പാകിസ്താന് ഇന്ത്യ തിരിച്ചടി നല്‍കുമെന്ന് യു.എസ് ഇന്റലിജന്‍സ് മേധാവി
വാഷിങ്ടണ്‍: പാകിസ്താന് ശക്തമായ തിരിച്ചടി നല്‍കാന്‍ ഇന്ത്യന്‍ നീക്കമെന്ന് യു.എസ് ഇന്റലിജന്‍സ് മേധാവി. അതിര്‍ത്തി കടന്നുള്ള ഭീകരവാദത്തിന് സഹായം നല്‍കുന്നതിനും നിയന്ത്രണരേഖയിലൂടെയുള്ള അതിക്രമത്തിനുമുള്ള പ്രതികാരമായാണ് ഇന്ത്യ കടുത്ത നടപടികളിലേക്ക് നീങ്ങുന്നത്. പാകിസ്താനെ നയതന്ത്രരംഗത്ത് ഒറ്റപ്പെടുത്തുന്നതിനു പുറമെ മറ്റു നടപടികളെ കുറിച്ചും ഇന്ത്യ ആലോചിക്കുന്നുണ്ടെന്നാണ് വെളിപ്പെടുത്തല്‍.
യു.എസ് പ്രതിരോധ ഇന്റലിജന്‍സ് ഏജന്‍സിയുടെ ഡയരക്ടര്‍ ലഫ്. ജനറല്‍ വിന്‍സന്റ് സ്റ്റിവാര്‍ട്ട് ആണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. ലോകവ്യാപകമായുള്ള സുരക്ഷാഭീഷണികളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യു.എസ് കോണ്‍ഗ്രസ് വിളിച്ചുചേര്‍ത്ത സെനറ്റ് ആംഡ് സര്‍വിസസ് കമ്മിറ്റി യോഗത്തിലെ അംഗങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ ദിവസം നിയന്ത്രണരേഖയിലെ പാക് സൈനികകേന്ദ്രങ്ങള്‍ക്കു നേരെ ഇന്ത്യ ശക്തമായ ആക്രമണം നടത്തിയിരുന്നു. ഇതിനു പിറകെയാണ് യു.എസ് ഇന്റലിജന്‍സ് മേധാവിയുടെ പ്രസ്താവന പുറത്തുവരുന്നത്.
ഇന്ത്യയില്‍ നിരന്തരമുണ്ടാകുന്ന ഭീകരാക്രമണങ്ങള്‍ക്കും കശ്മിരിലെ പ്രശ്‌നക്കാര്‍ക്കും പാകിസ്താന്‍ സഹായമുണ്ടെന്ന് ഇന്ത്യ ഉറച്ചുവിശ്വാസിക്കുന്നതിനാല്‍ ഈ വര്‍ഷം ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം കൂടുതല്‍ വഷളാകും. നിയന്ത്രണരേഖയില്‍ അടിക്കടിയുണ്ടാകുന്ന ആക്രമണങ്ങളെ തുടര്‍ന്ന് ഇരുകക്ഷികളും മറ്റു രാഷ്ട്രത്തിന്റെ നിരവധി നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കുകയും ചെയ്തിട്ടുണ്ട്. അതിനിടെ, പടിഞ്ഞാറന്‍ അതിര്‍ത്തിയില്‍ ഭീകരവാദ സംഘങ്ങള്‍ പിടിമുറുക്കുന്ന പശ്ചാത്തലത്തില്‍ പാകിസ്താന്‍ തങ്ങളുടെ ആണവ സുരക്ഷ മെച്ചപ്പെടുത്താനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്-സ്റ്റിവാര്‍ട്ട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."