സ്‌കൂള്‍ വാഹന പരിശോധനയില്‍ കണ്ടെത്തിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍: വാഹനങ്ങള്‍ക്ക് ബ്രെയ്ക്കും ടയറും മേല്‍കൂരയുമില്ല
വടക്കാഞ്ചേരി: പുത്തന്‍ പ്രതീക്ഷയോടെ എത്തുന്ന അധ്യയന വര്‍ഷം അപകടരഹിതവും, ദുരന്തമുക്തവുമാക്കാന്‍ കര്‍മ്മ പദ്ധതികളുമായി വിവിധ വകുപ്പുകള്‍ രംഗത്ത്. ഇതിന് മുന്നോടിയായി മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷാ പരിശോധന ആരംഭിച്ചു. എല്ലാം കൃത്യമായ വാഹനങ്ങള്‍ക്ക്‌ചെക്ക് സ്ലിപ്പ് നല്‍കി. 2017 മാര്‍ച്ച് 31 ന് മുമ്പ് ഫിറ്റ്‌നസ് എടുത്ത വാഹനങ്ങള്‍ക്കാണ് ഇന്നലെ പരിശോധന നടന്നത്.
മാര്‍ച്ച് 31 ന് ശേഷം ഫിറ്റ് നസ് സര്‍ട്ടിഫിക്കറ്റ് എടുത്ത സ്‌കൂള്‍ ബസുകളില്‍ നിന്നോ സബ്ബ് ആര്‍.ടി ഓഫീസുകളില്‍ നിന്നോ ചെക്ക് സ്ലിപ്പ് വാങ്ങി ബസിന്റെ മുന്‍വശത്തുള്ള വിന്റ് ഷീല്‍ഡ് ഗ്ലാസില്‍ പതിക്കണം. ചെക്ക് സ്ലിപ്പ് പതിയ്ക്കാത്ത വാഹനങ്ങള്‍ ജൂണ്‍ ഒന്നിന് ശേഷം സര്‍വ്വീസ് നടത്താന്‍ അനുവദിയ്ക്കില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്അധികൃതര്‍ അറിയിച്ചു. തൃശൂര്‍ ജില്ലയില്‍ എല്ലാ റീജ്യണുകള്‍ക്ക് കീഴിലും ഒറ്റ ദിവസമാണ് പരിശോധന നടന്നത്.
തൃശൂര്‍ ആര്‍.ടി ഓഫീസിന് കീഴിലെ സ്‌കൂള്‍ ബസുകളുടെ പരിശോധന അത്താണി ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടിലും, മടക്കാഞ്ചേരി സബ്ബ് ആര്‍.ടി ഓഫീസിന് കീഴിലെ വാഹന പരിശോധന കുറാഞ്ചേരി ജംഗ്ഷനിലുമാണ് നടന്നത്. ഗുരുവായൂര്‍ കുന്നും കുളം കൊടുങ്ങല്ലൂര്‍, ഏറിയാട്, ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഗ്രൗണ്ട്, ചാലക്കുടി ക്രസന്റ് കോളേജ് ഗ്രൗണ്ട് എന്നിവിടങ്ങളിലായിരുന്നു മറ്റ് പരിശോധനാ കേന്ദ്രങ്ങള്‍. വടക്കാഞ്ചേരിയില്‍ പരിശോധനക്കെത്തിയത് 85 വാഹനങ്ങളായിരുന്നു.
പരിശോധന നടന്നപ്പോള്‍ പുറത്ത് വന്നത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. 12 വാഹനങ്ങള്‍ ഒരു സുരക്ഷാ മാനദണ്ഡവും പാലിക്കാത്തവയാണെന്ന് കണ്ടെത്തി. ബ്രെയ്ക്ക് പ്രവര്‍ത്തിക്കാത്തവ, ടയര്‍ തേയ്മാനം വന്നവ, മേല്‍കൂര തുരുമ്പെടുത്തവ എന്നിവയോടൊപ്പം സ്പീഡ് ഗവേണര്‍ പ്രവര്‍ത്തിക്കാത്ത വാഹനവും പരിശോധനക്കെത്തിച്ചിരുന്നവയില്‍ ഉള്‍പ്പെടുന്നു. ഇവ മടക്കി വിട്ടു.
തകരാറുകള്‍ പരിഹരിച്ച് ഈ വാഹനങ്ങള്‍ ജൂണ്‍ ഒന്നിന് മുമ്പ് വീണ്ടും ഹാജരാക്കി സര്‍ട്ടിഫിക്കറ്റ് കൈപറ്റണം. അല്ലാത്ത വാഹനങ്ങളെ നിരത്തിലിറക്കാന്‍ അനുവദിക്കില്ല. തിങ്കള്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ നടക്കുന്ന വാഹന ടെസ്റ്റില്‍ ഈ വാഹനങ്ങള്‍ ഹാജരാക്കി സര്‍ട്ടിഫിക്കറ്റ് നേടാമെന്നും പരിശോധനക്ക് നേതൃത്വം നല്‍കിയ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ മാസ്റ്റര്‍ ദിലീപ് കുമാര്‍, അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്.രാജന്‍ എന്നിവര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."