സ്വര്‍ണക്കടത്തിലെ ആ 'ഉന്നതന്‍' ആരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- ചെന്നിത്തല
കൊച്ചി: സ്വര്‍ണക്കടത്തിലെ ഉന്നതന്‍ ആരാണെന്ന് വ്യക്തമാക്കണമെന്നും പ്രതികളുടെ രഹസ്യമൊഴിയിലെ ഉന്നതന്‍ ആരാണെന്ന് മുഖ്യമന്ത്രിക്ക് അറിയാമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനാ സ്ഥാനത്തിരിക്കുന്ന ഉന്നതന് പോലും റിവേഴ്‌സ് ഹവാലയില്‍ പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോടതിക്ക് ഞെട്ടലുണ്ടാക്കിയ എന്ത് മൊഴിയാണ് മുദ്രവെച്ച കവറില്‍ കൊടുത്തത്. കോടതിയ ഞെട്ടിയെങ്കില്‍ ജനം ബോധം കെട്ട് വീഴും -അദ്ദേഹം ചൂണ്ടിക്കാട്ടി.
സ്വപ്‌നയും സരിത്തും കോടതിയ്ക്ക് നല്‍കിയ രഹസ്യ മൊഴിയില്‍ സംസ്ഥാനത്തുനിന്ന് വിദേശത്തേക്ക് കടത്തിയ റിവേഴ്‌സ് ഹവാല ഇടപാടില്‍ ഉന്നത രാഷ്ട്രീയ നേതൃത്വത്തിന് പങ്കുണ്ടെന്ന് അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് രമേശ് ചെന്നിത്തല ആരോപണവുമായി രംഗത്തെത്തിയത്.
എന്തുകൊണ്ട് ആര്‍ട്ടിക്കിള്‍ 311 അനുസരിച്ച് ശിവശങ്കറിനെ പിരിച്ചുവിടുന്നില്ലെന്ന് ചോദിച്ച പ്രതിപക്ഷ നേതാവ് സ്വപ്‌നയും ശിവശങ്കറും സര്‍ക്കാരിനെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നതെന്നും സര്‍ക്കാര്‍ തിരിച്ചും ഇവരെ സംരക്ഷിക്കുകയാണെന്നും ചൂണ്ടിക്കാട്ടി.
മുഖ്യമന്ത്രി പ്രചാരണ രംഗത്ത് ഇറങ്ങാത്തത് നാണക്കേടു കൊണ്ടാണെന്നും പരാജയഭീതിയാണ് കാരണമെന്നും ചെന്നിത്തല പരിഹസിച്ചു. മുഖ്യമന്ത്രി ക്ലിഫ് ഹൗസില്‍ ഒളിച്ചിരിക്കുകയാണെന്നും ചെന്നിത്തല പറഞ്ഞു. വിജയരാഘവന്റെ സ്വരം ആര്‍.എസ്.എസിന്റെ സ്വരമാണെന്നും അദ്ദേഹം തുറന്നടിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."