ഭേദഗതികള്‍ അഞ്ചും തള്ളി
ന്യൂഡല്‍ഹി: കര്‍ഷകസമരം അവസാനിപ്പിക്കുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ മുന്നോട്ടുവച്ച അഞ്ചിന ഭേദഗതി ഫോര്‍മുല സമരക്കാര്‍ തള്ളി. നിയമം പൂര്‍ണമായും പിന്‍വലിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന നിലപാട് സമരക്കാര്‍ ആവര്‍ത്തിച്ചു. ബി.ജെ.പിക്കും റിലയന്‍സ് ഉള്‍പ്പെടെയുള്ള കോര്‍പറേറ്റുകള്‍ക്കുമെതിരേ പ്രത്യക്ഷ സമരത്തിനിറങ്ങാനും കര്‍ഷസംഘടനകള്‍ തീരുമാനിച്ചു. ഈ മാസം 12ന് ജയ്പൂര്‍-ഡല്‍ഹി ഹൈവേയും ഡല്‍ഹി-ആഗ്ര എക്‌സ്പ്രസ് വേയും ഉപരോധിക്കും. റിലയന്‍സ് അടക്കമുള്ള കോര്‍പറേറ്റുകളുടെ ഉല്‍പന്നങ്ങളും ബഹിഷ്‌ക്കരിക്കും. ബി.ജെ.പിയുടെ ജനപ്രതിനിധികളെ ബഹിഷ്‌ക്കരിക്കാനും തിങ്കളാഴ്ച ബി.ജെ.പി ഓഫിസുകള്‍ ഉരോധിക്കാനും സംഘടനകള്‍ തീരുമാനിച്ചു. ദേശീയപാതകളില്‍ ടോള്‍ പിരിക്കുന്നത് തടയും. തിങ്കളാഴ്ച രാജ്യവ്യാപക പ്രതിഷേധത്തിനും സംഘടനകള്‍ ആഹ്വാനം ചെയ്തു.
നിയമത്തില്‍ താങ്ങുവിലയുടെ കാര്യത്തില്‍ രേഖാമൂലം ഉറപ്പുനല്‍കുന്നത് അടക്കമുള്ള ദേദഗതി നിര്‍ദേശങ്ങളാണ് ഇന്നലെ സര്‍ക്കാര്‍ മുന്നോട്ടുവച്ചത്. കരാര്‍കൃഷി തര്‍ക്കങ്ങളില്‍ കര്‍ഷകന് നേരിട്ട് കോടതിയെ സമീപിക്കാന്‍ അവകാശം നല്‍കും, ഭൂമിയുടെ ഉടമസ്ഥാവകാശം കര്‍ഷകനില്‍ നിലനിര്‍ത്തും, സ്വകാര്യ, സര്‍ക്കാര്‍ ചന്തകളുടെ നികുതി ഏകീകരിക്കും, സര്‍ക്കാര്‍ ചന്തകള്‍ നിലനിര്‍ത്താനും ശക്തിപ്പെടുത്താനും വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തും, സ്വകാര്യമേഖലയെ നിയന്ത്രിക്കും തുടങ്ങിയവയാണ് കേന്ദ്രം മുന്നോട്ടുവച്ച ഫോര്‍മുലയിലുള്ളത്.
കേന്ദ്രമന്ത്രിമാരായ അമിത്ഷായും പിയൂഷ് ഗോയലുമാണ് അനുരഞ്ജന ഫോര്‍മുല തയാറാക്കി കര്‍ഷകര്‍ക്ക് നല്‍കിയത്. ഇതുപ്രകാരം നിലവിലെ നിയമത്തില്‍ ആകെ എട്ടു ഭേദഗതികള്‍ വേണ്ടിവരുമെന്ന് സര്‍ക്കാര്‍വൃത്തങ്ങള്‍ പറഞ്ഞു. എന്നാല്‍, ഇത് കര്‍ഷകരെ അപമാനിക്കുന്നതിന് തുല്യമാണെന്ന് സംഘടനകള്‍ വിലയിരുത്തി. ചൊവ്വാഴ്ച രാത്രി ആഭ്യന്തര മന്ത്രി അമിത്ഷാ കര്‍ഷകനേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. തുടര്‍ന്ന് ഇന്നലെ നിശ്ചയിച്ചിരുന്ന ചര്‍ച്ച വേണ്ടെന്നുവച്ചു. അതിനുപിന്നാലെയാണ് അമിത്ഷാ ഫോര്‍മുല എഴുതിത്തയാറാക്കി സമരക്കാര്‍ക്ക് സമര്‍പ്പിച്ചത്.
പ്രതിപക്ഷം രാഷ്ട്രപതിയെ കണ്ടു
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുക, കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് രൂപംനല്‍കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷ കക്ഷി നേതാക്കള്‍ രാഷ്ട്രപതിയെ കണ്ടു.
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി, എന്‍.സി.പി നേതാവ് ശരദ് പവാര്‍, സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി.പി.ഐ നേതാവ് ഡി. രാജ, ഡി.എം.കെ നേതാവ് ടി.കെ.എസ് ഇളങ്കോവന്‍ എന്നിവര്‍ ഉള്‍പ്പെട്ട അഞ്ചംഗ പ്രതിനിധി സംഘമാണ് രാഷ്ട്രപതിയെ കണ്ടത്.
സമരം ഡല്‍ഹിയിലേക്ക്
മാറ്റാന്‍ ആലോചന
ന്യൂഡല്‍ഹി: തുടര്‍ച്ചയായി ചര്‍ച്ച പരാജയപ്പെട്ടതോടെ സിന്‍ഗുവില്‍ പരിമിതപ്പെടുത്തിയ സമരം ഡല്‍ഹിയിലേക്ക് മാറ്റാന്‍ ആലോചനയുമായി കര്‍ഷകസംഘടനകള്‍. വരുംദിവസങ്ങളില്‍ അതിര്‍ത്തി കടക്കാന്‍ കര്‍ഷകര്‍ക്ക് നിര്‍ദേശം നല്‍കുമെന്ന് കര്‍ഷക നേതാവ് ശിവകുമാര്‍ കാക്ക പറഞ്ഞു. നിലവിലെ സമരം ഡല്‍ഹിയിലേക്ക് കടന്നാല്‍ അത് വലിയ പ്രതിസന്ധിയുണ്ടാക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ കണക്കുകൂട്ടുന്നത്. തീരുമാനം വന്നതിനുപിന്നാലെ അമിത്ഷാ കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറെ വിളിച്ചുവരുത്തി ചര്‍ച്ച നടത്തി.
'ഞാന്‍ കര്‍ഷകര്‍ക്കൊപ്പം;
പുരസ്‌കാരം വേണ്ട'
ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ വേറിട്ട പ്രതിഷേധവുമായി കാര്‍ഷിക ശാസ്ത്രജ്ഞന്‍. കേന്ദ്രമന്ത്രി പങ്കെടുത്ത വേദിയില്‍ പുരസ്‌കാരം നിരാകരിച്ച അദ്ദേഹം, താന്‍ കര്‍ഷകര്‍ക്കൊപ്പമാണെന്നു മന്ത്രിയുടെ മുഖത്തുനോക്കി പ്രഖ്യാപിക്കുകയും വേദിയില്‍വച്ചു കര്‍ഷകരെ പിന്തുണച്ച് മുദ്രാവാക്യം വിളിക്കുകയും ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം. ലുധിയാനയിലെ പഞ്ചാബ് അഗ്രികള്‍ച്ചറല്‍ യൂനിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞന്‍ ഡോ. വരീന്ദര്‍പാല്‍ സിങ്ങാണ് കേന്ദ്രമന്ത്രി സദാനന്ദ ഗൗഢയില്‍നിന്നു പുരസ്‌കാരം വാങ്ങാതെ പ്രതിഷേധിച്ചത്. ഫെര്‍ട്ടിലൈസര്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയായിരുന്നു അദ്ദേഹത്തിനു പുരസ്‌കാരം പ്രഖ്യാപിച്ചത്. ഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ ഇതു കൈമാറാനാണ് കേന്ദ്രമന്ത്രി എത്തിയിരുന്നത്. എന്നാല്‍, കര്‍ഷകര്‍ പ്രതിഷേധിക്കുമ്പോള്‍ തനിക്ക് അവാര്‍ഡ് സ്വീകരിക്കാനാകില്ലെന്നു പ്രഖ്യാപിച്ച ശേഷം അദ്ദേഹം ഇറങ്ങിപ്പോകുകയുമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."