ചെന്നിത്തലയുടെ ആരോപണങ്ങള്‍ തള്ളി മന്ത്രി; അപേക്ഷകള്‍ തുടര്‍ന്നും പരിഗണിക്കും
തിരുവനന്തപുരം: സംസ്ഥാനത്തു പുതിയ ഡിസ്റ്റിലറികളും ബ്രൂവറികളും അനുവദിച്ചതിനു പിന്നില്‍ കോടികളുടെ അഴിമതിയുണ്ടെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം തള്ളി മന്ത്രി ടി.പി രാമകൃഷ്ണന്‍.
ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും വസ്തുതയ്ക്കു നിരക്കാത്തതുമാണെന്ന് അദ്ദേഹം പറഞ്ഞു. ചട്ടങ്ങള്‍ പൂര്‍ണമായും പാലിച്ച് ഒരു ബ്ലൈന്‍ഡിങ് കോംപൗണ്ടിങ് ആന്‍ഡ് ബോട്ട്‌ലിങ് യൂനിറ്റും മൂന്നു ബ്രൂവറിയും തുടങ്ങുന്നതിനു തത്വത്തില്‍ അംഗീകാരം നല്‍കുകയാണുണ്ടായത്.
ഇവയ്ക്കു ലൈസന്‍സ് നല്‍കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മറ്റു മൂന്ന് അപേക്ഷകള്‍ നിലവില്‍ പരിഗണനയിലുണ്ട്. തുടര്‍ന്നു ലഭിക്കുന്ന അപേക്ഷകളും പരിഗണിക്കും. ഇത് ഇടതുമുന്നണിയുടെ മദ്യനയത്തിന് അനുബന്ധമായ തീരുമാനം തന്നെയാണെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ക്കു രഹസ്യ സ്വഭാവമില്ല. സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒന്നും ഒളിച്ചുവയ്ക്കാനില്ല. മാധ്യമങ്ങളില്‍ പരസ്യം ചെയ്ത് അപേക്ഷ ക്ഷണിച്ചല്ല ബ്രൂവറികളും ഡിസ്റ്റിലറികളും തുടങ്ങുന്നതെന്നു പ്രതിപക്ഷ നേതാവ് മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു.
എക്‌സൈസ് കമ്മിഷണറുടെ പരിഗണനയ്ക്കു സമര്‍പ്പിച്ച അപേക്ഷകളിലാണ് സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കുന്നത്. ഈ അപേക്ഷകള്‍ പരിഗണിക്കാവുന്നതാണെന്നു കമ്മിഷണര്‍ ശുപാര്‍ശ നല്‍കിയിരുന്നു. നിലവില്‍ സംസ്ഥാനത്ത് മദ്യം ഉല്‍പാദിപ്പിക്കുന്ന ഒരു ഡിസ്റ്റിലറിയും പ്രവര്‍ത്തിക്കുന്നില്ല.
മൂന്നു ബ്രൂവറികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവ മൂന്നും യു.ഡി.എഫ് ഭരണകാലത്താണ് അനുവദിച്ചതെന്നും മന്ത്രി പറഞ്ഞു. 1999 സെപ്റ്റംബര്‍ 29ലെ സര്‍ക്കാര്‍ ഉത്തരവിലൂടെയാണ് പുതുതായി ഡിസ്റ്റിലറികള്‍ക്കും ബോട്ട്‌ലിങ് യൂനിറ്റുകള്‍ക്കും നിയന്ത്രണം കൊണ്ടുവന്നത്.
ആ ഉത്തരവില്‍ ബ്രൂവറികളെക്കുറിച്ചു പരാമര്‍ശമില്ല. സംസ്ഥാനത്തിനാവശ്യമായ ബിയറിന്റെ നാല്‍പതു ശതമാനവും മറ്റു സംസ്ഥാനങ്ങളില്‍നിന്നു വാങ്ങുന്ന സാഹചര്യത്തില്‍ ബ്രൂവറി യൂനിറ്റിന് അനുമതി നല്‍കുന്നതിലൂടെ സംസ്ഥാനത്തിന്റെ താല്‍പര്യം സംരക്ഷിക്കുന്നതിനാണ് സര്‍ക്കാര്‍ പ്രാധാന്യം നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."