പുലി ചത്ത സംഭവം വനപാലകര്‍ക്കെതിരേയും അന്വേഷണം
വടക്കഞ്ചേരി: മംഗലംഡാമിനടുത്ത് കരിങ്കയം നന്നങ്ങാടിയില്‍ ചാലി റബര്‍ എസ്റ്റേറ്റ് അതിര്‍ത്തിയില്‍ കമ്പിവേലിയിലെ കെണിയില്‍ കുടുങ്ങിയ പുലി മയക്കുവെടിയെ തുടര്‍ന്ന് ചത്തസംഭവത്തില്‍ വനപാലകര്‍ക്കെതിരേയും അന്വേഷണമുണ്ടാകും. ഡെപ്യൂട്ടി റേഞ്ച് ഓഫീസ് പ്രവര്‍ത്തിക്കുന്ന കരിങ്കയത്തുനിന്നും ഏതാനുംമീറ്റര്‍ മാത്രം അകലെയാണ് കെണി സ്ഥാപിച്ചിരുന്നത്. സ്ഥിരമായി കെണിവച്ചിരുന്നെന്ന് സംശയിക്കുന്ന ഈ വനാതിര്‍ത്തികളില്‍ വനപാലകരുടെ കൃത്യമായ പരിശോധന ഇല്ലാതിരുന്നതാണ് വനപാലകര്‍ക്കെതിരേയും അന്വേഷണത്തിന് വഴിവയ്ക്കുന്നത്.
പുലി അകപ്പെട്ട കെണിക്കുപുറമേ മറ്റൊരു കെണിയും സംഭവദിവസം വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. റേഞ്ച് ഓഫീസിന്റെ സമീപത്തുപോലും വന്യമൃഗങ്ങള്‍ക്ക് സംരക്ഷണം നല്കാന്‍ കഴിയാതിരുന്നത് വലിയ വീഴ്ചയായിട്ടാണ് വിലയിരുത്തുന്നത്. ഇതിനു പുറമേ പുലി കെണിയില്‍പെട്ട സ്ഥലത്ത് മൃഗങ്ങളുടെ സഞ്ചാരപാതയുണ്ട്. ഇക്കാര്യവും മേലുദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതിനാല്‍ സ്ഥിരമായി തന്നെ ഇവിടെ മൃഗങ്ങളെ കെണിവച്ച് വേട്ടയാടുന്നുണ്ടെന്ന നിഗമനത്തിലാണ് വകുപ്പ് അധികൃതര്‍.
അതേസമയം, വന്യമൃഗങ്ങളെ കെണിവച്ച് വേട്ടയാടുന്നതില്‍ അന്വേഷണം നടത്തി മയക്കുവെടിവച്ച് പുലി ചാകാനുണ്ടായ കാരണങ്ങളില്‍ നിശബ്ദത പാലിക്കുകയാണ് വനംവകുപ്പ്. കെണിയില്‍പെട്ട് ഏറെ അവശനായി കിടന്നിരുന്ന പുലിയെ മയക്കാന്‍ മൂന്നുതവണ മയക്കുവെടി വയ്ക്കാനുണ്ടായ സാഹചര്യവും അന്വേഷണ വിധേയമാക്കണമെന്ന ആവശ്യം ശക്തമാണ്.
കാട്ടുമൃഗങ്ങളെക്കുറിച്ചു നോക്കിയാല്‍പോലും കേസെടുക്കാന്‍ ഒരുമ്പെടുന്ന വനപാലകര്‍ക്ക് പുലിയെ രക്ഷിക്കാന്‍ കഴിയാത്തത് ദൗത്യസംഘത്തിന്റെ പാകപ്പിഴവുകളാണെന്നാണ് ചൂണ്ടിക്കാട്ടുന്നത്. സമീപത്തുനിന്നു തന്നെ മയക്കുവെടിവയ്ക്കാന്‍ സൗകര്യമുണ്ടായിട്ടും അത് പാളിച്ച കൂടാതെ നടത്താന്‍ കഴിഞ്ഞില്ല. ഇടുപ്പില്‍ കുടുക്കു മുറുകി കിടന്നിരുന്നതിനാലാണ് രണ്ടുതവണ മയക്കുവെടി വച്ചിട്ടും മയങ്ങാതിരുന്നെന്നാണ് വനംവകുപ്പിന്റെ വിശദീകരണം. ഇക്കാര്യവും പരിശോധിക്കണം.
ഭാവിയില്‍ ഇത്തരം പാളിച്ചകള്‍ സംഭവിക്കാതിരിക്കാനെങ്കിലും മയക്കുവെടിയെ തുടര്‍ന്ന് പുലി ചാകാനുണ്ടായ കാരണങ്ങളില്‍ സമഗ്രാന്വേഷണം വേണമെന്നാണ് ആവശ്യം. പുലിയുടെ ആന്തരാവയവങ്ങളുടെ ലാബ് പരിശോധനയ്ക്കുശേഷം ഇത്തരം കാര്യങ്ങളിലും അന്വേഷണവും മുന്‍കരുതലുമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."