ആവേശം നല്ലതാണ്, അമിതാവേശം വിഷമായി മാറും: കോണ്‍ഗ്രസിന് ആന്റണിയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: ആവേശം നല്ലതാണ്, അമിതാവേശം വിഷമായി മാറുമെന്ന് പ്രവര്‍ത്തക സമിതി അംഗം എ.കെ ആന്റണി.
കെ.പി.സി.സി അധ്യക്ഷന്റെയും സഹഭാരവാഹികളുടെയും സ്ഥാനാരോഹണ ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒറ്റയ്ക്ക് ഓടിയാല്‍ വിജയിക്കില്ല. കൂടെ ഓടാന്‍ ആളുകള്‍ വേണം. ടീം വര്‍ക്കിലൂടെയേ വിജയം കണ്ടെത്താന്‍ കഴിയുവെന്നും എ.കെ ആന്റണി പറഞ്ഞു.
ചെങ്ങന്നൂരിലെ പരാജയത്തില്‍ നിന്നും പാഠം പഠിച്ചു വേണം പ്രവര്‍ത്തനം തുടങ്ങേണ്ടത്. പരമ്പരാഗത കോണ്‍ഗ്രസ് കുടുംബങ്ങളും കോണ്‍ഗ്രസുകാരും സാമുദായിക വിഭാഗങ്ങളും പഴയതു പോലെ വോട്ടു ചെയ്തില്ലെന്നതാണ് ചെങ്ങന്നൂരിലെ പരാജയം.
അതിന്റെ കാരണം തിരിച്ചറിഞ്ഞു പ്രവര്‍ത്തിക്കണം. ന്യൂ ജനറേഷനെ ആകര്‍ഷിക്കാന്‍ കഴിയണം. ബൂത്തു തലം മുതല്‍ മികവാര്‍ന്ന തെരഞ്ഞെടുപ്പ് മാനേജ്മെന്റ് നടപ്പാക്കി യു.ഡി.എഫിന് തിളക്കമാര്‍ന്ന വിജയം നേടാന്‍ കഴിയണം. മോദി സര്‍ക്കാരിനെ അധികാരത്തില്‍നിന്നു താഴെയിറക്കാന്‍ എം.പിമാരുടെ എണ്ണം വര്‍ധിപ്പിക്കണം.
കെ.പി.സി.സി അധ്യക്ഷന്റെ ഇതു പോലൊരു സ്ഥാനാരോഹണം എന്റെ ഓര്‍മയിലില്ല. ഇതുപോലെ അധികാരം കൈമാറിയിട്ടുമില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചെറുപൂരങ്ങളായി എത്തി. ആരും പ്രതീക്ഷിക്കാത്ത അസാധാരണ തീരുമാനമാണ് രാഹുല്‍ഗാന്ധി എടുത്തത്. മുല്ലപ്പള്ളിയെ സമൂഹവും കോണ്‍ഗ്രസ് പ്രവര്‍ത്തകരും സ്വീകരിച്ചു കഴിഞ്ഞു.
എല്ലാവരും ചേര്‍ന്നു പ്രവര്‍ത്തിച്ചാല്‍ മഹാശക്തിയാവും. കോണ്‍ഗ്രസുകാര്‍ ഒന്നിച്ചു നിന്നാല്‍ കോണ്‍ഗ്രസിനെ തകര്‍ക്കാന്‍ സാധ്യമല്ല. എല്ലാവരുടെയും സേവനം പ്രയോജനപ്പെടുത്തണം. സേവനം പലരീതിയില്‍ വിനിയോഗിക്കണം. പുനസംഘടന പൂര്‍ത്തിയാകുമ്പോള്‍ എല്ലാവര്ക്കും അവസരം ഉണ്ടാവും. ഐക്യമാണ് പാര്‍ട്ടിയെ ജയിപ്പിക്കുക. ഐക്യമില്ലാതെ അടിച്ചേല്‍പ്പിക്കുന്ന ഐക്യം ഫലം ചെയ്യില്ല. ഉള്‍പാര്‍ട്ടി ജനാധിപത്യം സമന്വയവും വേണം. എല്ലാവരെയും അംഗീകരിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും എ.കെ ആന്റണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."