യു.എസ് ലേബര്‍ സെക്രട്ടറി അലക്സ് അകേസ്റ്റ രാജിവച്ചു
വാഷിങ്ടണ്‍: യു.എസ് കോടീശ്വരന് ജെഫ്രി എപ്സ്റ്റീന് ഉള്‍പ്പെട്ട ലൈംഗിക കേസുകള്‍ അട്ടിമറിച്ചെന്ന ആരോപണത്തെ തുടര്‍ന്ന് യു.എസ് ലേബര്‍ സെക്രട്ടറി അലക്സ് അകേസ്റ്റ രാജിവച്ചു. മുന്‍ ഫ്ളോറിഡ പ്രോസിക്യൂട്ടര്‍ കൂടിയായ അലക്സ് അകേസ്റ്റ വൈറ്റ്ഹൗസില്‍ വച്ചാണ് രാജിപ്രഖ്യാപനം നടത്തിയത്. ഇദ്ദേഹത്തിനൊപ്പം പ്രസിഡന്റ് ട്രംപുമുണ്ടായിരുന്നു. ലേബര്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് ഉചിതമല്ലെന്നും അകേസ്റ്റ പറഞ്ഞു. എപ്സ്റ്റീനിന്റെ കേസുമായി ബന്ധപ്പെട്ട് ലേബര്‍ സെക്രട്ടറി രാജിവയ്ക്കണമെന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി ആവശ്യപ്പെട്ടിരുന്നു.
ലേബര്‍ സെക്രട്ടറിയുമായി വിഷയം സംസാരിച്ചെന്നും രാജിവച്ചത് അദ്ദേഹത്തിന്റെ ഇഷ്ടപ്രകാരമാണെന്നും ട്രംപ് പറഞ്ഞു. 2008ല്‍ മിയാമിയിലെ അറ്റോര്ണിയായിരിക്കെയാണ് സുഹൃത്തുകൂടിയായ എപസ്റ്റിന് ഉള്‍പ്പെട്ട പീഡനക്കേസ് അകേസ്റ്റ ഇല്ലാതാക്കിയത്. മിയാമി ഹെറാള്‍ഡാണ് ഈ സംഭവം പുറത്തെത്തിച്ചത്.
2005ലാണ് മിയാമിയിലെ കോടീശ്വരന് ജെഫ്രി എപ്സ്റ്റീന് നടത്തിയ ബാലപീഡന സംഭവങ്ങള്‍ പുറത്താകുന്നത്. പാംബീച്ചിലെ സ്വന്തം റിസോര്‍ട്ടിനുള്ളില്‍ നടത്തിയ ലൈംഗികാതിക്രമങ്ങള്‍. പ്രായപൂര്‍ത്തിയാകാത്ത നിരവധി പെണ്‍കുട്ടികളാണ് എപ്സ്റ്റീന്റെ ലൈംഗിക വൈകൃതത്തിന് ഇരയാക്കപ്പെട്ടത്. 2001നും 2006നും ഇടയില്‍ എണ്‍പതോളം പെണ്‍കുട്ടികളാണ് ലൈംഗികാതിക്രമത്തിന് ഇരയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."