വിമര്‍ശനം: മെസ്സിക്ക് രണ്ടുവര്‍ഷം വരെ വിലക്ക് ലഭിച്ചേക്കും
റിയോ ഡി ജനീറോ: ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷനെതിരേ ആരോപണം ഉന്നയിച്ച മെസ്സിക്കെതിരേ നടപടി വന്നേക്കും. രണ്ട് വര്‍ഷം വരെ വിലക്ക് ലഭിക്കാവുന്ന കുറ്റമാണ് മെസ്സിയില്‍ നിന്നുണ്ടായിട്ടുള്ളത്.
കോപയില്‍ ബ്രസീലിനെതിരേയും ചിലിക്കെതിരേയുമുള്ള മത്സരങ്ങള്‍ക്ക് ശേഷമായിരുന്നു മെസ്സി റഫറിമാര്‍ക്കെതിരേയും ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ അസോസിയേഷനെതിരേയും ആരോപണവുമായി രംഗത്തെത്തിയത്. കോപ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ റഫറിമാരും സംഘാടകരും അര്‍ജന്റീനയ്‌ക്കെതിരേ പക്ഷപാതപരമായി പ്രവര്‍ത്തിച്ചെന്നാണ് മെസ്സിയുടെ ആരോപണം. ബ്രസീലിനെതിരായ സെമി ഫൈനലിലും ചിലിക്കെതിരായ ലൂസേഴ്‌സ് ഫൈനലിലും റഫറിമാരുടെ തീരുമാനങ്ങള്‍ അര്‍ജന്റീനയ്‌ക്കെതിരായിരുന്നു. ഇതിന് പിന്നാലെയാണ് മെസ്സി ലാറ്റിനമേരിക്കന്‍ ഫുട്‌ബോള്‍ ഫെഡറേഷനെതിരേ രംഗത്തെത്തിയത്. കോപ ലൂസേഴ്‌സ് ഫൈനല്‍ ജേതാക്കള്‍ക്കുള്ള മെഡല്‍ദാന ചടങ്ങും മെസ്സി പ്രതിഷേധ സൂചകമായി ബഹിഷ്‌കരിച്ചിരുന്നു. ഫുട്‌ബോള്‍ ഫെഡറേഷന്‍ നിയമപ്രകാരം മെസ്സി ഗുരുതരമായ അച്ചടക്ക ലംഘനം നടത്തിയതായാണ് സൂചന. മെസ്സിക്കെതിരായ നടപടി അംഗീകരിക്കപ്പെട്ടാല്‍ അര്‍ജന്റീനയ്ക്ക് കനത്ത തിരിച്ചടിയാകും. ഖത്തര്‍ ലോകകപ്പിനുള്ള യോഗ്യതാ മത്സരങ്ങള്‍ ആരംഭിക്കാനിരിക്കുകയാണ്. 2020ല്‍ അര്‍ജന്റീനയും കൊളംബിയയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന കോപ അമേരിക്ക ഫുട്‌ബോളിലും മെസ്സിക്ക് കളിക്കാനാകില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."