നിര്‍മല്‍ മാധവന് സമരം: ഷംസീര്‍ എം.എല്‍.എയെ വെറുതെവിട്ടു
കോഴിക്കോട്: അനധികൃത പ്രവേശനമെന്നാരോപിച്ച് കോഴിക്കോട് വെസ്റ്റ്ഹില്‍ ഗവ. എന്‍ജിനീയറിങ് കോളജില്‍ സമരം നടത്തിയ കേസില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എ ഉള്‍പ്പെടെയുള്ള ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകരെ വെറുതെവിട്ടു. നിര്‍മല്‍ മാധവന് എന്ന വിദ്യാര്‍ഥിക്ക് 2011ല്‍ അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അറിവോടെ മെറിറ്റ് മറികടന്ന് അനധികൃതമായി പ്രവേശനം നല്‍കിയെന്നാരോപിച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ നടത്തിയ സമരത്തിനിടെയുണ്ടായ സംഭവങ്ങളുടെ പേരിലായിരുന്നു കേസ്.
സമരക്കാര്‍ക്ക് നേരെ അന്നത്തെ ഡിവൈ.എസ്.പിയായിരുന്ന രാധാകൃഷ്ണ പിള്ള വെടിയുതിര്‍ത്തത് വലിയ പ്രതിഷേധത്തിനും വിവാദത്തിനും ഇടയാക്കിയിരുന്നു. എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് പുറമേ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെയും ഈ കേസില്‍ പ്രതിചേര്‍ത്തിരുന്നു.
പൊതുമുതല്‍ നശിപ്പിക്കല്‍, വധശ്രമം തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ റിമാന്‍ഡിലുമായിരുന്നു. സമരത്തിന് നേതൃത്വം നല്കിയ എ.എന്‍ ഷംസീര്‍ എം.എല്‍.എ, വി.വസീഫ്, എം.എം ജിജേഷ്, കെ.കെ ഗോപന്, ടി. വൈശാഖ്, കെ.ഷിബിന്‍, കെ.രജീഷ്, മനേഷ് കുമാര്‍, അഖില്‍, ശരത് കൃഷ്ണ, എം.എം മിഥുന് എന്നിവരെയാണ് കോടതി വെറുതെ വിട്ടത്. അഡിഷനല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി 5 ആണ് വിധി പ്രസ്താവിച്ചത്. കേസില്‍ പ്രതിഭാഗത്തിന് വേണ്ടി അഡ്വ.ദീപു ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."