അതിനാലാണ് അതിശൈത്യത്തിലും അവര്‍ തെരുവിലിറങ്ങിയത്
രാജ്യത്തെ കോര്‍പറേറ്റുകള്‍ കാര്‍ഷിക മേഖല പിടിച്ചെടുക്കാനുള്ള പദ്ധതികള്‍ തയാറാക്കിത്തുടങ്ങിയിട്ട് നാളുകളായി. റിലയന്‍സിനും അദാനിക്കും നിലവില്‍ ഓണ്‍ലൈന്‍ വിപണിയുണ്ട്. എന്നാല്‍ കാര്‍ഷിക മേഖല പൂര്‍ണമായും പിടിച്ചെടുക്കാന്‍ രാജ്യത്തെ ചില നിയമങ്ങളാണ് തടസം. ആ നിയമങ്ങളാണ് സെപ്റ്റംബറില്‍ ചേര്‍ന്ന പാര്‍ലമെന്റിന്റെ അവസാനത്തെ വര്‍ഷകാല സമ്മേളനത്തില്‍ സര്‍ക്കാര്‍ ഇല്ലാതാക്കിയത്. രാജ്യത്തെ കാര്‍ഷിക വിപണന സംവിധാനത്തിന്റെ നട്ടെല്ലായ കാര്‍ഷികോല്‍പന്ന കമ്പോള സമിതി (എ.പി.എം.സി ആക്ട്) നിയമത്തിന്റെ വ്യവസ്ഥകള്‍ ഭേദഗതി ചെയ്ത് ഫാര്‍മേര്‍സ് പ്രൊഡ്യൂസ് ട്രേഡ് ആന്‍ഡ് കൊമേഴ്‌സ് (പ്രൊമോഷന്‍ ആന്‍ഡ് ഫസിലിറ്റേഷന്‍) ആക്ട് 2020, ഫാര്‍മേര്‍സ് (എംപവര്‍മെന്റ് ആന്‍ഡ് പ്രൊട്ടക്ഷന്‍) എഗ്രീമെന്റ് ഓഫ് പ്രൈസ് അഷ്വറന്‍സ് ആന്‍ഡ് ഫാം സര്‍വിസസ് ആക്ട് 2020, എസ്സന്‍ഷ്യല്‍ കമ്മോഡിറ്റീസ് (ഭേദഗതി) ആക്ട് 2020 എന്നിവ സര്‍ക്കാര്‍ പാസാക്കുകയായിരുന്നു.
എന്താണ് കാര്‍ഷികോല്‍പന്ന കമ്പോള സമിതി രീതിയെന്ന് കാണുക. ഒരു കര്‍ഷകന്‍ കാര്‍ഷികോല്‍പന്നങ്ങളുമായി വില്‍ക്കാനെത്തുമ്പോള്‍ അതിന്റെ വില നിശ്ചയിക്കുന്നത് കാര്‍ഷികോല്‍പന്ന കമ്പോള സമിതിയാണ്. അവിടെ ആദ്യഘട്ടമായി ഒരു ലേലം നടക്കും. അതോടൊപ്പം തന്നെ താങ്ങുവിലയും ഉറപ്പാക്കും. ഈ ലേലത്തില്‍ കര്‍ഷകന് മതിയായ വില കിട്ടുന്നില്ലെന്ന് തോന്നിയാല്‍ അത് വാങ്ങാന്‍ സര്‍ക്കാര്‍ സംവിധാനമുണ്ട്. അവര്‍ എടുക്കുമ്പോള്‍ വിലയെത്ര കുറഞ്ഞാലും താങ്ങുവിലയില്‍ താഴില്ല. പുതിയ നിയമത്തില്‍ താങ്ങുവിലയില്ല.
എ.പി.എം.സി ചട്ടം പ്രകാരം കാര്‍ഷികോല്‍പന്ന കമ്പോള സമിതിയുടെ നേതൃത്വത്തിലുള്ള പ്രധാന കമ്പോളത്തിന്റെയോ ഉപകമ്പോളത്തിന്റെയോ പരിധിക്കുള്ളിലുള്ള പരിസരങ്ങള്‍, അങ്കണങ്ങള്‍, കെട്ടിടങ്ങള്‍ എന്നിവയാണ് വില്‍പന സ്ഥലം. ലളിതമായി ഇതിനെ ചന്തകള്‍ എന്ന് വിളിക്കാം. ഓരോ മേഖലയിലെയും കാര്‍ഷിക ഉല്‍പന്നങ്ങള്‍ അതത് പ്രാദേശിക ചന്തകളില്‍ നിന്ന് പ്രദേശത്തെ വില നിലവാരം അനുസരിച്ച് വില്‍ക്കുകയാണ് നിലവിലുള്ള രീതി. ഇത് കര്‍ഷകന് ന്യായമായ വില ഉറപ്പാക്കും. ദൂരെയുള്ള ചന്തകളിലേക്ക് ഉല്‍പന്നങ്ങളുമായി പോകേണ്ടതില്ല. കോര്‍പറേറ്റുകള്‍ക്കായി കൊണ്ടുവന്ന പുതിയ നിയമ പ്രകാരം എവിടെയാണോ കാര്‍ഷികോല്‍പന്നങ്ങള്‍ വില്‍ക്കാന്‍ കഴിയുന്നത് അവിടെയൊക്കെ കമ്പോളത്തിന്റെ നിര്‍വചനത്തില്‍പ്പെടും. കമ്പോളപരിധിക്ക് പുറത്ത് വില്‍പനസ്ഥലം അനുവദിക്കുന്നത് വന്‍കിട കോര്‍പറേറ്റുകള്‍ക്ക് റീട്ടെയില്‍ ശൃംഖല തുടങ്ങാന്‍ മാത്രമാണ് സഹായിക്കുക. എ.പി.എം.സി നേതൃത്വത്തില്‍ നിലവിലുള്ള ചന്തകള്‍ 200 മുതല്‍ 300 വരെ ഗ്രാമങ്ങളെയാണ് ഉള്‍ക്കൊള്ളുന്നത്. എന്നാല്‍ പുതിയ നിയമ പ്രകാരം കമ്പോളത്തിന്റെ പരിധി പരിമിതമാണ്. നിരവധി ഗ്രാമങ്ങള്‍ വിപണനസംവിധാനത്തില്‍ നിന്ന് പുറത്താകും. എ.പി.എം.സിയില്‍ നിന്ന് ലൈസന്‍സ് വാങ്ങുന്നവരായിരുന്നു ഇതുവരെ വ്യാപാരികളുടെ നിര്‍വചനത്തില്‍ ഉള്‍പ്പെടുന്നത്. പുതിയ നിയമ പ്രകാരം ഉല്‍പാദകര്‍, കയറ്റുമതിക്കാര്‍, മൊത്തവ്യാപാരികള്‍, മില്ല് ഉടമകള്‍, ചെറുകിട വ്യാപാരികള്‍ എന്നിവരെല്ലാം വ്യാപാരി എന്ന നിര്‍വചനത്തില്‍ ഉള്‍പ്പെടും. കമ്പോളത്തിലെ വില നിശ്ചയിക്കുന്നത് കോര്‍പറേറ്റുകളാവും.
കോര്‍പറേറ്റുകള്‍ ഉല്‍പന്നങ്ങള്‍ വാങ്ങുമ്പോള്‍ വന്‍തോതിലാണ് വാങ്ങിക്കൂട്ടുക. ഇത് സൂക്ഷിച്ചുവയ്ക്കാനും സീസണുകള്‍ക്കനുസരിച്ച് ഉയര്‍ന്ന വിലക്ക് വില്‍ക്കാനും അവര്‍ക്ക് നിലവിലുള്ള നിയമങ്ങള്‍ തടസമാണ്. നിലവില്‍ നിശ്ചിത അളവില്‍ കൂടുതല്‍ ഭക്ഷ്യവസ്തുക്കള്‍ വാങ്ങി സൂക്ഷിച്ചാല്‍ അത് പൂഴ്ത്തിവയ്പ്പിന്റെ പരിധിയില്‍ വരും. അതിനായി സര്‍ക്കാര്‍ അവശ്യവസ്തു നിയമം ഭേദഗതി ചെയ്തു നല്‍കി. അവശ്യവസ്തു നിയമഭേദഗതിയോടെ ഭക്ഷ്യധാന്യങ്ങള്‍, പയറുവര്‍ഗങ്ങള്‍, എണ്ണക്കുരുക്കള്‍, ഭക്ഷ്യ എണ്ണ, ഉരുളക്കിഴങ്ങ്, ഉള്ളി എന്നിവയെ അവശ്യവസ്തുക്കളുടെ പട്ടികയില്‍ നിന്ന് ഒഴിവായി. ഈ കാര്‍ഷികോല്‍പന്നങ്ങള്‍ പരിധികളില്ലാതെ സംഭരിച്ചു സൂക്ഷിച്ചുവയ്ക്കുന്നതിനാണ് നിയമത്തില്‍ മാറ്റം വരുത്തിയത്. അതോടെ പൂഴ്ത്തിവയ്ക്കാന്‍ പേടിക്കേണ്ടതില്ല. കോര്‍പറേറ്റുകള്‍ക്ക് ഇതിലൂടെ വിലക്കയറ്റമുണ്ടാക്കാനും വിതരണശൃംഖലയും വിപണിയും നിയന്ത്രിക്കാനും കഴിയും. അവശ്യവസ്തുക്കള്‍ സ്വകാര്യവ്യക്തികള്‍ പരിധിയില്‍ കൂടുതല്‍ സംഭരിക്കുന്നതും വിതരണം ചെയ്യുന്നതും നിയന്ത്രിക്കാനായി 1955ലാണ് അവശ്യവസ്തുനിയമം പ്രാബല്യത്തില്‍ വരുത്തിയത്. ഇതാണ് ഭേദഗതി ചെയ്തത്.
ഇത്രയൊക്കെയായാലും കോര്‍പറേറ്റുകള്‍ക്ക് നേരിട്ട് കൃഷിയിറക്കാന്‍ പറ്റില്ല. അതിന് ഭൂമിയും പണിയറിയുന്ന കര്‍ഷകരും വേണം. അവിടെയാണ് സര്‍ക്കാര്‍ കരാര്‍ കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയത്. സ്വന്തം ഭൂമിയില്‍ കോര്‍പറേറ്റുകള്‍ നിശ്ചയിക്കുന്ന വിളകള്‍ അവര്‍ നിശ്ചയിക്കുന്ന വിലക്ക് കര്‍ഷകര്‍ കൃഷി ചെയ്തു നല്‍കുന്നതാണ് കരാര്‍ കൃഷി സംവിധാനം. വിളവിറക്കും മുമ്പ് തന്നെ വിളകളുടെ വില നിശ്ചയിക്കുന്ന സംവിധാനമാണത്. ഇവിടെ കര്‍ഷകന് ഉല്‍പാദന ഘട്ടത്തില്‍ കൂടുതല്‍ ചെലവ് വന്നാലും അതിന് അനുസരിച്ച് വില കൂട്ടാന്‍ അധികാരമില്ല. കരാര്‍ കൃഷിയിലേര്‍പ്പെട്ടവര്‍ക്ക് പിന്നീടെന്ത് സംഭവിച്ചുവെന്ന് സമരക്കാര്‍ക്കൊപ്പമുള്ള പഞ്ചാബിലെ ഫത്തഹ്ഗഡ് സാഹിബില്‍ നിന്നുള്ള കര്‍ഷകന്‍ തന്നെ പറഞ്ഞു തരും. മള്‍ട്ടി നാഷണല്‍ ചിപ്‌സ് കമ്പനിയായ ലേയ്‌സിനു വേണ്ടി കരാര്‍ കൃഷി പ്രകാരം ഉരുളക്കിഴങ്ങ് കൃഷി ചെയ്തു നല്‍കി. കിലോക്ക് 10 രൂപ നിരക്കില്‍ വില നല്‍കാമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം വിളവെടുത്തപ്പോള്‍ കമ്പനി നല്‍കിയത് കിലോക്ക് നാലു രൂപ മാത്രം. അല്‍പം കൂടി കഴിഞ്ഞപ്പോള്‍ വിപണിയില്‍ ഉരുളക്കിഴങ്ങ് വില താഴ്ന്നു. അപ്പോള്‍ അതിലും കുറഞ്ഞ വിലക്ക് കമ്പനി പുറത്തുനിന്ന് ഉരുളക്കിഴങ്ങുകള്‍ എടുക്കാന്‍ തുടങ്ങി. താന്‍ കൃഷി ചെയ്തത് വെറുതെയായെന്ന് അദ്ദേഹം പറഞ്ഞു.
ഫുള്‍ ക്രീം പാല് കിലോ 55 രൂപക്കാണ് കമ്പനികള്‍ വില്‍ക്കുന്നത്. കര്‍ഷകനില്‍ നിന്ന് വാങ്ങുന്നത് തുച്ഛവിലക്കാണ്. പ്രോസസിങ്ങിനു വേണ്ട ചെലവ് കണക്കിലെടുത്താല്‍ പോലും കമ്പനികള്‍ കൊള്ളലാഭം കൊയ്യുന്നു. 2015 - 16ലെ അഗ്രിക്കള്‍ച്ചര്‍ സെന്‍സസ് പ്രകാരം പഞ്ചാബിലെ 33.1 ശതമാനം കര്‍ഷകരും ഒരു ഹെക്ടറിനും രണ്ടു ഹെക്ടറിനും താഴെ ഭൂമിയുള്ള ചെറുകിട കര്‍ഷകരാണ്. 33.6 ശതമാനം രണ്ട് ഹെക്ടറിനും നാല് ഹെക്ടറിനും ഭൂമിയുള്ള ഇടത്തരക്കാരാണ്. അതായത് കൃഷിയിലെ ചെറിയൊരു നഷ്ടം പോലും ഇവരെ കടക്കാരാക്കും. ഒരു ഹെക്ടറെന്നാല്‍ ഏകദേശം രണ്ടര ഏക്കറാണ്. അരി ക്വിന്റലിന് രണ്ടായിരം രൂപയില്‍ കുറവാണ് താങ്ങുവില. അത് മാര്‍ക്കറ്റ് ലെവി കൂടി പിടിക്കുമ്പോള്‍ പിന്നെയും കുറയും. അതുകൊണ്ട് തന്നെ താങ്ങുവില കൊണ്ട് കര്‍ഷകന് ലാഭമൊന്നും കിട്ടില്ല. നടുവൊടിയാതെ നോക്കാമെന്ന് മാത്രം. അതുപോലും ഇല്ലാതാകുന്നത് സങ്കല്‍പ്പിച്ചു നോക്കൂ.
ഇങ്ങനെയൊക്കെയാണെങ്കിലും എ.പി.എം.സിയുടെ കീഴിലുള്ള മാര്‍ക്കറ്റ് സംവിധാനം ഏറ്റവും ശക്തമായ സ്ഥലമാണ് പഞ്ചാബ്. ബിഹാറിന്റെ കാര്‍ഷിക വിപണിയില്‍ വന്ന തകര്‍ച്ച ഉദാഹരണമായെടുക്കാം. ഇപ്പോഴത്തെ കാര്‍ഷിക നിയമങ്ങള്‍ക്ക് തുല്യമായ നിയമങ്ങള്‍ നേരത്തെ നിലവില്‍ വന്ന സ്ഥലമാണ് ബിഹാര്‍. എന്നാല്‍ ഉല്‍പന്നങ്ങള്‍ക്ക് കര്‍ഷകന് പഞ്ചാബില്‍ കിട്ടുന്നതിന്റെ പകുതി വിലയേ ബിഹാറില്‍ കിട്ടുകയുള്ളൂ. താങ്ങുവില പോലും ഉറപ്പാക്കാന്‍ കഴിയാറില്ല. ഉത്തര്‍പ്രദേശില്‍ കൃഷി ചെയ്യുന്ന ഗോതമ്പും അരിയും മാന്യമായ വില കിട്ടാന്‍ പഞ്ചാബില്‍ കൊണ്ടുപോയി വില്‍ക്കുന്നതും ഉത്തരേന്ത്യയിലെ വിളവെടുപ്പ് കാലങ്ങളിലെ കാഴ്ചയാണ്. ജീവിത നിലവാരമുള്ള പഞ്ചാബിനെ പുതിയ നിയമങ്ങള്‍ മറ്റൊരു ബിഹാറാക്കുമെന്ന് ആദ്യം തിരിച്ചറിഞ്ഞവരാണ് പഞ്ചാബി കര്‍ഷകര്‍. അതുകൊണ്ടാണ് ലക്ഷക്കണക്കിന് മനുഷ്യര്‍ ഡല്‍ഹിയിലെ തണുപ്പിലും മാലിന്യത്തിലും തളരാതെ സമരം ചെയ്യുന്നത്.
(തുടരും)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."