സ്വര്‍ണക്കടത്തിലെ ഉന്നതനാരെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തണം: ചെന്നിത്തല
കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ ഉള്‍പ്പെട്ടിരിക്കുന്ന ഉന്നതന്‍ ആരെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
സ്വര്‍ണക്കടത്തില്‍ കൂടുതല്‍ വസ്തുതകള്‍ പുറത്ത് വരികയാണ്. കേസില്‍ ഭരണഘടനാ പദവി വഹിക്കുന്ന ഉന്നതന് പങ്കുണ്ടെന്നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കോടതിയില്‍ മുദ്രവച്ച കവറില്‍ നല്‍കിയിരിക്കുന്ന റിപ്പോര്‍ട്ടില്‍ പറയുന്നത്. ഈ ഉന്നതന്‍ ആരാണെന്ന് ആഭ്യന്തരവും വിജിലന്‍സും കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും പ്രസ്‌ക്ലബ്ബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു.
ശിവശങ്കറും സ്വപ്നയും കേസിന്റെ തുടക്കം മുതല്‍ സര്‍ക്കാരിനെ രക്ഷിക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. സര്‍ക്കാര്‍ തിരിച്ചും അവരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. അതുകൊണ്ടാണ് സര്‍വിസില്‍ നിന്നും ഇതുവരെ ശിവശങ്കറിനെ പിരിച്ചുവിടാത്തത്.
സ്വര്‍ണക്കടത്ത് അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സിയെ ക്ഷണിച്ചതും കത്തയച്ചതും അവര്‍ക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതും മുഖ്യമന്ത്രിയാണ്.
അന്വേഷണം തങ്ങള്‍ക്കെതിരേ തിരിഞ്ഞപ്പോഴാണ് സി.പി.എമ്മും സര്‍ക്കാരും അന്വേഷണ ഏജന്‍സികള്‍ക്കെതിരെ സമരം സംഘടിപ്പിക്കുന്നത്.
പണത്തിനും അധികാരത്തിനും വേണ്ടി പാര്‍ട്ടി ഏതറ്റം വരെ പോകുമെന്നതിന്റെയും പാര്‍ട്ടി എത്തിനില്‍ക്കുന്ന നിലയുടെയും പ്രതീകമാണ് കളമശേരി മുന്‍ ഏരിയ സെക്രട്ടറി സക്കീര്‍ ഹുസൈനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."