ലോക്പാല്‍: എട്ടംഗ സെര്‍ച്ചിങ് കമ്മിറ്റിയെ നിയമിച്ചു
ന്യൂഡല്‍ഹി: ലോക്പാല്‍ നിയമനവുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ എട്ടംഗ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചു. സുപ്രിംകോടതി മുന്‍ ജസ്റ്റിസ് രഞ്ജന പ്രകാശ് ദേശായ് ആണ് കമ്മിറ്റിയുടെ അധ്യക്ഷ. ലോക്പാല്‍ ചെയര്മാന്, അംഗങ്ങള്‍ എന്നിവരെ ശുപാര്‍ശ ചെയ്യാനാണ് കമ്മിറ്റിയെ നിയോഗിച്ചിട്ടുള്ളത്.
എസ്.ബി.ഐ മുന്‍ മേധാവി അരുന്ധതി ഭട്ടാചാര്യ, പ്രസാര്‍ ഭാരതി ചെയര്‍പേഴ്സണ്‍ എ. സൂര്യപ്രകാശ്, ഐ.എസ്.ആര്.ഒ മേധാവി എ.എസ്. കിരണ്‍കുമാര്‍, മുന്‍ അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സാഖാ റാംസിങ് യാദവ്, ഗുജറാത്ത് മുന്‍ പൊലിസ് മേധാവി ഷബീര്‍ ഹുസൈന് എസ് ഖന്ഡാവാല, മുന്‍ രാജസ്ഥാന് കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥന് ലളിത് കെ. പന്‍വാര്‍, രഞ്ജിത് കുമാര്‍ എന്നിവരാണ് കമ്മിറ്റിയിലെ മറ്റ് അംഗങ്ങള്‍.
ലോക്പാല്‍ നിയമത്തില്‍ അനുശാസിക്കുന്ന തരത്തിലുള്ള തെരഞ്ഞെടുപ്പായിരിക്കും നടക്കുകയെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് പറഞ്ഞു. സെര്‍ച്ച് കമ്മിറ്റി രൂപവത്കരിക്കുന്നതിനെതിരേ കോണ്‍ഗ്രസ് രംഗത്തു വന്നിരുന്നു. ഇതിനായി വിളിച്ചുചേര്‍ത്ത യോഗം കോണ്‍ഗ്രസ് ലോക്സഭാ കക്ഷി നേതാവ് മല്ലികാര്‍ജുന ഖാര്‍ഗെ ബഹിഷ്കരിച്ചിരുന്നു.
ലോക്പാല്‍ നിയമം നിലവില്‍വന്ന് നാലുവര്‍ഷത്തിന് ശേഷമാണ് ലോക്പാല്‍ നിയമനത്തിനായുള്ള ആദ്യ ചുവട് കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരിക്കുന്നത്. പൊതുപ്രവര്‍ത്തകര്‍ക്ക് എതിരായ അഴിമതിക്കേസുകള്‍ അന്വേഷിക്കുന്നതിനുള്ള സംവിധാനമാണ് ലോക്പാല്‍. കേന്ദ്രത്തില്‍ ലോക്പാലെന്നും സംസ്ഥാനങ്ങളില്‍ ലോകായുക്തയെന്നുമാണ് ഈ സംവിധാനത്തെ വിളിക്കുന്നത്. 2013 ലാണ് ലോക്പാല്‍ നിയമം പാസാക്കിയത്. ലോക്പാല്‍ സെലക്ഷന് കമ്മിറ്റിയില്‍ തന്നെ മുഴുവന്‍ സമയ അംഗമാക്കാത്തതില്‍ പ്രതിഷേധിച്ചാണ് മല്ലികാര്‍ജുന ഖാര്‍ഗെ കമ്മിറ്റിയെ തിരഞ്ഞെടുക്കുന്ന യോഗം ബഹിഷ്കരിച്ചത്.
ലോക്പാല്‍ നിയമനത്തിന് എട്ടംഗ സെര്‍ച്ച് കമ്മിറ്റിയുടെ ശുപാര്‍ശയാണ് സെലക്ഷന് കമ്മിറ്റി പരിഗണിക്കുക. സെലക്ഷന് കമ്മിറ്റിയുടെ അധ്യക്ഷന്‍ പ്രധാനമന്ത്രിയാണ്. ലോക്സഭാ സ്പീക്കര്‍, ലോക്സഭാ പ്രതിപക്ഷ നേതാവ്, സുപ്രിം കോടതി ചീഫ് ജസ്റ്റിസ് അല്ലെങ്കില്‍ ചീഫ് ജസ്റ്റിസ് നാമനിര്‍ദ്ദേശം ചെയ്യുന്ന സുപ്രിംകോടതി ജഡ്ജി, രാഷ്ട്രപതി നാമനിര്‍ദ്ദേശം ചെയ്യുന്ന വ്യക്തി എന്നിവരാണ് സെലക്ഷന് കമ്മിറ്റി അംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."