മഞ്ചേരി മെഡിക്കല്‍ കോളജ്; അംഗീകാരത്തിനായി എം.സി.ഐക്ക് വീണ്ടും അപേക്ഷ നല്‍കും
മഞ്ചേരി: പ്രക്ഷോഭ പരിപാടികളുമായി വിദ്യാര്‍ഥികള്‍ രംഗത്തിറങ്ങിയതോടെ മഞ്ചേരി ഗവ.മെഡിക്കല്‍ കോളജിന് മെഡിക്കല്‍ കൗണ്‍സിലിന്റെ സ്ഥിരാംഗീകാരം ലഭ്യമാക്കാന്‍ വീണ്ടും നീക്കം തുടങ്ങി. അടിസ്ഥാനസൗകര്യങ്ങളുടെ കുറവാണ് അംഗീകാരത്തിന് തടസമായിരുന്നത്.
ഇത് പരിഹരിക്കാനായി രണ്ടാഴ്ചക്കകം 130 കോടിയുടെ നിര്‍മാണപ്രവൃത്തി തുടങ്ങുമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. കെട്ടിടത്തിന്റെ നിര്‍മാണം തുടങ്ങുന്നതോടെ ദൃശ്യങ്ങള്‍ ഉള്‍പ്പെടെയുള്ള രേഖകളും സര്‍ക്കാര്‍ ഉത്തരവുകളും സഹിതം വീണ്ടും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ (എം.സി.ഐ) യെ സമീപിക്കാനാണ് തീരുമാനം. ആരോഗ്യ സെക്രട്ടറി നല്‍കിയ സത്യവാങ്മൂലവും എം.സി.ഐക്ക് സമര്‍പ്പിക്കും. സത്യവാങ്മൂലം കിട്ടിയാല്‍ പുനപരിശോധനക്കായി എം.സി.ഐ സംഘം വീണ്ടും കോളജില്‍ എത്തും. ഹോസ്റ്റല്‍, ക്വാര്‍ട്ടേഴ്‌സ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഇല്ലാതിരുന്നതാണ് സ്ഥിരാംഗീകാരം നേടാന്‍ തടസമായത്.
നിര്‍മാണ പ്രവൃത്തി നടത്താനുള്ള സാമഗ്രികള്‍ക്ക് ആവശ്യമായ വഴിയൊരുക്കുകയാണ് ആദ്യ ലക്ഷ്യം. മെഡിക്കല്‍ കോളജിന്റെ പുതിയ കെട്ടിടസമുച്ചയ നിര്‍മാണം വഴിയിലുടക്കിയതും വലിയ പ്രയാസം സൃഷ്ടിച്ചിരുന്നു. ജൂലൈയില്‍ 69 കോടി രൂപയുടെ പ്രവൃത്തിക്ക് ടെന്‍ഡറായെങ്കിലും സ്ഥലത്തെ പുല്ലുപോലും നീക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. നിര്‍മാണ സാമഗ്രികളും യന്ത്രങ്ങളും എത്തിക്കാന്‍ വഴിയില്ലെന്നു കരാര്‍ ഏറ്റെടുത്ത ഏജന്‍സി നേരത്തെ കോളജ് അധികൃതരുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നെങ്കിലും വഴിയൊരുക്കാനാവശ്യമായ നടപടികള്‍ ഒന്നും സ്വീകരിച്ചിരുന്നില്ല. പൈലിങ്, പാറപൊട്ടിക്കല്‍, കോണ്‍ക്രീറ്റ് എന്നിവയുടെ യന്ത്രങ്ങള്‍, നീളത്തിലുള്ള കമ്പി എന്നിവ എത്തിക്കുന്നതിന് വഴിതടസമായി. കിറ്റ്‌കോയുടെ മേല്‍നോട്ടത്തില്‍ കൊച്ചിയിലെ കമ്പനിക്കാണ് നിര്‍മാണ ചുമതല. 103 കോടി രൂപയുടെ പ്രവൃത്തിക്ക് ഓഗസ്റ്റില്‍ ഭരണാനുമതിയും ഫെബ്രുവരിയില്‍ സാങ്കേതികാനുമതിയും ലഭിച്ചതാണ്.
ആദ്യഘട്ടം 69 കോടി രൂപയുടെ പ്രവൃത്തിക്കാണ് ടെന്‍ഡര്‍ നല്‍കിയത്. ക്വാര്‍ട്ടേഴ്‌സ്, ഹോസ്റ്റല്‍, സ്റ്റോര്‍ സമുച്ചയം, മോര്‍ച്ചറി സമുച്ചയം, ഓഡിറ്റോറിയം എന്നിവയാണ് നിര്‍മിക്കുന്നത്. പെണ്‍കുട്ടികളുടെ ഹോസ്റ്റലിന് എട്ടുനിലയും ആണ്‍കുട്ടികളുടേത് അഞ്ച് നിലയുമാണ്. അംഗീകാരം വീണ്ടെടുക്കാനായില്ലെങ്കില്‍ കോളജില്‍ എം.ബി.ബി.എസ് പൂര്‍ത്തിയാക്കിയവരുടെ റജിസ്‌ട്രേഷനും ഉപരിപഠനവും പ്രതിസന്ധിയിലാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."