ആദര്‍ശിനെ കണ്ടെത്താനായില്ല; കണ്ണീര്‍ക്കാഴ്ചയുമായി പള്ളിത്തുറ കടല്‍തീരം
കഠിനംകുളം: കടല്‍ അപഹരിച്ച പൊന്നോമനയുടെ തിരിച്ച് വരവും പ്രതീക്ഷിച്ച് കടല്‍ കരയിലിരുന്ന് തിരമാലകളെ നോക്കി വിതുമ്പുന്ന പിതാവ് പള്ളിത്തുറ മത്സ്യ ഗ്രാമത്തെ ദു:ഖത്തിലാഴ്ത്തി. കഴിഞ്ഞ ദിവസം പള്ളിത്തുറ കടലില്‍ കുളിക്കാനിറങ്ങി തിരയില്‍പെട്ട് കാണാതായ ആദര്‍ശി(15)ന്റെ തിരിച്ച് വരവും പ്രതീക്ഷിച്ചാണ് പിതാവും സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥനുമായ പിതാവ് ഷൈജു പള്ളിത്തുറ കടല്‍തീരത്ത് ഇരുന്ന് കണ്ണീര്‍ വാര്‍ക്കുന്നത്.
ബുധനാഴ്ച രാവിലെ 11.30 നാണ് എട്ടംഗസംഘം വിദ്യാര്‍ഥി സംഘം പള്ളിത്തുറ കടലില്‍ കുളിക്കാനിറങ്ങിയത്. ഒപ്പമുള്ളവര്‍ കുളികഴിഞ്ഞ് കരയ്ക്കുകയറിയതിനു ശേഷം തിരയുള്ള ഭാഗത്ത് കുളിക്കുന്നതിനിടെയാണ് സി.ഐ.എസ്.എഫ് ജീവനക്കാരായ കൊല്ലം സ്വദേശി ഷൈജുവിന്റെ മകന്‍ ആദര്‍ശ് അപകടത്തില്‍പെട്ടത്. സഹായത്തിനായി ഇറങ്ങിയ ഒഡീഷ്യ സ്വദേശിയായ ബാരലിന്റെ മകന്‍ കരണിനും (16)തിരയില്‍പ്പെട്ട് അപ്രത്യക്ഷമായി. അന്നു വൈകുന്നേരം ആറു മണിയോടെ കരണിന്റെ മൃതദേഹം ആദര്‍ശിന്റെ കൈപിടിച്ച നിലയില്‍ നെഹ്‌റു ജങ്ഷനു സമീപം തീരക്കടലില്‍ ഒഴുകി നടക്കുന്നതുകണ്ട മത്സ്യത്തൊഴിലാളികള്‍ കടലിലിറങ്ങി കരക്കെത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ ആദര്‍ശ് ഒഴുകിമാറി. ആദര്‍ശിനെ ഇതു വരെ കണ്ടെത്താനായിട്ടില്ല.
അപകടം നടന്ന സമയം മുതല്‍ മകന്റെ പിതാവ് ഷൈജു കടല്‍ തീരത്തുണ്ട്. ബുധനാഴ്ച രാത്രി വൈകിയും കടല്‍ കരയില്‍ നിന്നും പോകാന്‍ കൂട്ടാക്കാതിരുന്ന ഷൈജുവിനെ കൊല്ലത്ത് നിന്നും ബന്ധുക്കളെത്തിയാണ് രാത്രി വൈകി സി.ഐ.എസ്.എഫ് കോട്ടേര്‍സിലേക്ക് കൂട്ടിക്കൊണ്ട് പോയത്. ഇന്നലെ നേരം പുലരുന്നതിന് മുന്‍പ് തന്നെ ഷൈജു വീണ്ടും കടല്‍ തീരത്തെത്തി. തുള്ളി വെള്ളം പോലും കുടിക്കാതെ തീരത്ത് ഒരു പകലന്തിയോളം കണ്ണീര്‍വാര്‍ത്ത ഷൈജുവിനെ ബന്ധുക്കളും സഹപ്രവര്‍ത്തകരും ചേര്‍ന്ന് കൊല്ലം മൂന്നാം കുറ്റിയിലെ വസതിയിലേക്ക് കൊണ്ടുപോയി.
പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ പന്ത്രണ്ടാം ക്ലാസ് വിദ്യാര്‍ഥിയാണ് ആദര്‍ശ്. കടല്‍ക്ഷോഭം വര്‍ധിച്ചതിനാല്‍ ആദര്‍ശിനുവേണ്ടിയുള്ള തിരച്ചില്‍ ഇന്നലെ വൈകിട്ട് നാലു മണിയോടെ നിര്‍ത്തിവെച്ചു. ഇന്നു രാവിലെ ആറു മണിയോടെ പള്ളിത്തുറ ഇടവകയുടെയും തുമ്പ പൊലിസിന്റെയും കോസ്റ്റ് ഗാര്‍ഡിന്റെയും സഹകരണത്തോടെ വ്യാപക തിരച്ചില്‍ നടത്താന്‍ തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."