തുര്‍ക്കിയിലെ തെരഞ്ഞെടുപ്പ് അര്‍ഥമാക്കുന്നതെന്ത്
ലോക രാജ്യങ്ങളില്‍ രാഷ്ട്രീയ പ്രാധാന്യത്തിന്റെ അടിസ്ഥാനത്തില്‍ മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പിനു പ്രാധാന്യം കുറവാണെങ്കിലും തുര്‍ക്കി സംവിധാനത്തില്‍ 81 പ്രവിശ്യകളെയും അവയുടെ പട്ടണങ്ങളെയും നഗരങ്ങളെയും തുര്‍ക്കി ജനത തെരഞ്ഞെടുക്കുന്നു. മാര്‍ച്ചില്‍ നടന്ന ഇലക്ഷനില്‍ ഉര്‍ദുഗാന്റെ ഭരണപക്ഷം 51.64 ശതമാനം വോട്ടു നേടിയെങ്കിലും തുര്‍ക്കിയിലെ പ്രധാന നഗരങ്ങളിലെ തോല്‍വി അവര്‍ക്കു വലിയ തിരിച്ചടിയായി. നാടകീയ രംഗങ്ങള്‍ക്കു ശേഷം ഇസ്താംബൂളില്‍ പുനര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ വീണ്ടും കാത്തിരിപ്പിന്റെ നാളുകളായി. ശേഷം ജൂണ്‍ 23നു നടന്ന ഇസ്താംബൂളിലെ പുനര്‍ തെരഞ്ഞെടുപ്പിനു ശേഷം തുര്‍ക്കിയിലെ രാഷ്ട്രീയ സാഹചര്യം തന്നെ മാറിമറിഞ്ഞു. തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്റെ കരിയറിലെ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു മുന്‍സിപ്പല്‍ ഇലക്ഷന്‍.
കഴിഞ്ഞ തെരഞ്ഞെടുപ്പിലും ഉര്‍ദുഗാന്റെ എ.കെ പാര്‍ട്ടി തെരഞ്ഞെടുപ്പിനെ നേരിടാന്‍ പതിവ് രീതികള്‍ സ്വീകരിച്ചു. ഭീകരരുടെ പട്ടികയില്‍ തന്റെ ഭരണകക്ഷിയിലെ എതിരാളികളില്‍ ചില വ്യക്തികളെ രാജ്യദ്രോഹികളായി ചിത്രീകരിച്ചു. രാജ്യത്തിന്റെ ശോഷിച്ച സമ്പദ്‌വ്യവസ്ഥയില്‍ നിരാശരായ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ കൃത്യമായ ദേശീയത രാജ്യത്തിന്റെ അങ്ങോളമിങ്ങോളം പ്രചരിപ്പിച്ചു. ന്യൂസിലാന്‍ഡിലെ മസ്ജിദില്‍ നടന്ന കൂട്ടക്കൊലയുടെ ഭീതിജനകമായ വിഡിയോ ഉര്‍ദുഗാന്‍ വേണ്ടുവോളം പ്രദര്‍ശിപ്പിച്ചു.
അതേസമയം പ്രതിപക്ഷ പാര്‍ട്ടികള്‍ നാണയപ്പെരുപ്പവും തൊഴിലില്ലായ്മയും ജീവിത നിലവാരത്തില്‍ ഇടിവ് തുടങ്ങിയ കാര്യങ്ങളില്‍ വലിയ പ്രചാരണം നടത്തി. വോട്ടുകള്‍ വര്‍ധിപ്പിക്കുന്നതിനായി ഉര്‍ദുഗാന്റെ ഭരണകക്ഷി ദേശീയ പാര്‍ട്ടിയായ എം.എച്ച്.പിയുമായി സഖ്യം പുതുക്കിയിരുന്നു. കൂടാതെ, പ്രതിപക്ഷ പാര്‍ട്ടികള്‍ തന്ത്രങ്ങള്‍ ഏകോപിപ്പിക്കുകയും പ്രതിപക്ഷ സഖ്യത്തിന്റെ കീഴില്‍ ശക്തരായ സ്ഥാനാര്‍ഥികളെ മത്സരിപ്പിക്കുകയും ചെയ്തു. അവസാനം ഫലം വന്നപ്പോള്‍ കഴിഞ്ഞ 25 വര്‍ഷത്തെ ഉര്‍ദുഗാന്‍ യുഗത്തിന് ഏറ്റവും വലിയ തിരിച്ചടിയായിരുന്നു മാര്‍ച്ചില്‍ നടന്ന മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ്.
തന്റെ പാര്‍ട്ടിക്ക് വേണ്ടി സമ്പന്നതയും പ്രശസ്തിയും ഒരു സ്രോതസായി പ്രദര്‍ശിപ്പിച്ച ഉര്‍ദുഗാന് ഈ തെരഞ്ഞെടുപ്പില്‍ വേണ്ട ഫലം കണ്ടെത്താനായില്ല. അദ്ദേഹത്തിന്റെ വിശാലമായ കാഴ്ചപ്പാടില്‍ മെഗാ പ്രൊജക്ടുകളും പള്ളികളും മറ്റു നിര്‍മാണമേഖലകളുമെല്ലാം ദിനം തോറും വളര്‍ന്നെങ്കിലും തുര്‍ക്കിയുടെ തലസ്ഥാന നഗരിയായ അങ്കാറ, ഇസ്താംബൂള്‍, ഇസ്മീര്‍, അദാന തുടങ്ങിയ പ്രധാന നഗരങ്ങളിലെല്ലാം ഉര്‍ദുഗാന്റെ എ.കെ പാര്‍ട്ടി കനത്ത പരാജയം നേരിടേണ്ടി വന്നു.
രാജ്യത്തെ ഏറ്റവും വലിയ നഗരവും തുര്‍ക്കിയുടെ പകുതി എന്നറിയപ്പെടുന്ന ഇസ്താംബൂളിലെ തെരഞ്ഞെടുപ്പായിരുന്നു നിര്‍ണായകമായത്. മാര്‍ച്ച് 31ന് നടന്ന വോട്ടെടുപ്പില്‍ 0.2 ശതമാനത്തിന്റെ വ്യത്യാസത്തില്‍ പ്രതിപക്ഷ സ്ഥാനാര്‍ഥി എക്രം ഇമാമോഗ്ലു ജയിച്ചു കയറിയിരുന്നു. എന്നാല്‍, വോട്ടെണ്ണലിലെ ക്രമക്കേടുകള്‍ ആരോപിച്ചു ഭരണപക്ഷം ശക്തമായി രംഗത്ത് വന്നതിനെ തുടര്‍ന്ന് തുര്‍ക്കി തെരഞ്ഞെടുപ്പ് കമ്മിഷന്‍ പുനര്‍ തെരഞ്ഞെടുപ്പിന് പ്രഖ്യാപനം നടത്തുകയായിരുന്നു.
തുര്‍ക്കിയുടെ ഇടവും വലവുമായ അങ്കാറയും ഇസ്താംബൂളും ഭരണ സഖ്യത്തിന് നഷ്ടമായത് വലിയ തിരിച്ചടിയാണ്. പുനര്‍ തെരഞ്ഞെടുപ്പില്‍ ഇസ്താംബൂളിന്റെ 39 ജില്ലകളില്‍ നിന്നും 28ലും പ്രതിപക്ഷ സ്ഥാനാര്‍ഥി വിജയം നേടി. മാര്‍ച്ചിലെ തെരഞ്ഞെടുപ്പില്‍ 13,739 വോട്ടിന്റെ വ്യത്യാസത്തില്‍ ജയിച്ചപ്പോള്‍ പുനര്‍ തെരഞ്ഞെടുപ്പില്‍ 806, 426 ലധികം വോട്ടുകള്‍ നേടി വന്‍ ജനപങ്കാളിത്തമാണ് ഇമാമോഗ്ലു രേഖപ്പെടുത്തിയത്.
പുനര്‍ തെരഞ്ഞെടുപ്പിന് ശേഷം ഭരണസഖ്യം 48 ശതമാനവും പ്രതിപക്ഷം 42.77 ശതമാനവുമാണ് വോട്ടു നേടിയത്. 1994 മുതല്‍ 1998 വരെ ഇസ്താംബൂള്‍ നഗരത്തിന്റെ മേയറായാണ് ഉര്‍ദുഗാന്‍ ദേശീയ പ്രാധാന്യം പ്രാപിച്ചത്. അതുകൊണ്ടു തന്നെ ഇസ്താംബൂളുമായി അദ്ദേഹത്തിന് വളരെയധികം അഭിനിവേശമുണ്ടായിരുന്നു. ഇസ്താംബൂളില്‍ ജയിക്കുന്നവര്‍ തുര്‍ക്കിയില്‍ ജയിക്കുന്നുവെന്ന് തെരഞ്ഞെടുപ്പ് കാംപയിനില്‍ ഉര്‍ദുഗാന്‍ പറഞ്ഞിരുന്നു. 15 ദശ ലക്ഷത്തിലധികം ജനങ്ങളുള്ള ഇസ്താംബൂളിന്റെ വിജയം ഇരുപാര്‍ട്ടികള്‍ക്കും നിര്‍ണായകമായിരുന്നു.
49കാരനായ ഇമാമോഗ്ലു മതേതര റിപബ്ലിക്കന്‍ പീപ്പിള്‍സ് പാര്‍ട്ടിയില്‍ (സി.എച്ച്.പി) നിന്നുള്ളയാളാണ്. ഇസ്താംബൂളിലെ ബെയ്‌ലിക്ഡുസു ജില്ലയിലെ മേയറാണ്. മാര്‍ച്ചിലെ ആദ്യ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുമ്പ് അദ്ദേഹം വലിയ ജന സ്വാധീനമുള്ള ആളായിരുന്നില്ല. എന്നാല്‍ എ.കെ പാര്‍ട്ടിയുടെ സ്ഥാപക മെമ്പറും ഉര്‍ദുഗാന്റെ വിശ്വസ്ഥനുമായിരുന്ന ബിനാലി യില്‍ദിരിം 2016, 2018ല്‍ തുര്‍ക്കിയുടെ പ്രധാനമന്ത്രി സ്ഥാനം അലങ്കരിച്ച വ്യക്തിയായിരുന്നു. ഫെബ്രുവരിയില്‍ പുതിയ പാര്‍ലമെന്റ് സ്പീക്കറായും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. മുമ്പ് വാര്‍ത്താവിനിമയ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. പുനര്‍ തെരഞ്ഞെടുപ്പിന്റെ ദിവസങ്ങള്‍ക്ക് മുമ്പ് ബിനാലി യില്‍ദിരിമിനെതിരേ നടന്ന ടെലിവിഷന്‍ സംവാദത്തില്‍ ഇമാമോഗ്ലു വലിയ കുത്തൊഴുക്കുകളൊന്നും നടത്തിയിരുന്നില്ല. 17 വര്‍ഷത്തിനിടെ തുര്‍ക്കിയില്‍ നടന്ന തുര്‍ക്കി ജനത മൊത്തം വീക്ഷിച്ച ആദ്യ ടെലിവിഷന്‍ തെരഞ്ഞെടുപ്പ് സംവാദമായിരുന്നു അവരുടേത്. അതുകൊണ്ടു തന്നെ എ.കെ പാര്‍ട്ടിയുടെ ഈ പരാജയം ഉര്‍ദുഗാന്റെ പരാജയമായിട്ടാണ് രാഷ്ട്രീയ വിമര്‍ശകര്‍ വിലയിരുത്തുന്നത്. രാഷ്ട്രീയ പ്രേരിതവും നിയമപരമായി ന്യായീകരണമില്ലാത്തതുമായിരുന്നു പുനര്‍തെരഞ്ഞെടുപ്പെന്ന് അവര്‍ പറയുന്നു. തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാന്റെ സമ്മര്‍ദമാണ് ഇലക്ഷന്‍ കമ്മിഷന്റെ പുനര്‍ തെരഞ്ഞെടുപ്പിനുള്ള പ്രഖ്യാപനമെന്നും വിമര്‍ശകര്‍ വാദിക്കുന്നു.
ഉര്‍ദുഗാന്‍ എ.കെ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥികള്‍ക്കായി അശ്രാന്ത പ്രചാരണം നടത്തിയിരുന്നു. മുനിസിപ്പല്‍ തെരഞ്ഞെടുപ്പിനെ ദേശീയ തലത്തിലെ അതിജീവനത്തിനായി രൂപപ്പെടുത്തിയായിരുന്നു പ്രചാരണം. വര്‍ഷങ്ങളുടെ സാമ്പത്തിക അഭിവൃദ്ധി ഉര്‍ദുഗാനും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും മുന്‍തെരഞ്ഞെടുപ്പുകളില്‍ സ്വാധീനിക്കാന്‍ കഴിഞ്ഞെങ്കില്‍, ഇപ്പോള്‍ രാജ്യത്തെ കറന്‍സിയായ ലിറ സാമ്പത്തിക മാന്ദ്യത്തില്‍ അകപ്പെട്ടു. ഡോളറിനെതിരേ ലിറയുടെ മൂന്നിലൊന്നു നഷ്ടമായി. ഉര്‍ദുഗാന്‍ ഭരണത്തിലെ സമൃദ്ധിയെ കുറിച്ച് ഈ തെരഞ്ഞെടുപ്പില്‍ ആയുധമാക്കാന്‍ എ.കെ പാര്‍ട്ടിക്ക് സാധിച്ചില്ല. ഉര്‍ദുഗാനും മറ്റു ഉദ്യോഗസ്ഥരും പ്രതിപക്ഷ സ്ഥാനാര്‍ഥികളോട് ശത്രുതാപരമായ വാചാടോപങ്ങള്‍ ഉപയോഗിച്ച് കൊണ്ട് തെരഞ്ഞെടുപ്പു പ്രചാരണം വളരെ ദ്രുവീകരിക്കപ്പെട്ടിരുന്നു.
വോട്ടര്‍മാരില്‍ മതിയായ ദേശീയ പിന്തുണ ലഭ്യമാകാത്തതിനാല്‍ അദ്ദേഹത്തിന്റെ ജനപ്രിയത്തില്‍ മങ്ങലേറ്റു. രണ്ടു പാര്‍ലമെന്റ് തെരഞ്ഞെടുപ്പുകളിലും രാഷ്ട്രത്തിന്റെ രാഷ്ട്രീയ സംവിധാനത്തെ പുനരുദ്ധീപിപ്പിക്കാന്‍ നടത്തിയ റഫറണ്ടം, പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പിലും ഉര്‍ദുഗാന് ആധിപത്യം ഉണ്ടായിരുന്നു.
ഈ ഇലക്ഷനിലെ പ്രധാന യുദ്ധക്കളങ്ങളില്‍ ഒന്നായിരുന്നു തലസ്ഥാന നഗരിയായ അങ്കാറ. മുന്‍ പരിസ്ഥിതി മന്ത്രി മെഹ് മത്ത് ഒഹാസെകി സഖ്യകക്ഷികളുടെ ബാനറില്‍ മത്സരിച്ചപ്പോള്‍ യവാഷ് മന്‍സൂര്‍ ആയിരുന്നു എതിരാളി. എന്നാല്‍ യവാഷ് മന്‍സൂര്‍ വ്യാജ രേഖ ചമച്ചു നികുതി വെട്ടിപ്പ് നടത്തിയതായി ഭരണകക്ഷി വലിയ പ്രചാരണം നടത്തിയെങ്കിലും അവസാനം വിജയം പ്രതിപക്ഷത്തിനായിരുന്നു. പ്രതിപക്ഷ സഖ്യം 50.93 ശതമാനം വോട്ടു നേടിയപ്പോള്‍ 47.12 ശതമാനം മാത്രമാണ് ഭരണപക്ഷത്തിന് നേടാനായത്.
മുന്‍ ജില്ലാ മേയര്‍ ഇമാമോഗ്ലു വിജയിയും ഇരയും എന്ന നിലയില്‍ വിജയകരമായി പ്രചാരണം നടത്തി. മാര്‍ച്ചില്‍ നടന്ന ഇലക്ഷനില്‍ നേരിയ വിജയം നേടിയ അദ്ദേഹം പുനര്‍ ഇലക്ഷനില്‍ നാടകീയമായ രീതിയില്‍ ലീഡ് വര്‍ധിപ്പിച്ചു. അതേസമയം മാര്‍ച്ചിലെ ഇലക്ഷന് ശേഷം ഭരണപക്ഷവും പ്രതിപക്ഷവും വിജയം പ്രഖ്യാപിച്ചു വോട്ടര്‍മാര്‍ക്ക് നന്ദി രേഖപ്പെടുത്തിയിട്ടുള്ള ഫ്‌ളക്‌സുകള്‍ ഇസ്താംബൂളിലെ അപൂര്‍വ കാഴ്ചയായിരുന്നു.
സാഹചര്യം പ്രതികൂലമായിട്ടും പ്രതിപക്ഷ പാര്‍ട്ടികളുടെ മുന്നേറ്റം തികച്ചും ആധികാരികമായിരുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളെയും നീതിന്യായ വ്യവസ്ഥകളെയും രാഷ്ട്രീയ വല്‍ക്കരണം, പ്രതിപക്ഷ സ്ഥാനാര്‍ഥികള്‍ക്ക് പൊതു ഇടത്തിലേക്കും ദേശീയ ടെലിവിഷനിലേക്കുമുള്ള പരിമിതമായ പ്രവേശനം, സ്വകാര്യ നെറ്റ്‌വര്‍ക്കുകളില്‍ ഭൂരിഭാഗവും സര്‍ക്കാറുമായി അടുത്ത ബന്ധം തുടങ്ങി പല കാര്യങ്ങളെയും വകഞ്ഞു മാറ്റിയായിരുന്നു പ്രതിപക്ഷം വീണ്ടും ശക്തി തെളിയിച്ചത്. തെരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്നാവശ്യപ്പെട്ട് നിയമത്തെ വെല്ലുവിളിക്കുന്ന രീതിയില്‍ അവിശ്വസനീയമായ കണക്കുകൂട്ടല്‍ ഭരണപക്ഷം നടത്തിയെന്ന് ഈ ഫലം കാണിക്കുന്നു. ' ഞങ്ങള്‍ ഇസ്താംബൂളില്‍ പുതിയ അധ്യായം തുറക്കുകയാണ്. ഇതില്‍ നീതി, സമത്വം, സ്‌നേഹം ഉണ്ടാകുമെന്നുമാണ് ഫലപ്രഖ്യാപന ശേഷം എക്രം ഇമാമോഗ്ലു ജനങ്ങളോട് അഭിസംബോധന ചെയ്തത്. രാജ്യത്തിന് വേണ്ടി ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ താന്‍ സന്നദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുനര്‍ ഇലക്ഷനു ശേഷം ഉര്‍ദുഗാന്‍ ആദ്യ അഭിസംബോധനത്തില്‍ ജനങ്ങള്‍ നല്‍കിയ സന്ദേശങ്ങള്‍ക്ക് അനുസൃതമായി പാഠങ്ങള്‍ ഉള്‍ക്കൊള്ളാനും മാറ്റങ്ങള്‍ വരുത്താനും പ്രതിജ്ഞയെടുത്തു. തുര്‍ക്കിയിലെ പ്രധാന നഗരങ്ങളുടെ നഷ്ടം ഒരു അജയ്യനായ രാഷ്ട്രീയക്കാരന്‍ എന്ന നിലയില്‍ ഉര്‍ദുഗാന്റെ പ്രതിച്ഛായ തകര്‍ത്തിരിക്കുകയാണ്. രണ്ടു ദശാബ്ദത്തോളമായി അധികാരത്തിലിരിക്കുന്ന ഉര്‍ദുഗാന്‍ 2023 വരെ ഒരു തെരഞ്ഞെടുപ്പിനെയും നേരിടുന്നില്ല. പ്രതിപക്ഷ ഐക്യത്തിന്റെ വിഭജനവും തുര്‍ക്കിയെ തനതായ പാതയിലേക്ക് കൊണ്ടുവരുന്നതിലുമാണ് ഉര്‍ദുഗാന്റെയും പാര്‍ട്ടിയുടെയും പ്രതീക്ഷകള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."