പുതിയ കുപ്പായങ്ങള്‍ ആര്‍ക്കു പാകം?
മുണ്ടുടുത്ത മോദിയെന്ന് പിണറായി വിജയനെ വിശേഷിപ്പിച്ചത് സുമന്ത്രാ ബോസ് എന്ന രാഷ്ട്രീയ ചിന്തകനാണ്, എന്‍.പി ഉല്ലേഖ് കണ്ണൂരിന്റെ രക്ത രാഷ്ട്രീയത്തെക്കുറിച്ച് എഴുതിയ പുസ്തകത്തില്‍. ഈ പുസ്തകത്തിന്റെ പ്രകാശനകര്‍മം നിര്‍വഹിച്ചത് പിണറായി വിജയന്‍ തന്നെ. മോദിയെപ്പോലെ തന്നെ കരുത്തനായ രാഷ്ട്രീയ നേതാവാണ് പിണറായിയും. അപ്രതിരോധ്യന്‍, എതിര്‍പ്പുകളില്‍ പതറാത്തവന്‍, കരുനീക്കങ്ങളില്‍ അസാമാന്യമായ സൂത്രശാലിത്വം പുലര്‍ത്തുന്നവന്‍, താന്‍ എന്തു വിചാരിക്കുന്നുവോ അത് നടത്തിയെടുക്കാന്‍ മിടുക്കന്‍: ഇതെല്ലാം ചേര്‍ത്തുവയ്ക്കുമ്പോള്‍ നാം പിണറായിയെ ഇരട്ടച്ചങ്കന്‍ എന്ന് വിശേഷിപ്പിക്കുന്നു. സ്വന്തം പ്രതിച്ഛായയെ എങ്ങനെയാണോ നരേന്ദ്ര മോദി രാഷ്ട്രീയവിജയങ്ങള്‍ക്കുവേണ്ടി ഉപയോഗിക്കുന്നത് അതേ മാതൃക തന്നെയാണ് പിണറായിയും പ്രയോഗിക്കുന്നത്. മുണ്ടുടുത്ത മോദി എന്ന വിശേഷണം അന്വര്‍ഥമാവുന്നത് അങ്ങനെയാണ്.
മോദിയുടെ തിരുവായ്ക്ക് ഹിന്ദുത്വരാഷ്ട്രീയത്തില്‍ എതിര്‍വായില്ല. പിണറായിയുടെ കാര്യത്തിലും ഇത് ശരിയാണ്. സി.പി.എം രാഷ്ട്രീയത്തില്‍ പിണറായിയുടേതാണ് അന്തിമവാക്ക്. അപ്പോള്‍ ചില ചോദ്യങ്ങള്‍ സ്വാഭാവികമായും ഉയര്‍ന്നുവരുന്നു. സി.പി.എം ഒരു അഖിലേന്ത്യാ പാര്‍ട്ടിയല്ലേ? ആ പാര്‍ട്ടിക്ക് ബംഗാളിലും ത്രിപുരയിലും ബിഹാറിലും മറ്റും കൊടിപിടിക്കാന്‍ സഖാക്കളില്ലേ? സീതാറാം യെച്ചൂരിയെന്ന ജനറല്‍ സെക്രട്ടറിയില്ലേ? പക്ഷേ അതെല്ലാം തത്വത്തില്‍. ഫലത്തില്‍ സി.പി.എം ഒരു പ്രാദേശികപ്പാര്‍ട്ടിയാണ്. കേരള കേന്ദ്രീകൃതമായ പാര്‍ട്ടി. അതിനെ നിയന്ത്രിക്കുന്നത് കണ്ണൂരിലെ ഉശിരുള്ള കുറേ നേതാക്കളാണ്. അവരുടെ ഉശിരിന്റേയും ഉള്ളുറപ്പിന്റേയും പ്രതീകമാണ് സഖാവ് പിണറായി. അതിനാല്‍ സി.പി.എം എന്നാല്‍ പിണറായി, പിണറായി എന്നാല്‍ സി.പി.എം. ഇത് ഒരിക്കലും ഇന്ത്യയിലെ ഏറ്റവും ശക്തവും ഊര്‍ജ്ജസ്വലവുമായ ഇടതുപക്ഷകക്ഷിയെക്കുറിച്ചുള്ള അലസമായ ലളിതവല്‍ക്കരണമല്ല. ഫലത്തില്‍ പിണറായി വിജയന് സി.പി.എം രാഷ്ട്രീയത്തിനുമേലുള്ള സ്വാധീനത്തെക്കുറിച്ചുള്ള വിലയിരുത്തല്‍ മാത്രമാണ്. കേരളത്തിലെയും ഇന്ത്യയിലെയും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ദൈനംദിന ചലനങ്ങള്‍ നിരീക്ഷിക്കുന്ന ആര്‍ക്കും എളുപ്പത്തില്‍ ബോധ്യപ്പെടാവുന്നതേയുള്ളൂ ഇത്.
കാലിടറുന്നുവോ?
ഈ മേല്‍ക്കൈ പിണറായി വിജയന് നഷ്ടപ്പെടാന്‍ സമയമായെന്ന് കരുതുന്നവരുണ്ട്. അതിന് അവര്‍ എടുത്തുകാട്ടുന്ന കാരണങ്ങളില്‍ പ്രധാനം ഭരണകര്‍ത്താവ് എന്ന നിലയില്‍ അദ്ദേഹത്തിന് അടുത്ത കാലത്ത് സംഭവിച്ച പരാജയങ്ങളാണ്. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു അദ്ദേഹത്തിന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉണ്ടാക്കിയ അപഖ്യാതികള്‍, ലൈഫ് മിഷനിലെ അഴിമതിക്കഥകള്‍, സ്പ്രിംഗ്ലര്‍ വിവാദം, മാധ്യമങ്ങളുടെ വായടപ്പിക്കാന്‍ കൊണ്ടുവന്ന പൊലിസ് ആക്ടിലെ ഭേദഗതികള്‍ ഇങ്ങനെ നിരവധി ഇടര്‍ച്ചകള്‍ പിണറായിക്കുണ്ടായി എന്നതുവച്ചാണ് പിണറായിയുടെ കാലിടറുന്നെന്ന് പലരും സംശയിക്കുന്നത്. തനിക്ക് ജാഗ്രതക്കുറവുണ്ടായെന്ന് ഏറെക്കുറെ അദ്ദേഹം തന്നെയും സംശയിക്കുന്നു. സകലകലാ വല്ലഭനായ ഭരണാധിപന്റെ സ്ഥാനത്ത് വെപ്പുകാലില്‍ നടക്കുന്ന ഒരു പരിമിത വിഭവനായി അദ്ദേഹത്തെ പ്രതിഷ്ഠിക്കുന്നു പോലുമുണ്ട് ചിലര്‍. പിണറായി വിജയനാണ് സേനാനായകനെങ്കില്‍ ആറ് മാസത്തിനുശേഷം വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് സാധ്യതയില്ലെന്നാണ് അവരുടെ കണക്കുകൂട്ടല്‍. യു.ഡി.എഫിനും പിണറായിയുടെ പ്രതിച്ഛായ അനുദിനം തകര്‍ന്നുകൊണ്ടിരിക്കുന്നു എന്നതിലാണ് പ്രതീക്ഷ, ഇനിയൊരങ്കത്തിന്നുള്ള ബാല്യം അദ്ദേഹത്തിനില്ല എന്നതില്‍ തോറ്റമ്പിയ ഒരു മനുഷ്യനെയും നേതൃത്വത്തില്‍വച്ചുകൊണ്ട് എങ്ങനെ യുദ്ധം ജയിക്കാനാണ് എന്ന്.
എന്നാല്‍, പിണറായി വിരുദ്ധരുടെ ഈ കണക്കുകൂട്ടലൊക്കെ വെറുതെയെന്ന് വ്യക്തമാക്കുന്ന തരത്തിലാണ് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയില്‍ നടന്നുവരുന്ന സംഭവ വികാസങ്ങള്‍. ഏറ്റവുമൊടുവില്‍ കെ.എസ്.എഫ്.ഇയില്‍ നടന്ന വിജിലന്‍സ് റെയ്ഡുമായി ബന്ധപ്പെട്ടു സി.പി.എമ്മിലുണ്ടായ ചലനങ്ങള്‍ ശ്രദ്ധിക്കുക. മുഖ്യമന്ത്രിയുടെ വകുപ്പാണ് വിജിലന്‍സ്. വിജിലന്‍സ് അന്വേഷണത്തെ രൂക്ഷമായാണ് ധനമന്ത്രി തോമസ് ഐസക് എതിര്‍ത്തത്. വിജിലന്‍സ് പരിശോധന വട്ടാണെന്നുവരെ പറഞ്ഞു അദ്ദേഹം. ആനത്തലവട്ടം ആനന്ദനടക്കം വേറെയും നേതാക്കന്മാര്‍ റെയ്ഡിനെ അപലപിച്ചു. സി.പി.ഐയും റെയ്ഡ് അനുചിതമായെന്ന അഭിപ്രായക്കാരാണ്. വിവാദ വ്യവസായത്തിന് ഇന്ധനം പകര്‍ന്ന റെയ്‌ഡെന്നാണ് ജനയുഗം മുഖപ്രസംഗമെഴുതിയത്. സാമാന്യമായി പറഞ്ഞാല്‍ മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലന്‍സ് വകുപ്പിനെതിരായി ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പൊതുവികാരം ഉണര്‍ന്നെന്ന് തന്നെ പറയണം. നേരത്തെ പൊലിസ് ആക്ടിലെ ഭേദഗതി പിന്‍വലിക്കാന്‍ നിര്‍ബന്ധിതനായ പിണറായി വിജയന്‍ കൂടുതല്‍ പ്രതിരോധത്തിലാവുന്നു എന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ വായിച്ചെടുത്തത്. തോമസ് ഐസക്കിന്റെ പദപ്രയോഗങ്ങളും ശരീരഭാഷയും വിജിലന്‍സ് വകുപ്പിനെതിരായുള്ള തുറന്ന യുദ്ധപ്രഖ്യാപനത്തിന്റെ സൂചനയായിരുന്നു. കുറച്ചുകൂടി തെളിച്ചു പറഞ്ഞാല്‍ പിണറായിക്കെതിരായുള്ള യുദ്ധം തന്നെ. പിണറായിയുടെ മേല്‍ക്കൈ ചോദ്യംചെയ്യപ്പെടുന്നെന്ന് ആളുകള്‍ കരുതിയെങ്കില്‍ തെറ്റുപറയാനാവുകയില്ല. തീര്‍ച്ച.
ഇല്ല, ഒന്നും സംഭവിച്ചില്ല
ഫുട്‌ബോള്‍ കളിയുടെ ദൃക്‌സാക്ഷിവിവരണം നല്‍കുന്ന കമന്റേറ്റര്‍മാര്‍ പന്ത് ഗോള്‍ മുഖത്തെത്തുമ്പോള്‍ കേള്‍വിക്കാരെ ഉദ്വേഗത്തിന്റെ കുന്തമുനയില്‍ നിര്‍ത്താറുണ്ട്. ഇതാ ഇപ്പോള്‍ ഗോളടിക്കുമെന്ന മട്ടിലാണ് വിവരണം. പക്ഷേ, ഇല്ല, ഒന്നും സംഭവിച്ചില്ല എന്ന വാചകത്തില്‍ സകല ഉദ്വേഗവും അവസാനിക്കും. തോമസ് ഐസക്കിന്റെ നിലപാടിനെതിരേ മുഖ്യമന്ത്രി ശക്തമായി രംഗത്ത് വന്നപ്പോള്‍ ഇല്ല, ഒന്നും സംഭവിച്ചില്ല. വിജിലന്‍സിനെ നെഞ്ചോട് ചേര്‍ത്തുവച്ച് ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്തത്. റെയ്ഡിനെതിരേ പരസ്യമായി ശബ്ദിച്ച ധനമന്ത്രിയും കേന്ദ്രകമ്മിറ്റി അംഗവുമായ തോമസ് ഐസക്കിനെ പാര്‍ട്ടി നിര്‍ദാക്ഷിണ്യം തള്ളി പാര്‍ട്ടി മന്ത്രിമാരായ ഇ.പി ജയരാജനും ജി. സുധാകരനും കടകംപള്ളി സുരേന്ദ്രനും നിര്‍ത്തിപ്പൊരിച്ചു. അതോടെ തോമസ് ഐസക്കും മൂക്ക് നിലത്ത് മുട്ടിച്ച് ഏത്തമിട്ടു. ഇനി മിണ്ടുകയേയില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അതായത് പ്രതിച്ഛായാ നഷ്ടത്തെപ്പറ്റി ആരൊക്കെ എന്തെല്ലാം പറഞ്ഞാലും ശരി പിണറായിയുടെ തിരുവായ്ക്ക് സി.പി.എമ്മില്‍ എതിര്‍വായില്ല.
ഇതിന്റെ അര്‍ഥമെന്താണ്? സി.പി.എമ്മില്‍ ഉള്‍പ്പാര്‍ട്ടി ജനാധിപത്യം തീര്‍ത്തും ഇല്ലാതായെന്നു തന്നെ. തുടര്‍ച്ചയായ ഭരണ പരാജയങ്ങളുടെയും അഴിമതിയാരോപണങ്ങളുടെയുമെല്ലാം ഇടയിലും സി.പി.എം അതിന്റെ പാര്‍ട്ടി സംവിധാനത്തെ വിമര്‍ശനവിധേയമാക്കുന്നില്ലെന്നാണ്. പിണറായിയും അദ്ദേഹത്തിന്റെ ഇഷ്ടങ്ങള്‍ നടപ്പാക്കുന്നവരുമല്ലാത്തവരുടെ ശബ്ദങ്ങള്‍ പാര്‍ട്ടിയില്‍ അടിച്ചമര്‍ത്തപ്പെടുന്നു എന്നാണ്. വി.എസ് അച്യുതാനന്ദന്‍ എല്ലാ അര്‍ഥത്തിലും ഇന്ന് ഒരു സ്‌പെന്റ് ഫോഴ്‌സാണ്. സ്വന്തമായ നിലപാടുണ്ടെന്ന് തോന്നിപ്പിച്ച എം.എ ബേബിയ്‌ക്കോ തോമസ് ഐസക്കിനോ പാര്‍ട്ടിയില്‍ ജനാധിപത്യത്തിന്റെ ശബ്ദങ്ങള്‍ കേള്‍പ്പിക്കാനാവുകയില്ല. അടിയന്തിരാവസ്ഥക്കാലത്ത് കോണ്‍ഗ്രസ് എന്തായിരുന്നുവോ അതായിത്തീരുന്നു പിണറായിക്കാലത്ത് സി.പി.എം എന്ന് ആരെങ്കിലും പറഞ്ഞാല്‍ തെറ്റാവുമോ?
അനിവാര്യ ദുരന്തം
ഇത് സി.പി.എം നേരിടുന്ന ഒരു അനിവാര്യ ദുരന്തമാണ്, കോണ്‍ഗ്രസിന്റെ തകര്‍ച്ചയിലേക്കു വഴിവച്ചതും ബി.ജെ.പിയെ തകര്‍ക്കാന്‍ പോകുന്നതും ഈ അവസ്ഥ തന്നെയാണ്. കോണ്‍ഗ്രസില്‍ ഇന്ദിര മാത്രമേ ഉണ്ടായിരുന്നുള്ളൂ. ബി.ജെ.പിയില്‍ മോദിക്കും അമിത് ഷാക്കും ശേഷം മറ്റൊരു നേതാവുണ്ടാകാന്‍ പോവുന്നില്ല. തികച്ചും പ്രാദേശികപ്പാര്‍ട്ടിയായി മാറിക്കൊണ്ടിരിക്കുന്ന സി.പി.എമ്മിനും പിണറായിക്കും അദ്ദേഹത്തിന്റെ ഉപഗ്രഹങ്ങളായി വര്‍ത്തിക്കുന്ന ചില ലോബിയിസ്റ്റുകളുമല്ലാതെ രണ്ടാം തലമുറ നേതാക്കളുണ്ടാവുന്നില്ല എന്നത് ഇടതുപക്ഷത്തിന്റെ ഏറ്റവും വലിയ പരാധീനത തന്നെ. ഈ അവസ്ഥയെ പാര്‍ട്ടിയിലെ യുവതലമുറ ശരിയായ രീതിയില്‍ അഭിമുഖീകരിക്കാത്തത് എന്തുകൊണ്ടാണ്? റിവേഴ്‌സ് ക്വാറന്റൈനില്‍ പോകേണ്ട വൃദ്ധനേതാക്കള്‍ക്ക് ഇടതുപക്ഷത്തെ എത്ര കാലമാണ് മുന്നോട്ട് നയിക്കാനാവുക? പിണറായിയല്ലാതെ മറ്റൊരു നേതാവില്ല എന്ന മട്ടില്‍ പാര്‍ട്ടി ഒന്നടങ്കം അദ്ദേഹത്തിനു ചുറ്റും അണിനിരക്കുന്നതില്‍ അടങ്ങിയ അപകടം ഇടതുപക്ഷം തിരിച്ചറിയാത്തത് മനസിലാക്കാം, അത് തിരിച്ചറിയുന്നില്ലെന്ന് തോമസ് ഐസക്ക് പോലും അഭിനയിക്കുകയും മിണ്ടാതിരിക്കുകയും ചെയ്യുന്നു എന്നതാണ് സങ്കടകരം. സി.പി.എം നേരിടാന്‍ പോവുന്ന അനിവാര്യ ദുരന്തത്തിന്റെ സൂചനയാണിത്. ഈ അവസ്ഥയെ കോണ്‍ഗ്രസ് എങ്ങനെയാവും നേരിടുക എന്ന് ആലോചിക്കുന്നതും കൗതുകകരമാണ്. പിണറായി എന്ന നേതാവല്ലാതെ മറ്റാരു നേതാവുമില്ല എന്നതാണ് സി.പി.എമ്മിന്റെ ദുരന്തമെങ്കില്‍ യുദ്ധം നയിക്കാന്‍ ശേഷിയുള്ള നേതാക്കന്മാര്‍ ഇല്ലേയില്ല എന്നതാണ് കോണ്‍ഗ്രസിന്റെ ഗതികേട്. മുഖ്യമന്ത്രിയാവാന്‍ നോമ്പുനോറ്റു കാത്തിരിക്കുന്ന രമേശ് ചെന്നിത്തലയോ ഒരു നേതാവിന്റെ പക്വത പ്രകടമാക്കുന്നതില്‍ അനുദിനം പരാജയപ്പെട്ടുകൊണ്ടിരിക്കുന്ന മുല്ലപ്പള്ളിയോ ആരാണ് യു.ഡി.എഫിന് കൂടുതല്‍ ദോഷം വരുത്തിവയ്ക്കുക എന്നേ ആലോചിക്കേണ്ടതുള്ളൂ. ജനാധിപത്യത്തിനും ഒട്ടും ഇടമില്ലാത്ത പാര്‍ട്ടിയാണ് സി.പി.എമ്മെങ്കില്‍ അതിനെ ധൂര്‍ത്തടിച്ചു കളയുകയാണ് കോണ്‍ഗ്രസ്. കോണ്‍ഗ്രസിന് കേരളത്തില്‍ മികച്ച രണ്ടാം തലമുറ നേതാക്കളുണ്ട്. യു.ഡി.എഫിനെ മുന്നോട്ടുനയിക്കാന്‍ കരുത്തുള്ളവര്‍. എന്നാല്‍ അവരെവച്ച് പട പൊരുതാന്‍ യു.ഡി.എഫ് തയാറല്ല. മുഖ്യമന്ത്രി കുപ്പായം തുന്നിച്ചുവച്ചു കാത്തിരിക്കുകയാണ് പലരും. ആര്‍ക്കായിരിക്കും ആറു മാസത്തിനുശേഷം ഈ കുപ്പായം പാകമാവുക?
കേരള രാഷ്ട്രീയം പ്രബുദ്ധമാണെന്നാണ് വെപ്പ്, കേരളീയ സമൂഹം പ്രബുദ്ധമാകയാല്‍. എന്നാല്‍ തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാക്കുന്നത് ഈ പ്രബുദ്ധത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നാണ്. അമ്മട്ടിലാണ് മത്സരരംഗത്തെ തത്വദീക്ഷയില്ലായ്മ. നമ്മുടെ രാഷ്ട്രീയകക്ഷികളുടെ ഗുണനിലവാരം കുറഞ്ഞുവരുന്നു എന്നതിന്റെ അധികത്തെളിവാണ് ഇപ്പോള്‍ സി.പി.എമ്മിലുള്ള പിണറായി ഭക്തിയും കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരുകളും പാര്‍ട്ടിയെ മുന്നോട്ടുനയിക്കാന്‍ കഴിയാത്ത നേതാക്കളും. തീര്‍ച്ചയായും കേരള രാഷ്ട്രീയത്തില്‍ വേണം ഒരു ക്വാളിറ്റി കണ്‍ട്രോള്‍. ഇടതിലും വലതിലും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."