ഡോളര്‍ കടത്ത് കേസ് നിര്‍ണായക ഘട്ടത്തില്‍; സ്വപ്‌നയും സരിത്തും മാപ്പു സാക്ഷികളാകും; വമ്പന്‍മാരുടെ അറസ്റ്റ് ഉടന്‍
തിരുവനന്തപുരം: ഡോളര്‍ കള്ളക്കടത്ത് കേസില്‍ സ്വപ്നയെയും സരിത്തിനെയും മാപ്പുസാക്ഷികളാക്കാന്‍ കസ്റ്റംസ് കോടതിയെ സമീപിച്ചതിനു പിന്നാലെ ഇതിലുള്‍പ്പെട്ട വമ്പന്‍ സ്രാവുകള്‍ക്കായി കസ്റ്റംസ് വലവിരിച്ചു.
സ്വപ്നയില്‍ നിന്നും സരിത്തില്‍ നിന്നും കള്ളക്കടത്തുമായി ബന്ധപ്പെട്ടു ലഭിച്ച നിര്‍ണായക മൊഴികളും തെളിവുകളുമാണ് ഇരുവരെയും മാപ്പുസാക്ഷികളാക്കാന്‍ കസ്റ്റംസിനെ പ്രേരിപ്പിച്ചത്. ഡിപ്ലോമാറ്റിക് ചാനലിലൂടെ കോടികളുടെ കള്ളപ്പണം പ്രമുഖര്‍ ഗള്‍ഫിലേക്കു കടത്തിയതായി സ്വപ്നയും സരിത്തും കസ്റ്റംസിനോട് വെളിപ്പെടുത്തിയിട്ടുണ്ട്. നടന്നത് റിവേഴ്‌സ് ഹവാലയാണെന്നും നിരവധി പ്രമുഖര്‍ക്ക് ഇതില്‍ പങ്കുണ്ടെന്നുമാണ് കസ്റ്റംസ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 1.40 കോടിയോളം രൂപ സംഘം ഡോളര്‍ രൂപത്തില്‍ വിദേശത്തേക്കു കടത്തിയെന്നാണ് കണ്ടെത്തിയിരിക്കുന്നത്. അതേ പണം ഇന്ത്യന്‍ കറന്‍സിയാക്കി തിരികെ നാട്ടിലെത്തിച്ചതിന്റെ തെളിവുകളും കസ്റ്റംസിനു ലഭിച്ചിട്ടുണ്ട്.
ഡോളര്‍ കടത്തുകേസില്‍ വരുംദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റുണ്ടാകുമെന്ന സൂചനയാണ് കസ്റ്റംസ് വൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്നത്. ഡോളര്‍ കടത്തില്‍ സരിത്തിന്റെയും സ്വപ്നയുടെയും മൊഴികള്‍ നിര്‍ണായകമായതിനാല്‍ അവരുടെ ജീവനു ഭീഷണിയുണ്ടെന്നും അതിനാല്‍ അവര്‍ക്കു ജാമ്യം നല്‍കാന്‍ പാടില്ലെന്നും കാട്ടി കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ കേസിന്റെ ഗൗരവം വ്യക്തമാക്കുന്നു. ചില വിദേശ പൗരര്‍ ഇന്ത്യയിലെത്തിയത്, അവരുടെ യാത്രകള്‍, ഇവിടെ ചെലവഴിച്ച സ്ഥലങ്ങള്‍, സമയം, അവരുമായി കൂടിക്കാഴ്ച നടത്തിയവരുടെ വിവരങ്ങള്‍ എന്നിവയെല്ലാം സരിത്തില്‍ നിന്നും സ്വപ്നയില്‍ നിന്നും കസ്റ്റംസ് മനസിലാക്കിയിട്ടുണ്ട്.
സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും പരസ്പര ബന്ധമുള്ള കേസുകളാണെന്ന് വ്യക്തമായതോടെ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിനെ ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ ചോദ്യം ചെയ്യും. ശിവശങ്കറിന്റെ രണ്ടു ഫോണുകള്‍ കൂടി കഴിഞ്ഞദിവസം അന്വേഷണ സംഘത്തിനു ലഭിച്ചതോടെ അതില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തില്‍ കൂടിയാകും ശിവശങ്കറിനെ ചോദ്യം ചെയ്യുക. ശിവശങ്കര്‍, സ്വപ്ന, സരിത്ത് എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും കസ്റ്റംസ് ആലോചിക്കുന്നുണ്ട്. ഇതോടെ കള്ളക്കടത്തിന്റെ പൂര്‍ണമായ വിവരങ്ങള്‍ ലഭ്യമാകുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."