അറഫ പ്രസംഗം ആറു ഭാഷകളില്‍; ആപ്പിലൂടെയും തത്സമയം കേള്‍ക്കാം
അബ്ദുസ്സലാം കൂടരഞ്ഞി
മക്ക: ഹജ്ജിന്റെ സുപ്രധാന ചടങ്ങുകളിലൊന്നായ അറഫ സംഗമത്തില്‍ നടത്തുന്ന ഖുത്വുബ ലോകമെമ്പാടും തത്സമയം പ്രക്ഷേപണം നടത്തും. അറഫ ഖുത്വുബയുടെ സന്ദേശം ലോകം മുഴുവന്‍ വ്യാപിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രധാനപ്പെട്ട ആറു ഭാഷകളില്‍ ഇത് പ്രക്ഷേപണം ചെയ്യും. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ഹറം കാര്യ വകുപ്പിന്റെ നേതൃത്വത്തില്‍ അറഫ ഖുത്വുബ വിവര്‍ത്തന പദ്ധതി നടപ്പാക്കുന്നത്.
അറഫ സംഗമത്തില്‍ പങ്കെടുക്കുന്ന ലക്ഷോപലക്ഷം തീര്‍ഥാടകര്‍ക്കു നേരിട്ട് കേള്‍ക്കാനാകുന്ന അറഫ പ്രസംഗം വിവിധ ഭാഷകളിലൂടെ ശബ്ദ വിവര്‍ത്തനം ചെയ്യുന്നത് അറഫയിലുള്ള തീര്‍ഥാടകര്‍ക്കും ലോകത്തെങ്ങുമുള്ള മുസ്‌ലിംകള്‍ക്കും പ്രയോജനപ്പെടുത്തുന്നതിന് സാധിക്കും.
അറഫ തത്സമയ പ്രക്ഷേപണത്തിനും തത്സമയ ഭാഷാമൊഴിമാറ്റത്തിനുമായി അറഫയിലെ മസ്ജിദു നമിറക്ക് അടുത്ത് പ്രത്യേക നിലയം തന്നെയുണ്ട്. അത്യാധുനിക സാങ്കേതികവിദ്യകള്‍ അടങ്ങിയ പ്രത്യേക മുറികള്‍ ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. തത്സമയ വിവര്‍ത്തനത്തിനു വേണ്ടി സാങ്കേതിക, ഭാഷാ പരിജ്ഞാനമുള്ള മുപ്പതു പേര്‍ അടങ്ങിയ സംഘത്തിനു രൂപം നല്‍കിയിട്ടുണ്ട്.
അറബിയില്‍ നടത്തപ്പെടുന്ന പ്രസംഗം ഇഗ്ലീഷ്, ഫ്രഞ്ച്, ഉര്‍ദു, മലായു, പേര്‍ഷ്യന്‍, തുര്‍കിഷ് ഭാഷകളില്‍ ലഭ്യമാവും. അറഫ ഖുത്വുബ വിവര്‍ത്തന പദ്ധതി ഒരുക്കങ്ങള്‍ ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാന്‍ അസ്സുദൈസ് ഉറപ്പു വരുത്തിയിട്ടുണ്ട്.
റേഡിയോയില്‍ 88.3 എഫ്.എം വഴിയും അറഫാത്ത് സെര്‍മെന്‍ എന്ന ആപ് വഴിയും ഹറംകാര്യ വകുപ്പിന്റെ വെബ്‌സൈറ്റ് വഴിയും അറഫ ഖുത്വുബ വിവര്‍ത്തനമുണ്ടാകും.
അറഫയില്‍ എത്തുന്നതിനു മുന്‍പായി അറഫ ഖുത്വുബ വിവര്‍ത്തന പദ്ധതിയെ കുറിച്ച് തീര്‍ഥാടകരെ ഹറംകാര്യ വകുപ്പ് പരിചയപ്പെടുത്തുമെന്നും മസ്ജിദുന്നബവിയില്‍വച്ചും വിശുദ്ധ ഹറമില്‍വച്ചും അറഫ ഖുത്വുബ പദ്ധതിയെ കുറിച്ച് തീര്‍ഥാടകര്‍ക്ക് വിശദീകരിച്ചു നല്‍കുമെന്നും ഹറംകാര്യ വകുപ്പില്‍ സാങ്കേതിക കാര്യങ്ങള്‍ക്കുള്ള അസിസ്റ്റന്റ് ഡയരക്ടര്‍ ജനറലും അറഫ ഖുത്വുബ വിവര്‍ത്തന പദ്ധതി ഡയറക്ടറുമായ എന്‍ജിനീയര്‍ ബന്ദര്‍ അല്‍ഖുസൈം പറഞ്ഞു. കഴിഞ്ഞ വര്‍ഷം മുതലാണ് ഹറംകാര്യ വകുപ്പ് തത്സമയ അറഫ ഖുത്വുബ വിവര്‍ത്തന പദ്ധതി ആരംഭിച്ചത്.
മാഹി തീര്‍ഥാടകരുടെ യാത്ര നാളെ
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ സഹായത്തോടെ ഹജ്ജിന് പോകുന്ന മാഹി തീര്‍ഥാടകര്‍ നാളെ കരിപ്പൂര്‍ വഴിയും ലക്ഷദ്വീപ് തീര്‍ഥാടകര്‍ മറ്റന്നാള്‍ മുതല്‍ നെടുമ്പാശേരി വഴിയും ഹജ്ജിന് പോകും. പുതുച്ചേരി ഹജ്ജ് കമ്മിറ്റിക്ക് കീഴില്‍ ഹജ്ജിന് അപേക്ഷിച്ച് അവസരം ലഭിച്ച 26 തീര്‍ഥാടകരാണ് നാളെയുള്ള വിമാനത്തില്‍ കരിപ്പൂര്‍ വഴി പോകുന്നത്.
നേരത്തെ ഇവരുടെ യാത്ര നെടുമ്പാശേരിയിലായിരുന്ന ക്രമീകരിച്ചത്. എന്നാല്‍ തീര്‍ഥാടകരുടെ സൗകര്യപ്രകാരം കരിപ്പൂരിലേക്ക് മാറ്റുകയായിരുന്നു. ലക്ഷദ്വീപില്‍ നിന്നുളള തീര്‍ഥാടകരുടെ യാത്ര നെടുമ്പാശേരിയില്‍നിന്ന് 14ന് നടക്കും. 234 തീര്‍ഥാടകരാണ് ലക്ഷദ്വീപില്‍ നിന്നുള്ളത്. ഇവര്‍ 13ന് നെടുമ്പാശേരി ഹജ്ജ് ക്യാംപിലെത്തും.
3899 തീര്‍ഥാടകര്‍
മദീനയിലെത്തി
കൊണ്ടോട്ടി: കരിപ്പൂരില്‍നിന്ന് അഞ്ചു ദിവസങ്ങളിലായി 13 വിമാനങ്ങളില്‍ മദീനയിലെത്തിയത് 3899 തീര്‍ഥാടകര്‍. ഇന്നലെ മൂന്ന് വിമാനങ്ങളിലായി 900 പേരാണ് യാത്രയായത്.
ആദ്യവിമാനത്തില്‍ 138 പുരുഷന്മാരും 162 സ്ത്രീകളുമാണ് പുറപ്പെട്ടത്. രണ്ടാമത്തെ വിമാനത്തില്‍ 275 സ്ത്രീകളും 25 പുരുഷന്മാരും യാത്രയായി. മൂന്നാമത്തെ വിമാനത്തില്‍ 276 സ്ത്രീകളും 24 പുരുഷന്മാരുമായി 300 പേരും യാത്രയായി. കബീര്‍ ബാഖവി കാഞ്ഞാര്‍ ഉദ്‌ബോധനം നടത്തി.
മദീനയിലെത്തിയ തീര്‍ഥാടകര്‍ എട്ടു ദിവസം കഴിഞ്ഞാണ് മക്കയിലേക്ക് റോഡ് മാര്‍ഗം പുറപ്പെടുക. ഹജ്ജ് കര്‍മം കഴിഞ്ഞ് ജിദ്ദയില്‍ നിന്നാണ് ഹാജിമാരുടെ കരിപ്പൂരിലേക്കും നെടുമ്പാശേരിയിലേക്കുമുള്ള മടക്കം വിമാന കമ്പനികള്‍ ക്രമീകരിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."