സമരവും സമരക്കാര്‍ക്കെതിരേയുളള പ്രതിഷേധവും; എം.ഇ.എസ് കോളജിന് മുന്നില്‍ പൊലിസ് ലാത്തി വീശി
മണ്ണാര്‍ക്കാട്: എം.ഇ.എസ് കല്ലടി കോളജില്‍ അധ്യാപകനെതിരേ നടപടി ആവശ്യപ്പെട്ട് എസ്.എഫ്.ഐയുടെ നേതൃത്വത്തില്‍ കോളജിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ഇതിനിടെ ക്യാംപസിനകത്തുനിന്ന് ഒരു വിഭാഗം വിദ്യാര്‍ഥികള്‍ പ്രതിഷേധക്കാര്‍ക്കെതികരേ മുദ്രാവാക്യമുയര്‍ത്തുകയും ചെയ്തതോടെ സംഘര്‍ഷാവസ്ഥയുണ്ടാവുകയും പൊലിസ് ഇരുകൂട്ടരെയും പിരിച്ചുവിടാന്‍ ലാത്തി വീശുകയും ചെയ്തു. വെള്ളിയാഴ്ച രാവിലെ 12 മണിയോടുകൂടിയാണ് സംഭവം.
രണ്ട് വര്‍ഷം മുമ്പ് ഹോസ്റ്റല്‍ ചുമതല വഹിച്ചിരുന്ന അധ്യാപകനെതിരേ ഉയര്‍ന്ന ആരോപണത്തില്‍ നടപടി ആവശ്യപ്പെട്ടാണ് എസ്.എഫ്.ഐ പ്രതിഷേധ മാര്‍ച്ച് നടത്തിയത്. മാര്‍ച്ച് കോളജിന് മുമ്പിലെത്തിയതോടെ ക്യാംപസിനകത്തുനിന്നും പ്രതിഷേധക്കാര്‍ക്കെതിരേ മുദ്രാവാക്യമുയര്‍ന്നു. ഇതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്.
സംഘര്‍ഷത്തിനിടെ കോളജിലെ വാതിലുകളും, ജനലുകളും മറ്റ് വസ്തുക്കളും തകര്‍ക്കപ്പെട്ടു. കോളജില്‍ അഞ്ച് ലക്ഷം രൂപയുടെ നാശനഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. എന്നാല്‍ അധ്യാപകനെതിരേ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും കോളജില്‍ കഴിഞ്ഞ വര്‍ഷം റാഗിങ് കേസിലും, മാഗസിന്‍ സംബന്ധിച്ചുള്ള സാമ്പത്തിക ക്രമകേടുകളിലുമുള്‍പ്പെട്ട് അച്ചടക്ക നടപടി നേരിടുന്ന വിദ്യാര്‍ഥികളാണ് പ്രശ്‌നങ്ങള്‍ക്ക് പിന്നിലെന്നും കോളജ് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."