ജീവന് ഭീഷണി: സ്വപ്നയില്‍ നിന്ന് ഡി.ഐ.ജി വിവരങ്ങള്‍ ശേഖരിച്ചു
ജയിലില്‍ സായുധ പൊലിസ് കാവല്‍ ഏര്‍പ്പെടുത്തി
തിരുവനന്തപുരം: വധഭീഷണിയുണ്ടെന്ന് കോടതിയെ അറിയിച്ചതിനെ തുടര്‍ന്ന് ദക്ഷിണമേഖല ജയില്‍ ഡി.ഐ.ജി അജയകുമാര്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. സംഭവം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ജയില്‍ ഡി.ജി.പി ഋഷിരാജ് സിങ് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെ ഇന്നലെ രാവിലെ 11ഓടെ അട്ടക്കുളങ്ങര ജയിലിലെത്തിയാണ് ഡി.ഐ.ജി വിവരങ്ങള്‍ ശേഖരിച്ചത്. അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ഋഷിരാജ് സിങ് പറഞ്ഞു.
കഴിഞ്ഞദിവസമാണ് ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്തിയാല്‍ തന്നെയും കുടുംബാംഗങ്ങളെയും വകവരുത്തുമെന്ന് ചിലര്‍ ജയിലിലെത്തി ഭീഷണിപ്പെടുത്തിയതായി സ്വപ്ന കോടതിയെ അറിയിച്ചത്. ഇതേതുടര്‍ന്ന് കോടതി ഇടപെട്ട് സ്വപ്നയുടെ സുരക്ഷ വര്‍ധിപ്പിച്ചു. സെല്ലില്‍ ഒരു വനിതാ വാര്‍ഡന്റെ നേതൃത്വത്തില്‍ 24 മണിക്കൂറും നിരീക്ഷണം ഏര്‍പ്പെടുത്തി. ജയിലിനുപുറത്ത് സായുധ പൊലിസിനെയും വിന്യസിച്ചു.
അതേസമയം, സ്വപ്നയുടെ ആരോപണങ്ങള്‍ ജയില്‍വകുപ്പ് നിഷേധിക്കുകയാണ്. അമ്മയും മകളും ഭര്‍ത്താവും സഹോദരനും അന്വേഷണ ഉദ്യോഗസ്ഥരുമല്ലാതെ മറ്റാരും സ്വപ്നയെ സന്ദര്‍ശിച്ചിട്ടില്ല. ജയിലില്‍ സ്വപ്ന ആരൊയൊക്കെ കണ്ടു, വിളിച്ചു എന്നതിന്റെ കൃത്യമായ വിവരങ്ങള്‍ എന്‍.ഐ.എക്ക് നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 14നാണ് സ്വപ്നയെ അട്ടക്കുളങ്ങരയിലെത്തിച്ചത്. അന്നു മുതലുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ കൈവശമുണ്ടെന്നും ജയില്‍വകുപ്പ് വ്യക്തമാക്കി.കേന്ദ്ര ഏജന്‍സികളെ കൂടാതെ വ്യാജരേഖ കേസില്‍ അറസ്റ്റ് ചെയ്യാന്‍ പൊലിസും ലൈഫ് കേസില്‍ മൊഴിയെടുക്കാനായി വിജിലന്‍സും ജയിലിലെത്തിയിരുന്നു. ജയില്‍ ഉദ്യോഗസ്ഥരും സ്വപ്നയെ കാണുന്നുണ്ട്. അതിനാല്‍ കോടതിയില്‍ രേഖാമൂലം നല്‍കിയ അപേക്ഷയില്‍ പറയുംപോലെ ഏത് ഉദ്യോഗസ്ഥനാണ് ഭീഷണിപ്പെടുത്തിയതെന്ന് ജയില്‍ വകുപ്പിന്റെ ഇനിയുള്ള അന്വേഷണത്തില്‍ വ്യക്തമാകുമോയെന്നാണ് അന്വേഷണ ഏജന്‍സികള്‍ ഉള്‍പ്പെടെ ഉറ്റുനോക്കുന്നത്.
ഉന്നതരുടെ പേരുകള്‍ വെളിപ്പെടുത്താതിരിക്കാന്‍ ഭീഷണിയുണ്ടെന്ന് സ്വപ്ന കോടതിയെ അറിയിച്ചത് ശരിയാണെന്ന വിലയിരുത്തലിലാണ് കസ്റ്റംസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."