാകും വാര്‍ഷിക ശമ്പളവര്‍ധനവില്‍ പരിഗണിക്കുക. അതത് സ്ഥാപനമേധാവിക്കാണ് ജീവനക്കാരുടെ മികവിനുസരിച്ച് മാര്‍ക്കിടാനുള്ള ചുമതല.
25 ശതമാനത്തില്‍ താഴെ മാര്‍ക്ക് ലഭിക്കുന്നവരെ പിരിച്ചുവിടുകയാണ് ലക്ഷ്യം. കരാര്‍ ജീവനക്കാരില്‍ തീരുമാനം വിജയിച്ചാല്‍ പീന്നിട് എല്ലാ വകുപ്പുകളിലും പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിയും. തീരുമാനം സര്‍ക്കാരിന് അനുകൂലമായി പൊതുസമൂഹത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യും. മിക്ക വകുപ്പുകളിലും ഫയലുകള്‍ക്ക് വേണ്ടരീതിയില്‍ പരിഹാരം കാണുന്നില്ലെന്ന പരാതിയുണ്ട്.
പുതിയ തീരുമാനം നടപ്പായാല്‍ ദിവസവും മേലധികാരി നല്‍ക്കുന്ന വര്‍ക്ക് ഷെഡ്യൂളിനുസരിച്ച് ഫയലുകള്‍ വേഗത്തില്‍ തീര്‍പ്പാകും. തീരുമാനം സ്ഥാപന മേധാവികള്‍ ദുരുപയോഗം ചെയ്യുമെന്നതിനാല്‍ സര്‍വിസ് സംഘടനാ നേതാക്കള്‍ മുഖ്യമന്ത്രിയെ നേരില്‍ക്കണ്ട് പരാതി നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."