തൊട്ടതെല്ലാം പൊന്നാക്കി അലിസണും ആല്‍വസും
റിയോ ഡി ജെനീറോ: കഴിഞ്ഞ ദിവസം സമാപിച്ച കോപ അമേരിക്കന്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന് ശേഷം എടുത്ത് പറയേണ്ട രണ്ട് ബ്രസീലിയന്‍ താരങ്ങളുണ്ട്. കളിക്കളത്തില്‍ അപൂര്‍വം ചിലര്‍ക്ക് മാത്രമേ ഇത്തരം നേട്ടങ്ങള്‍ എത്തിപ്പിടിക്കാന്‍ സാധിക്കുകയുള്ളൂ. ഡാനി ആല്‍വസും അലിസണ്‍ ബക്കറെന്ന കാവല്‍ക്കാരനും. കഴിഞ്ഞ ദിവസത്തെ കിരീട നേട്ടത്തോടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കിരീടം സ്വന്തമാക്കുന്ന താരമെന്ന നേട്ടമാണ് ഡാനി ആല്‍വസ് സ്വന്തമാക്കിയത്.
തന്റെ കരിയറിലുടനീളം 40 കിരീട നേട്ടത്തിലാണ് ആല്‍വസ് പങ്കാളിയായത്. രാജ്യത്തിന് വേണ്ടിയും ക്ലബിനുവേണ്ടിയുമാണ് ഇത്രയും കിരീടം ഡാനി സ്വന്തമാക്കിയത്. 2001ല്‍ ബ്രസീലിലെ ബഹിയ ക്ലബിലൂടെ കരിയര്‍ ആരംഭിച്ച ആല്‍വസ് കളിച്ചിടത്തെല്ലാം പ്രതിഭ തെളിയിച്ചു. 2002ല്‍ സെവിയ്യയിലേക്ക് ചേക്കേറിയതോടെ താരത്തിന്റെ രാശി തെളിഞ്ഞു. 2018ല്‍ ലാ ലിഗ ചാംപ്യന്‍ ക്ലബായ ബാഴ്‌സലോണയിലേക്ക് ആല്‍വസ് എത്തിയതോടെ താരത്തിന്റെ മൂല്യമുയര്‍ന്നു. എട്ട് കൊല്ലം ബാഴ്‌സയ്‌ക്കൊപ്പം പന്ത് തട്ടിയ അദ്ദേഹം 247 മത്സരങ്ങളില്‍ നിന്ന് 14 ഗോളും നേടി. ബാഴ്‌സയ്‌ക്കൊപ്പമാണ് ആല്‍വസ് കൂടുതല്‍ കിരീടം നേടിയത്. 24 തവണയാണ് ബാഴ്‌സ ജഴ്‌സിയില്‍ ആല്‍വസ് കിരീടമുയര്‍ത്തിയത്. കഴിഞ്ഞ സീസണ്‍ വരെ പി.എസ്.ജിയില്‍ കളിച്ചിരുന്ന ആല്‍വസ് പുതിയ സീസണില്‍ പുതിയ ക്ലബിന് വേണ്ടി കളിക്കും. ഏത് പൊസിഷനിലും കളിക്കാന്‍ തയാറുള്ള ആല്‍വസ് എമര്‍ജന്‍സി കണ്ടിഷനില്‍ ഗോള്‍ കീപ്പിങ് ജഴ്‌സി വരെ അണിഞ്ഞിട്ടുണ്ട്. സീസണില്‍ കളിച്ച മൂന്ന് പ്രധാന ചാംപ്യന്‍ഷിപ്പിലും ഗോള്‍ഡന്‍ ഗ്ലൗ നേടിയാണ് അലിസണ്‍ ബക്കര്‍ ചരിത്രത്തിലേക്ക് നടന്ന് കയറിയത്. കഴിഞ്ഞ സീസണില്‍ ലിവര്‍പൂളിലേക്കെത്തിയ അലിസണ്‍ കഴിഞ്ഞ സീസണില്‍ ചാംപ്യന്‍സ് ലീഗിലേയും പ്രീമിയര്‍ ലീഗിലേയും ഗോള്‍ഡന്‍ ഗ്ലൗ നേടുന്ന താരമായി.
ഇന്നലെ സമാപിച്ച കോപയിലും ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം സ്വന്തമാക്കിയതോടെ ചരിത്രത്തില്‍ അലിസണ്‍ സ്വന്തം പേര് എഴുതിച്ചേര്‍ത്തു.
ആദ്യമായിട്ടാണ് ഗോള്‍ കീപ്പര്‍ ഒരു സീസണിലെ മൂന്ന് ടൂര്‍ണമെന്റിലും മികച്ച കീപ്പറായി തിരഞ്ഞെടുക്കപ്പെടുന്നത്. കോപ അമേരിക്കയിലെ ആറു മത്സരത്തില്‍ അഞ്ചിലും അലിസണ്‍ ക്ലീന്‍ ഷീറ്റ് സ്വന്തമാക്കി. ലിവര്‍പൂളിനായി ചാംപ്യന്‍സ് ലീഗില്‍ 13 മത്സരത്തിലാണ് അലിസണ്‍ വല കാത്തത്. ഇതില്‍ ആറെണ്ണത്തിലും ക്ലീന്‍ ഷീറ്റ് സ്വന്തമാക്കി. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 38 മത്സരത്തിലാണ് അലിസണ്‍ ലിവര്‍പൂളിന്റെ കാവല്‍ക്കാരനായത്. ഇതില്‍ 21 എണ്ണത്തിലും താരം ക്ലീന്‍ ഷീറ്റ് സ്വന്തമാക്കി. ഈ നേട്ടങ്ങളായിരുന്നു സീസണിലെ മൂന്ന് ചാംപ്യന്‍ഷിപ്പുകളിലും താരത്തിന് ഗോള്‍ഡന്‍ ഗ്ലൗ ലഭിക്കാന്‍ കാരണമായത്. ഇതോടെ ഏറ്റവും മൂല്യമുള്ള ഗോള്‍ കീപ്പര്‍മാരുടെ പട്ടികയിലേക്ക് കൂടി അലിസണ്‍ നടന്നുകയറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."