ഹജ്ജിനെ രാഷ്ട്രീയ വല്‍ക്കരിക്കുന്നത് അംഗീകരിക്കില്ലെന്ന് സഊദി മന്ത്രിസഭ
സഊദി നടപടികള്‍ക്ക് പൂര്‍ണ്ണ പിന്തുണയെന്നു ഒ.ഐ.സി
റിയാദ്: ഹജ്ജിനെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെ അംഗീകരിക്കില്ലെന്ന് സഊദി മന്ത്രി സഭ വ്യക്തമാക്കി. ജിദ്ദ അല്‍സലാമ രാജകൊട്ടാരത്തില്‍ ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വാരാന്ത്യ മന്ത്രി സഭായോഗത്തിലാണ് രാഷ്ട്രീയവല്‍ക്കരിക്കാനുള്ള ശ്രമങ്ങളെ നേരിടുമെന്ന മുന്നറിയിപ്പുമായി സഊദി ഭരണകൂടം രംഗത്തെത്തിയത്. പുണ്യ ഭൂമിയില്‍ എത്തുന്ന തീര്‍ത്ഥാടകര്‍ രാഷ്ട്രീയ മുദ്രാവാക്യങ്ങളടക്കം ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ഭംഗം വരുത്തുന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളില്‍ നിന്നും വിട്ടു നില്‍ക്കണമെന്നും ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ നോക്കി നില്‍ക്കില്ലെന്നും ഇത്തരം പ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കാനുള്ള മുഴുവന്‍ നടപടികളും സ്വീകരിക്കുമെന്നും മന്ത്രി സഭ വ്യക്തമായാക്കിയതായി മന്ത്രിസഭാ തീരുമാനങ്ങള്‍ വിശദീകരിച്ച സഊദി മീഡിയ മന്ത്രി തുര്‍ക്കി അല്‍ ശബാന സഊദി വാര്‍ത്താ ഏജന്‍സിയോട് വ്യക്തമാക്കി. ഹജ്ജ് കര്‍മ്മത്തിനിടയില്‍ മറ്റുള്ളവരുടെ സൗകര്യങ്ങളും പരിഗണിക്കണം. നിയമങ്ങളും നിര്‍ദേശങ്ങളും പാലിക്കണമെന്നും സുരക്ഷാ മുന്‍കരുതലുകള്‍ തള്ളിക്കളയരുതെന്നും മന്ത്രി സഭ ആവശ്യപ്പെട്ടു. പുണ്യ ഭൂമിയിലെത്തിയ മുഴുവന്‍ ഹാജിമാരെയും സല്‍മാന്‍ രാജാവ് സ്വാഗതം ചെയ്തു .
അതേസമയം, ഹജ് തീര്‍ഥാടകര്‍ക്ക് പ്രയാസം സൃഷ്ടിക്കംവിധം മുദ്രാവാക്യങ്ങള്‍ മുഴക്കുന്നതിനുള്ള രാഷ്ട്രീയ സമ്മേളനമല്ല ഹജ് എന്ന് ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്‌ലാമിക് കോഓപറേഷന്‍സ് സെക്രട്ടറി ജനറല്‍ ഡോ. യൂസുഫ് അല്‍ഉസൈമിന്‍ പറഞ്ഞു. ഹജ് ആത്മീയ സമ്മേളനമാണ്. മറ്റു തീര്‍ഥാടകരുടെ സമാധാനത്തിന് ഭംഗം വരുത്തുന്ന രാഷ്ട്രീയ, വിഭാഗീയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തുന്നതിന് തീര്‍ഥാടകരെ സഊദി അറേബ്യ അനുവദിക്കില്ലെന്ന് അമ്മാന്‍ സമ്മേളനം വ്യക്തമാക്കിയിട്ടുണ്ട്. ഇരു ഹറമുകളും പരിചരിക്കുന്നതിനും തീര്‍ഥാടകര്‍ക്ക് സുരക്ഷയും സമാധാനവും ഒരുക്കുന്നതിനുമുള്ള സഊദി ഗവണ്‍മെന്റിന്റെ പ്രതിജ്ഞാബദ്ധത ജോര്‍ദാന്‍ തലസ്ഥാനമായ അമ്മാനില്‍ ചേര്‍ന്ന പതിനേഴാമത് ഒ.ഐ.സി വിദേശ മന്ത്രിമാരുടെ സമ്മേളനം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അദ്ദേഹം ഉണര്‍ത്തി. തീര്‍ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനും ഹാജിമാര്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിനും സഊദി അറേബ്യ നടത്തുന്ന ശ്രമങ്ങള്‍ പ്രശംസനീയമാണെന്നും ഡോ. യൂസുഫ് അല്‍ഉസൈമിന്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."