അങ്കമാലിയില്‍ വ്യാജവാറ്റ് വീണ്ടും; 17 ലിറ്റര്‍ വ്യാജ മദ്യവും വാറ്റ് ഉപകരണങ്ങളും പിടികൂടി
അങ്കമാലി: പ്രദേശത്തെ മലയോര മേഖലകള്‍ കേന്ദ്രീകരിച്ച് വ്യാജവാറ്റ് സംഘങ്ങള്‍ വീണ്ടും സജീവമാകുന്നു. വാറ്റി ഉണ്ടാക്കുന്ന ചാരായത്തില്‍ വിവിധ മദ്യ കമ്പനികളുടെ ലേബലില്‍ കളര്‍ ചേര്‍ത്ത് വില്‍പന നടത്തുന്ന സംഘമാണ് അങ്കമാലിയിലും പരിസര പ്രദേശങ്ങളിലും ബാറുകളും ബിവറേജുകളും പൂട്ടിയതിനെ തുടര്‍ന്ന് സജീവമായിട്ടുള്ളത്.
ഇത്തരം വില്‍പന നടത്തുന്ന ആളുടെ പൂതം കുറ്റിയിലെ വീട്ടില്‍ നിന്നും അങ്കമാലി എക്‌സൈസ് സംഘം പരിശോധന നടത്തി 750 എം.എല്‍ ഉള്‍ക്കൊള്ളുന്ന 23 പ്ലാസ്റ്റിക് കുപ്പികളില്‍ നിന്നായി 17. 250 ലിറ്റര്‍ വ്യാജ മദ്യവും വാറ്റ് ഉപകരണങ്ങളും പിടികൂടി.
പ്രതിയെന്ന് സംശയിക്കുന്ന വിട്ടുടുമ്മ മൂക്കന്നൂര്‍ പുതംകുറ്റി പാറയ്ക്കാട്ടുകുടി പത്മനാഭന്‍ മകന്‍ റിജേഷിനെ എക്‌സൈസ് സംഘം അന്വേഷിച്ച് വരികയാണ്. റിജേഷിന്റെ വീട്ടില്‍ എക്‌സൈസ് സംഘം പരിശോധനയ്ക്ക് എത്തുന്നുണ്ടന്ന് അറിഞ്ഞതുകൊണ്ടാണ് പ്രതി മുങ്ങിയതായിരിക്കാമെന്ന് എക്‌സൈസ് സംഘം സംശയിക്കുന്നത്.
പ്രതിയ്ക്കു വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് വിദേശമദ്യശാലകള്‍ അടച്ചു പൂട്ടിയതോടെ അങ്കമാലി നിയോജക മണ്ഡലത്തിലെ മലയോര പ്രദേശങ്ങളില്‍ ഏഴാറ്റുമുഖം, മുന്നൂര്‍പ്പിള്ളി, പുതം കുറ്റി പ്രദേങ്ങളിലും വാജ്യ വാറ്റും കളര്‍ ചേര്‍ത്ത് വിവിധ മദ്യ കമ്പനികളുടെ പേരില്‍ വ്യാജമദ്യ വില്‍പനയും നടക്കുന്നതായി പരാതി ലഭിച്ചതിന്റെ പേരിലാണ് പൂതം കുറ്റിയില്‍ എക്‌സൈസ് സംഘം പരിശോധന നടത്തിയത്.
വിദേശ്യ മദ്യശാലകള്‍ പൂട്ടിയതിനെ തുടര്‍ന്നാണ് ഒരു കാലഘട്ടത്ത് നിന്നു പോയ വ്യാജവാറ്റ് ഈ പ്രദേശങ്ങളില്‍ സജീവമായിരിക്കുന്നത്. അങ്കമാലിയിലും പരിസര പ്രദേശങ്ങളിലും കല്യാണം ഉള്‍പ്പടെ നടക്കുന്ന മിക്ക സല്‍ക്കാര സ്ഥലങ്ങളിലും മദ്യം വിളമ്പുന്നതും ഇത്തരം വ്യാജവാറ്റിലൂടെ ഉണ്ടാക്കുന്നതാണന്നും പറയപ്പെടുന്നു. വിരുന്നു സല്‍ക്കാരവേളകള്‍ക്കായി പറയുന്ന കമ്പനിയുടെ ലേബലാണ് ഇത്തരം സംഘങ്ങള്‍ മദ്യം വില്‍പന നടത്തുന്നത്. ഇത്തരം വ്യാജവാറ്റ് സംഘങ്ങളെ കൂടാതെ ബിവറേജില്‍ നിന്നും മറ്റും മദ്യം വാങ്ങി ചില്ലറ വില്‍പന നടത്തുന്ന സംഘങ്ങളും അങ്കമാലിയിലും പരിസര പ്രദേശങ്ങളിലും സജീവമാണ്.
മൂന്ന് ലിറ്റര്‍ മദ്യം ഒരാള്‍ക്ക് സൂക്ഷിച്ച് വയ്ക്കുവാന്‍ കഴിയുമെന്ന നിയമം മറവച്ചാണ് വിദേശമദ്യം ചില്ലറ വില്‍പന നടത്തുന്ന സംഘം വിലസുന്നത്.
പൂതം കുറ്റിയില്‍ നടന്ന പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ കെ റെജിമോന്‍ , പ്രിവന്‍ടിവ് ഓഫിസര്‍മാരായ പി.കെ ബിജു, എം.കെ ഷാജി സിവില്‍ എക്‌സൈസ് ഓഫിസര്‍മാരായ ടി.ഡി ജോസ്, കെ.എസ് പ്രശാന്ത്, സി.എന്‍ രാജേഷ് , ശ്യാം മോഹന്‍ , നിഖില്‍ കൃഷ്ണ , കൃഷ്ണദാസ് , വനിതാ സിവില്‍ എക്‌സൈസ് ഓഫിസര്‍ വി പി വിജു തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."