40 കോടിയുടെ പള്ളി: പണപ്പിരിവുമായി കാന്തപുരം വീണ്ടും വിദേശത്ത്; അണികള്‍ക്കിടയില്‍ ഭിന്നത രൂക്ഷമാവുന്നു
മനാമ: തിരുകേശമെന്ന പേരില്‍ കേരളത്തിലെത്തിച്ച വ്യാജകേശം സൂക്ഷിക്കുന്നതിനായി നിര്‍മിക്കുന്ന പള്ളിയുടെ പേരില്‍ പണപ്പിരിവുമായി കാന്തപുരം വീണ്ടും വിദേശത്ത്. പള്ളി നിര്‍മാണം പൂര്‍ത്തിയായില്ലെന്നും ഇനിയും 40 കോടി ആവശ്യമായി വരുമെന്നും പ്രവര്‍ത്തകര്‍ അകമഴിഞ്ഞ് സഹായിക്കണമെന്നും അഭ്യര്‍ഥിച്ചാണ് കാന്തപുരം ഗള്‍ഫ് പര്യടനത്തിനായി ബഹ്റൈനിലെത്തിയത്.
കഴിഞ്ഞ ദിവസം മനാമയിലെ പാകിസ്താന് ക്ലബില്‍ നടന്ന മര്‍കസ് റൂബി ജൂബിലിയുടെ ബഹ്റൈന്‍ പ്രഖ്യാപന സമ്മേളനത്തിലാണ് പള്ളിനിര്‍മാണത്തിനു വേണ്ടിയുള്ള പണപ്പിരിവിനെക്കുറിച്ച് കാന്തപുരം സംസാരിച്ചത്.
മര്‍കസിന്റെ 40 ാം വാര്‍ഷിക സമ്മേളനത്തിനു മുന്‍പായി പള്ളിയുടെ പണി പൂര്‍ത്തിയാക്കേണ്ടതുണ്ടെന്നും മറ്റു പല സ്ഥാപനങ്ങളും ഇതിനൊപ്പം പണിയാന്‍ ആഗ്രഹിക്കുന്നുവെന്നുമാണ് അദ്ദേഹം പ്രവര്‍ത്തകരെ അറിയിച്ചത്. പദ്ധതിക്ക് 40 കോടി രൂപ അധികമായി ആവശ്യമുണ്ടെന്ന് പറഞ്ഞ് റമദാനില്‍ പണപ്പിരിവ് നടത്താനാണ് നീക്കം.
അതേസമയം പുതിയ 40 കോടിക്കുള്ള പ്രഖ്യാപനവും പണപ്പിരിവിനായുള്ള നിര്‍ദേശങ്ങളും അണികള്‍ക്കിടയില്‍ മുറുമുറുപ്പുണ്ടാക്കിയിട്ടുണ്ട്. ഇതു സംബന്ധിച്ച ആശങ്കകളും അഭിപ്രായപ്രകടനങ്ങളും സാമൂഹിക ഗ്രൂപ്പുകളിലും സജീവ ചര്‍ച്ചയാണ്.
കാന്തപുരം 40 കോടി രൂപ ആവശ്യപ്പെടുന്ന വോയ്സ് റെക്കോഡ് സഹിതമാണ് ഗ്രൂപ്പിലെ ചര്‍ച്ചകള്‍.
മര്കസിലെ വ്യാജ കോഴ്സിനെതിരേ സമരം നടത്തുന്ന വിദ്യാര്‍ഥികള്‍ക്ക് നല്‍കാനുള്ള നഷ്ടപരിഹാര തുകയ്ക്കു വേണ്ടിയുള്ള പണപ്പിരിവാണ് നടക്കുന്നതെന്നും ആക്ഷേപമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."