അസ്തിത്വം, അവകാശം യുവനിര വീണ്ടെടുക്കുന്നു
അപരവിദ്വേഷ നിര്‍മിതി ഉപയോഗപ്പെടുത്തിയാണ് കേന്ദ്രഭരണകൂടം മുന്നേറുന്നത്. ഇതിനായി പ്രതിസ്ഥാനത്ത് നിര്‍ത്തിയിരിക്കുന്നത് രാജ്യത്തെ ന്യൂനപക്ഷമായ മുസ്‌ലിംകളെയാണ്. സാമ്പത്തിക, രാഷ്ട്രീയ, കാര്‍ഷിക പ്രതിസന്ധികള്‍ നേരിടുമ്പോഴെല്ലാം ഈ അപരനെ ചൂണ്ടിക്കാട്ടി ജനശ്രദ്ധ തിരിക്കുകയാണ്. ആരാണ് ഈ അപരന്‍ എന്നും രാജ്യത്ത് അവരുടെ ഇടം എന്താണെന്നും പരിശോധിക്കുകയാണിവിടെ.
എ.ഡി ഏഴാം നൂറ്റാണ്ടില്‍ കടലു കടന്നെത്തിയ ഇസ്‌ലാമിനെ ഇന്ത്യ ഇരുകരങ്ങളും നീട്ടി സ്വീകരിച്ചു. മുസ്‌ലിംകളുടെ ശൈലിയും സ്വഭാവവും ഇന്നാടിനെ കൂടുതല്‍ ആകര്‍ഷിച്ചു. തങ്ങള്‍ ജനിച്ചതു മുതല്‍ കണ്ടുശീലിച്ച ജീവിതക്രമം മാറ്റിയെഴുതിയ മതം കണ്ടാണ് പലരും ഇസ്‌ലാമിലേക്ക് കടന്നുവന്നത്. പണ്ഡിതോചിതമായ ഇസ്‌ലാമാശ്ലേഷണം നടത്തിയവരും നിരവധി. രാജ്യഭരണപരമായ തര്‍ക്കങ്ങള്‍ ഇസ്‌ലാമിന്റെ ആവിര്‍ഭാവ കാലത്തിന് മുമ്പേ ഇന്ത്യയിലുമുണ്ടായിരുന്നു. ശേഷവും അത്തരം സംഘര്‍ഷങ്ങള്‍ തുടര്‍ന്നു. അഫ്ഗാന്‍ വഴി അവിഭക്ത ഇന്ത്യയിലെത്തിയ മുഗളന്മാരും മംമ്‌ലൂക്കുകളും ഖില്‍ജികളും തുഗ്ലക്കുകളുമൊക്കെ നൂറ്റാണ്ടുകളോളം ഇന്ത്യ ഭരിച്ചു. ജാതീയതക്കും അസമത്വത്തിനുമെതിരേ മുസ്‌ലിം ഭരണാധികരികള്‍ സ്വീകരിച്ച നിലപാടുകള്‍ക്ക് സാധാരണക്കാര്‍ക്ക് അഭിമാനകരമായ സാമൂഹിക ചുറ്റുപാട് സൃഷ്ടിച്ചു. തുടര്‍ന്ന് രാജ്യത്തിന്റെ മണ്ണും മനസും കീഴടക്കാനെത്തിയ ബ്രിട്ടിഷുകാരുള്‍പ്പെടെയുള്ള അധിനിവേശകര്‍ക്കെതിരേ മത വ്യത്യാസങ്ങളില്ലാതെ ഇവിടെയുള്ള ജനത ഒരുമയോടെ പോരാടി. എന്നാല്‍ ഈ മൈത്രിയെ ഇഷ്ടപ്പെടാത്ത രണ്ടു വിഭാഗങ്ങളുണ്ടായിരുന്നു, ബ്രിട്ടിഷ് ഭരണകൂടവും ഹൈന്ദവതയുടെ മറവില്‍ രാഷ്ട്രീയാധികാരവും രാജ്യസംസ്ഥാപനവും സ്വപ്നം കണ്ട തീവ്രവാദികളും. രാജ്യം സ്വാതന്ത്ര്യം നേടിയെടുക്കാനുള്ള തീവ്രശ്രമത്തിലായിരുന്നപ്പോഴും തങ്ങളുടെ ഇംഗിതങ്ങള്‍ നടത്തിയെടുക്കാന്‍ ഭരണകൂടത്തെ സേവിക്കുകയായിരുന്നു ഇക്കൂട്ടര്‍.
സ്വാതന്ത്ര്യാനന്തരം മുഖ്യധാരാ പാര്‍ട്ടികളില്‍ തന്നെ പ്രവര്‍ത്തിച്ച ഇക്കൂട്ടര്‍ ഗോള്‍വാള്‍ക്കറിന്റെ മനുവാദ നിലപാടുതറയില്‍ പണിത ആര്‍.എസ്.എസ് ആശയങ്ങളുടെ അരികുചേര്‍ന്നുനിന്നു. 1980 ഏപ്രില്‍ ആറിന് ഭാരതീയ ജനതാ പാര്‍ട്ടിയെന്ന ബി.ജെ.പി രൂപവല്‍ക്കരിച്ച് ആര്‍.എസ്.എസ് പ്രത്യക്ഷ രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങി. മനുവാദ പ്രകാരം ജാതീയ സാമൂഹിക ക്രമത്തില്‍ സവര്‍ണവിഭാഗങ്ങളെ മാത്രമേ പരിഗണിക്കൂവെങ്കിലും വോട്ടുരാഷ്ട്രീയത്തില്‍ പിന്നോക്ക ജാതിക്കാരടക്കമുള്ളവരെ പരിഗണിക്കാന്‍ ബി.ജെ.പി നിര്‍ബന്ധിതരായി. ഹിന്ദുത്വമെന്ന കള്‍ട്ടിന് പകരം ഹിന്ദു മതമെന്ന രൂപംനല്‍കി നാനാ ജാതി, ആചാര അനുഷ്ഠാനങ്ങളുള്ള ജനങ്ങളെ ചേര്‍ത്തുനിര്‍ത്തുന്നതില്‍ അവര്‍ വിജയിച്ചു. രാഷ്ട്രീയ വിജയം നേടിയെങ്കിലും രാജ്യത്തെ മതേതര മനസ് ഭിന്നിച്ചുനില്‍ക്കുന്നതുകൊണ്ട് മാത്രം സാധ്യമായവയാണത്. ഇതിന് പിറകിലെ കളികളാണ് മുസ്‌ലിം സമൂഹം നേരിടുന്ന പ്രശ്‌നങ്ങളുടെ മൂല കാരണം.
ബ്രിട്ടിഷ് ഭരണകൂടത്തിന്റെ കണ്ണിലെ കരടായിരുന്ന മുസ്‌ലിംകളടക്കമുള്ള ജനങ്ങള്‍ക്ക് സ്വാതന്ത്ര്യാനന്തരം ഭരണഘടനാപരമായ അവകാശങ്ങള്‍ വകവെച്ചുകൊടുത്തിരുന്നു. കാലമിത്രയായിട്ടും പൂര്‍ണതോതില്‍ നടപ്പിലാക്കപ്പെടാത്ത സംവരണമടക്കമുള്ള ഈ അവകാശങ്ങള്‍ നിര്‍വീര്യമാക്കാനുള്ള നിയമനിര്‍മാണം നടത്തിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. വര്‍ധിത വീര്യത്തോടെ അവ നടപ്പാക്കിയിരിക്കുകയുമാണ് സംസ്ഥാന സര്‍ക്കാര്‍. രാഷ്ട്രീയക്കളിയില്‍ സംഭവിച്ച വിഭജനം മുതല്‍ ഇന്നുവരെ രാജ്യത്ത് നടക്കുന്ന സംഭവങ്ങളില്‍ ഹിന്ദുത്വധാരയുടെ ഇടപെടലുകള്‍ കാണാതിരിക്കാനാകില്ല. ഏറ്റവും ഒടുവിലായി മുന്നോക്കത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണമേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നിയമവും അത് കേരള സര്‍ക്കാര്‍ നടപ്പിലാക്കിയ രീതിയും നോക്കാം. സവര്‍ണരില്‍ 90 ശതമാനവും സമ്പന്നരാണ്. പത്തു ശതമാനം മാത്രമാണ് ദരിദ്രര്‍. സംവരണത്തിന് സര്‍ക്കാര്‍ നിശ്ചയിച്ച മാനദണ്ഡം നാലു ലക്ഷം രൂപയും രണ്ടര ഏക്കര്‍ വസ്തുവുമാണ്. അഥവാ മിക്കവര്‍ക്കും സംവരണം ലഭ്യമെന്നര്‍ഥം. സംവരണം ഒരു ദാരിദ്ര്യ നിര്‍മാര്‍ജന പദ്ധതിയല്ലെന്നത് മറ്റൊരു കാര്യം. സാമ്പത്തിക സംവരണത്തിലൂടെ ഇതരസംവരണ വിഭാഗങ്ങളെക്കാള്‍ അധിക ആനൂകൂല്യം വളരെ ന്യൂനപക്ഷം വരുന്ന മുന്നോക്കക്കാര്‍ക്ക് കിട്ടി. അധികാരതലത്തിലും സാമ്പത്തികതലത്തിലും ആധിപത്യം പുലര്‍ത്തുന്ന ഇക്കൂട്ടര്‍ക്ക് തന്നെ ഈ ആനുകൂല്യം കൂടി നല്‍കുന്നതോടെ ഇതര വിഭാഗങ്ങള്‍ പൂര്‍ണ അവശരാകും. മറ്റു പല വിഭാഗങ്ങള്‍ക്കും സംവരണം നേടിയെടുക്കാന്‍ നീണ്ട പോരാട്ടങ്ങള്‍ വേണ്ടിവന്നു. പക്ഷേ സവര്‍ണ സംവരണം തീരുമാനിച്ചതും നടപ്പാക്കിയതും ക്ഷിപ്രവേഗത്തിലാണ്. രാഷ്ട്രീയ തലത്തിലെന്നതിലുപരി ഉദ്യോഗസ്ഥതലത്തിലെ സവര്‍ണ സാന്നിധ്യമാണ് ഇതിനുപിന്നിലെ കാരണം. മുസ്‌ലിംകളടക്കമുള്ള പിന്നോക്കവിഭാഗത്തിന് ഉദ്യോഗസ്ഥ തലത്തില്‍ ഇടമുണ്ടാകുന്നത് വഴി മാത്രമാണ് ഭരണതലത്തിലെ നീതിനിഷേധം ഇല്ലായ്മ ചെയ്യാനാകൂ. ജുഡീഷ്യറിയിലും സാന്നിധ്യം അത്യന്താപേക്ഷിതം തന്നെ. ഇതരരുടെ അവകാശം ഹനിക്കാനല്ല, അവശരുടെ അവകാശങ്ങള്‍ അനുവദിച്ചു കൊടുക്കാനാണിത്.
രാഷ്ട്രീയവും സാമൂഹികവുമായ നിരവധി പ്രശ്‌നങ്ങള്‍ക്കിടയിലാണ് മുസ്‌ലിം സമുദായം. മതത്തിനകത്തുള്ള സംഘടനാ സംവിധാനങ്ങള്‍ ഏറെക്കുറെ ഇത്തരം പ്രശ്‌നങ്ങള്‍ ഒന്നിച്ചുനേരിടണമെന്ന ബോധ്യത്തിലാണ്. സഹോദര മതക്കാരിലെ സമാനമനസ്‌കരുമായി ചേര്‍ന്നുപ്രവര്‍ത്തിക്കുന്നതിലും തടസങ്ങളില്ല. മാത്രമല്ല, നമ്മുടെ പാരമ്പര്യ വഴികളിലെ മാതൃകയുമതാണ്. സാമൂഹികമാധ്യമങ്ങള്‍ പ്രചാരം നേടിയതോടെ ചിന്തയേക്കാള്‍ മുന്നേ വാക്പ്രയോഗം നടത്തുകയാണ് പലരും. സാമുദായിക വിഷയങ്ങളില്‍ ഫേക് ഐഡികളിലൂടെയും മറ്റും രംഗം കാലുഷ്യഭരിതമാക്കാന്‍ സംഘടിത ശ്രമങ്ങളും നടക്കുന്നു. സഭ്യമായ പ്രതിരോധം ഓണ്‍ലൈനിലും ഓഫ്‌ലൈനിലും അനിവാര്യം തന്നെ, പക്ഷേ എതിര്‍പാളയത്തെ വെല്ലുന്ന അസഭ്യ, വൈകാരിക പ്രകടനം വിശ്വാസികള്‍ക്ക് ചേരുന്നതല്ലെന്ന് അവിതര്‍ക്കിതമാണ്.
കേരളത്തിലെ ആദ്യകാല ഇസ്‌ലാമിക പ്രബോധകര്‍ മുതല്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ നേതൃത്വത്തിലെ പണ്ഡിതശ്രേഷ്ഠര്‍ വരെ കാണിച്ചുതന്ന മാതൃക സര്‍വരെയും ഉള്‍ക്കൊള്ളുന്ന സാമൂഹിക മാതൃകയാണ്. കണിശമായ മതബോധനം നടത്തുമ്പോള്‍ തന്നെ സഹോദര സമുദായത്തെ ഉള്‍ക്കൊള്ളാന്‍ അവര്‍ക്ക് കഴിഞ്ഞു. ഈ മാതൃകയാണ് നാം പിന്തുടരേണ്ടത്.
പ്രശ്‌നങ്ങളുടെ പേമാരിപ്പെയ്ത്തിലും അസ്തിത്വം മുറുകെ പിടിച്ച് തന്നെ നിലകൊണ്ടതാണ് മുസ്‌ലിമിന്റെ ഗതകാല പൈതൃകം. അറിവും ആത്മസമര്‍പ്പണവും കൊണ്ട് അകം നിറഞ്ഞാല്‍ ഇരകളല്ല നാം, അഭിമാനകരമായ അസ്തിത്വത്തിന്റെ ഉടമകളാകും. കൃത്യമായ അധികാര, ഉദ്യോഗസ്ഥ പ്രതിനിധ്യം ഉറപ്പാക്കുന്ന ഭൗതിക വിദ്യാഭ്യാസ കരിയര്‍ പ്രവര്‍ത്തനങ്ങളോടൊപ്പം തന്നെ ആത്മീയ, വൈജ്ഞാനിക മുന്നേറ്റങ്ങളുമുണ്ടാകണം. കേവലം രാഷ്ട്രീയപ്രശ്‌നപരിഹാരങ്ങള്‍കൊണ്ട് മാത്രം വീണ്ടെടുക്കാനാകുന്നതല്ല സമുദായത്തിന്റെ അന്തസ്സ്. നേരും നന്മയും പറഞ്ഞും നെറികേടും തിന്മയും തിരിച്ചറിഞ്ഞും വളരുന്ന ജനതയാണ് ഉത്തമസമുദായം. നാടിന്റെ ബഹുസ്വരതയെ ഉള്‍ക്കൊള്ളുമ്പോള്‍ തന്നെ സ്വത്വം നഷ്ടപ്പെടാതെ കാത്തുസൂക്ഷിക്കാന്‍ വിശ്വാസി സമൂഹത്തിനാകും.
കാലിക പ്രാധാന്യമര്‍ഹിക്കുന്ന ഇത്തരം ക്രിയാത്മക ചിന്തകള്‍ സമൂഹത്തിന്, വിശേഷിച്ച് പുതുതലമുറയ്ക്ക് കൈമാറുകയാണ് എസ്.കെ.എസ്.എസ്.എഫ് വ്യാപക പ്രചാരണത്തിലൂടെ ലക്ഷ്യമാക്കുന്നത്. അവകാശ പോരാട്ടങ്ങളില്‍ മാതൃകാ ചരിത്രം തീര്‍ത്ത മമ്പുറം തങ്ങളുടെ ചാരത്തുനിന്ന്, അദ്ദേഹത്തിന്റെ വീട്ടുമുറ്റത്തുവച്ച് നാളെ മുതല്‍ സംഘടനയുടെ കാംപയിന്‍ ആരംഭിക്കുകയാണ്. ജനുവരി 26 റിപബ്ലിക് ദിനം വരെയാണ് പ്രചാരണ പരിപാടികള്‍.
(എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."