പെരിയ ഇരട്ടക്കൊലക്കേസ്: സി.ബി.ഐ സംഘം ഉടന്‍ കാസര്‍കോട്ടെത്തും
കാസര്‍കോട്: പ്രമാദമായ പെരിയ ഇരട്ടക്കൊലക്കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘം ദിവസങ്ങള്‍ക്കകം കാസര്‍കോട്ട് എത്തും. ഡിവൈ.എസ്.പി അനന്തകൃഷ്ണന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. സി.ബി.ഐയുടെ തിരുവനന്തപുരം യൂനിറ്റിലെ എസ്.പി ശ്രീനിവാസന്റെ മേല്‍നോട്ടത്തിലാണ് അന്വേഷണം നടക്കുക. കേസില്‍ സി.ബി.ഐ അന്വേഷണത്തെ എതിര്‍ത്ത് സംസ്ഥാന സര്‍ക്കാര്‍ നല്‍കിയ ഹരജി സുപ്രിംകോടതി തള്ളിയിരുന്നു.
സുപ്രിംകോടതി വിധിയെ തുടര്‍ന്ന്, മുന്‍പ് കേസന്വേഷണം നടത്തിയിരുന്ന ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥന്‍ കേസ് ഡയറി കഴിഞ്ഞ ദിവസം സി.ബി.ഐക്കു കൈമാറിയിരുന്നു. ഇതു സി.ബി.ഐ പരിശോധിച്ചുവരികയാണ്. 2019 ഫെബ്രുവരി 17നാണ് പെരിയ കല്ല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ്, ശരത് ലാല്‍ എന്നിവര്‍ കൊല്ലപ്പെട്ടിരുന്നത്. കേസില്‍ ക്രൈംബ്രാഞ്ച് 14 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതില്‍ സി.പി.എം മുന്‍ ബ്രാഞ്ച് സെക്രട്ടറി, ഉദുമ മുന്‍ ഏരിയാ സെക്രട്ടറി എന്നിവരും ഉള്‍പ്പെട്ടിരുന്നു. എന്നാല്‍, ലോക്കല്‍ പൊലിസ്, ക്രൈംബ്രാഞ്ച് എന്നിവര്‍ നടത്തിയ അന്വേഷണത്തില്‍ സി.പി എമ്മിന്റെ ഉന്നത നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ക്കാത്തതിനെ തുടര്‍ന്നാണ് കൊല്ലപ്പെട്ടവരുടെ രക്ഷിതാക്കളായ കൃഷ്ണന്‍, സത്യനാരായണന്‍ എന്നിവര്‍ സി.ബി ഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
ഹൈക്കോടതി സിംഗിള്‍, ഡിവിഷന്‍ ബെഞ്ചുകളില്‍ സി.ബി.ഐ അന്വേഷണത്തെ സംസ്ഥാന സര്‍ക്കാര്‍ എതിര്‍ത്തെങ്കിലും സര്‍ക്കാരിന് അനുകൂലമായി വിധി ഉണ്ടായില്ല. ഹൈക്കോടതി വിധി ചോദ്യം ചെയ്തു സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചെങ്കിലും അവിടെയും സംസ്ഥാന സര്‍ക്കാരിനു പരാജയം നേരിടേണ്ടി വന്നു. പ്രതികളെ രക്ഷിക്കാന്‍ സര്‍ക്കാര്‍ കിണഞ്ഞു ശ്രമിക്കുന്നതായി ആരോപണമുയരുകയും ചെയ്തു. സി.ബി.ഐ അന്വേഷണത്തെ എതിര്‍ക്കാന്‍ സംസ്ഥാന ഖജനാവില്‍നിന്ന് ഒരു കോടിയിലധികം രൂപയാണ് സര്‍ക്കാര്‍ ചെലവാക്കിയത്.
സര്‍ക്കാരിന്റെ ഹരജി സുപ്രിംകോടതി തള്ളിയ സാഹചര്യത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇതു ജില്ലയില്‍ പാര്‍ട്ടിയെ ബാധിക്കും. 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ 35 വര്‍ഷം സി.പി.എമ്മിന്റെ സിറ്റിങ് സീറ്റായിരുന്ന കാസര്‍കോട് മണ്ഡലം യു.ഡി.എഫ് പിടിച്ചെടുത്തതു പെരിയ ഇരട്ടക്കൊലക്കേസിലെ പ്രതിഷേധത്തിന്റെകൂടി ഫലമായായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."