വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കാന്‍ അന്വേഷണ ഏജന്‍സിക്ക് അധികാരം
ന്യൂഡല്‍ഹി: ഭീകരബന്ധമുണ്ടെന്ന് സംശയിക്കുന്ന വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കാന്‍ അന്വേഷണ ഏജന്‍സികള്‍ക്ക് അധികാരം നല്‍കുന്ന യു.എ.പി.എ ബില്ലിനെതിരേ ശക്തമായ എതിര്‍പ്പുമായി പ്രതിപക്ഷം. ഇത് പോട്ടയ്ക്കും ടാഡയ്ക്കും തുല്യമായ നിയമമാണെന്നും ദുരുപയോഗപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ബില്ലിനെതിരേ പ്രതിപക്ഷം എതിര്‍പ്പുന്നയിച്ചത്. ബില്‍ ഇന്നലെയാണ് ലോക്്‌സഭയില്‍ അവതരിപ്പിച്ചത്. ഭേദഗതി പ്രകാരം ഭീകരനായി പ്രഖ്യാപിക്കപ്പെട്ടാല്‍ താന്‍ ഭീകരനല്ലെന്ന് റിവ്യൂ കമ്മിറ്റി മുമ്പാകെ തെളിയിക്കേണ്ട ബാധ്യത ആരോപണ വിധേയനാണ്.
കേരളത്തില്‍ നിന്നുള്ള ശശി തരൂര്‍, എന്‍.കെ പ്രേമചന്ദ്രന്‍ എന്നിവരാണ് ബില്ലിനെ കാര്യമായി എതിര്‍ത്ത് സംസാരിച്ചത്. സാധാരണക്കാരന്റെ മൗലികാവകാശങ്ങള്‍ ഹനിക്കുന്നതാണ് നിയമമെന്നും അതിനെ അംഗീകരിക്കാന്‍ കഴിയില്ലെന്നും പ്രതിപക്ഷ എം.പിമാര്‍ ചൂണ്ടിക്കാട്ടി. ഭീകരപ്രവര്‍ത്തനം നടത്തുന്ന സംഘടനയെയാണ്, അല്ലാതെ വ്യക്തിയെയല്ല ഭീകരനായി പ്രഖ്യാപിക്കേണ്ടതെന്ന് ശശി തരൂര്‍ പറഞ്ഞു. വിചാരണയില്ലാതെ ഒരു വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല.
നിരോധിക്കപ്പെട്ട സംഘടനയുടെ ഭാഗമല്ലാത്ത ഒരു ഭീകരനെ കാണിച്ചു തരാന്‍ പറ്റില്ലെന്നും ശശിതരൂര്‍ ചൂണ്ടിക്കാട്ടി. വ്യക്തിയെയും സംഘടനയെയും ഒരു പോലെ കാണരുത്. ജയിലിലടക്കപ്പെടുന്നയാള്‍ക്ക് താന്‍ നിരപരാധിയാണെന്ന് തെളിയിക്കാന്‍ കഴിയില്ല. ദുരുപയോഗം തടയാന്‍ നിയമത്തില്‍ വകുപ്പില്ലെന്നും ശശിതരൂര്‍ ചൂണ്ടിക്കാട്ടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."